24 April Wednesday

വണ്ടിപ്പെരിയാർ കൊലപാതകം: 
കുറ്റപത്രം ഇന്ന് നൽകും

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കുമളി
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റില്‍ പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ തിങ്കളാഴ്ച കുറ്റപത്രം നൽകും. പകൽ 11ന് തൊടുപുഴ ജില്ലാ സെഷൻസ്(പോക്‌സോ) കോടതി മജിസ്ട്രേറ്റിനാണ്‌ കുറ്റപത്രം സമർപ്പിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിന് 15 ദിവസം മുമ്പേ ജോലികൾ പൂർത്തീകരിച്ചാണ്‌ കോടതിയിൽ കുറ്റപത്രം നൽകുന്നത്.
 ജൂണ്‍ 30-നാണ് ആറു വയസ്സുകാരിയെ വീടിനുള്ളിൽ കയറിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക നിരീക്ഷണത്തിൽതന്നെ കൊലപാതകമാണെന്ന് സംശയിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തെ തുടർന്ന് ജൂലൈ നാലിന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽവാസി കൂടിയായ പ്രതി അർജുനെ(22) അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടി മരിച്ചെന്ന് കരുതി പ്രതി    കെട്ടിത്തൂക്കുകയായിരുന്നു. 
  ദിവസവും അർജുൻ ബാലികയ്‌ക്ക് നൂറു രൂപയ്‌ക്കുവരെ മിഠായിയും മധുരപലഹാരവും വാങ്ങി നൽകിയിരുന്നു. മൂന്നു വര്‍ഷമായി ഇയാൾ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. ബാലികയുടെ മൃതദേഹത്തില്‍നിന്ന്‌ അര്‍ജുന്റെ മുടി ലഭിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാൻ ഡമ്മി ഉപയോഗിച്ച് കൃത്യം വീണ്ടും ചിത്രീകരിച്ചു. സംഭവദിവസം പ്രതിക്കൊപ്പം ഉണ്ടായിരുന്നവര്‍, എസ്റ്റേറ്റ് ലയത്തിലെ താമസക്കാര്‍, മിഠായി പതിവായി വാങ്ങിയിരുന്ന കടയുടെ നടത്തിപ്പുകാർ എന്നിങ്ങനെ 62 സാക്ഷികളിൽനിന്ന്‌ പൊലീസ് തെളിവ് ശേഖരിച്ചു. അന്വേഷണവും തെളിവുശേഖരണവും പൂര്‍ത്തിയായതോടെ മറ്റ്‌ നടപടിക്രമങ്ങൾക്ക് ശേഷമാണ് ഇരുന്നൂറ്റമ്പതോളം പേജ് വരുന്ന കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകാൻ ഉതകുന്ന കുറ്റപത്രമാണ് പോക്സോ കോടതിക്ക് കൈമാറുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ടി ഡി സുനില്‍കുമാര്‍ പറഞ്ഞു. പ്രതി അര്‍ജുന്‍ തൊടുപുഴ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. 40 ദിവസം കൊണ്ടുതന്നെ പൊലീസ്‌ അന്വേഷണം പൂർത്തിയാക്കിയിരുന്നു. 
      മൊബൈൽ ഫോൺ, പ്രതിയുടെ വസ്ത്രം ഉൾപ്പെടെയുള്ളവയുടെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ ഒരു മാസംകൂടി വേണ്ടിവന്നു. പ്രതിയെ അറസ്റ്റ് ചെയ്തതുമുതൽ മൂന്നു മാസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം നൽകണം. അതുപ്രകാരം ഒക്ടോബർ നാലിന് നൽകേണ്ട കുറ്റപത്രമാണ് 20ന് കോടതിയിൽ സമർപ്പിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. പീരുമേട് ഡിവൈഎസ്‌പി സി ജി സനിൽകുമാർ, വണ്ടിപ്പെരിയാർ സിഐ ടി ഡി സുനിൽകുമാർ, വണ്ടിപ്പെരിയാർ എസ്‌ഐ കെ യു ജമാലുദ്ദീൻ, എഎസ്ഐ സുനിൽ കുമാർ, മുഹമ്മദ് ഷാ, ഷിജു എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top