25 April Thursday
കുതിച്ചുപാഞ്ഞ്‌ പെരിയാർ

ദൃശ്യവിരുന്ന് കാണാനെത്തിയത്‌ വന്‍ജനാവലി

സ്വന്തം ലേഖകൻUpdated: Wednesday Oct 20, 2021

ചെറുതോണി അണക്കെട്ട് തുറക്കുന്നത് കാണാനെത്തിയവരെ ബാരിക്കേഡിനുള്ളിൽ പൊലീസ് സുരക്ഷിതമാക്കിയപ്പോൾ

ചെറുതോണി
നാലാം വട്ടവും ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ ദൃശ്യവിസ്മയം കാണാൻ ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ. മലമേലാപ്പിലെ ജലക്കോട്ടയിൽനിന്ന്‌ പാൽനുരപോലെ വെള്ളം ചിന്നിച്ചിതറി. സമുദ്രനിരപ്പിൽനിന്ന്‌ 2400 അടി ഉയരത്തിൽനിന്നും പതഞ്ഞുപൊന്തി താഴ്‌വാരത്തേക്ക് ആഴ്ന്നിറങ്ങിയ ജലസൗന്ദര്യം നുകരാൻ വിവിധ പ്രദേശങ്ങളിൽനിന്ന്‌ സ്‌ത്രീകളടക്കം നൂറുകണക്കിനാളുകളാണ്‌ എത്തിയത്. 
    ചൊവ്വ അവധി ദിവസമായിരുന്നതും മഴയില്ലാത്തതും വൻതോതിൽ ആളുകൾ വരാൻ കാരണമായി. ഇടുക്കി മെഡിക്കൽ കോളേജിനോട് ചേർന്ന് ചെറുതോണി അണക്കെട്ടിന്റെ 200 മീറ്റർ അകലത്തിലാണ് മാധ്യമപ്രവർത്തകർക്കും പൊലീസിനുമൊപ്പം ജനങ്ങളും അണിചേർന്നത്. പകൽ 10.50ന് ആദ്യ സൈറൺ മുഴങ്ങിയപ്പോഴെ ആവേശമായി ആളുകൾ മുന്നോട്ടുനീങ്ങി. മൂന്നാം സൈറൺ മുഴങ്ങിയതോടെ ആവേശം അണപൊട്ടി ഒഴുകി. സെൽഫി എടുക്കാനും വെള്ളച്ചാട്ടം മൊബൈലിൽ പകർത്താനും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകൾ മുൻനിരയിലേക്ക് നീങ്ങി. കൃത്യം 11ന് തുള്ളിച്ചാടി വരുന്ന ജലസമൃദ്ധിയെ കൺനിറയെ കണ്ടാണ് എല്ലാവരും മടങ്ങിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top