28 March Thursday

വ്യാപാരികളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022
അടിമാലി
വ്യാപാരികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികൾ പിടിയില്‍. പാറത്തോട് തട്ടിൽ സോബിൻ ബിജു(21), ആശംസ് ബിജു(21), കൊന്നത്തടി മരോട്ടിക്കൽ ജിഷ്ണു ബിജു(19), കൊന്നത്തടി കൂവപ്ലാക്കൽ അമൽ ജോസ്(21) എന്നിവരെയാണ് അടിമാലി പൊലീസ് പിടികൂടിയത്. വ്യാഴം വൈകിട്ട് ആറോടെ കല്ലാറുകുട്ടിയിലും അടിമാലി ടൗണിലുമാണ് സംഭവം. രണ്ടുമണിക്കൂര്‍ നീണ്ട വ്യാപക ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. മൂന്നുപേർക്ക് ഗുരുതരമായി പരുക്കുമേറ്റു. ഒരാളുടെ പിൻഭാഗത്ത് കുത്തിയ കത്തി താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്‌. 
 കല്ലാർകുട്ടി ടൗണിലെ വ്യാപാരികളായ വടക്കേക്കര ഷംനാദ്(34), മുതിരപ്പുഴ ചക്യാനി കുന്നേൽ അഭിജിത്ത്(22), അടിമാലി പൊലീസ് സ്റ്റേഷന് എതിർവശം  ബേക്കറി നടത്തുന്ന കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശികളും സഹോദരങ്ങളുമായ സക്കീർ ഹുസൈൻ(34) മുഹമ്മദാലി,  ജോലിക്കാരനായ സൂര്യ(22) എന്നിവർക്കാണ് പരിക്കേറ്റത്. അഭിജിത്തിനും മുഹമ്മദാലിക്കുമാണ് കുത്തേറ്റത്. 
കല്ലാർകുട്ടിയിലെത്തിയ സംഘം കടയിലെത്തി ബഹളമുണ്ടാക്കി. ചോദ്യം ചെയ്ത ഷംനാദിനെ ആക്രമിച്ചു. പ്രശ്ന പരിഹാരത്തിന് ശ്രമിച്ച അഭിജിത്തിനെ കുത്തി. തുടർന്ന് അടിമാലിയിലെത്തിയ സംഘം ബേക്കറിയിലെത്തി സമാന രീതിയിൽ ബഹളമുണ്ടാക്കി മുഹമ്മദാലിയെ കുത്തുകയുമായിരുന്നു. അഞ്ച് സെന്റീമീറ്ററോളം നീളത്തിലും ആഴത്തിലുമുള്ള മുറിവിൽ കത്തികുടുങ്ങി. അടിമാലി താലൂക്കാശുപത്രിയില്‍ ശസ്‍ത്രക്രിയ നടത്തി. മറ്റ് മൂന്ന് പേർക്കും തലയിൽ ആഴത്തിൽ മുറിവേറ്റു. 
വെള്ളി പകൽ ഇതേസംഘം മുക്കുടം അഞ്ചാംമൈലിൽ ബഹളം ഉണ്ടാക്കി. പൊലീസെത്തി പറഞ്ഞുവിട്ടിരുന്നു. വ്യാഴാഴ്‍ചത്തെ സംഭവം അടിമാലി സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ പൊലീസിന് ഇവരെ മനസിലായില്ല. അടിമാലി പൊലീസ് എസ്എച്ചഒ ക്ലീറ്റസ് കെ ജോസഫ്, പ്രിൻസിപ്പൽ എസ്ഐ കെ എം സന്തോഷ്, ജൂനിയർ എസ്ഐ പ്രഷോബ്, സിവിൽ പൊലീസ് ഓഫീസർമാരായ പി എൽ ഷാജി, ലാൽ ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top