19 April Friday

വായനയുടെ മഹാകലവറ ഒരുക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
തൊടുപുഴ
മനസ്സിന് പുത്തനുണർവും ഉന്മേഷവും അറിവും ചൊരിയുന്ന പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ നിറഞ്ഞ മഹാസമ്പാദ്യത്തിന്റെ ഉടമയാണ് തൊടുപുഴ മണക്കാട് സ്വദേശി എൻ വിജയൻ എന്ന എഴുപത്തിയാറുകാരൻ. വായനയുടെ മഹാകലവറ സ്വന്തം വീട്ടിലൊരുക്കി വായനപ്രേമികളെ സ്വാഗതം ചെയ്യുകയാണ് ഈ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ. 
ചുവന്ന ചായംപൂശിയ ചുവരുകൾ, പ്രാചീന ഗ്രന്ഥശാലകളെ അനുസ്‌മരിപ്പിക്കുന്ന പശ്ചാത്തലമാണ് ഇദ്ദേഹം വീടിന് നൽകിയിരിക്കുന്നത്. ജീവിതത്തിൽ നേടിയ സമ്പാദ്യമെന്ത് എന്ന ചോദ്യത്തിന് വിജയൻ വിരൽചൂണ്ടുന്നത് പുസ്തക ശേഖരത്തിലേക്കും അവ പകർന്ന അടിസ്ഥാന അറിവിലേക്കുമാണ്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ വിജയൻ പുസ്തക വായനയിലൂടെ ലോകത്തിന്റെ ചരിത്രത്തെപ്പറ്റിയും ശാസ്ത്രീയ വിഷയങ്ങളെ സംബന്ധിപ്പിച്ചും ആഴത്തിലുള്ള അറിവ് നേടിയിട്ടുണ്ട്‌. 
ബ്രിട്ടീഷ് പ്രാചീന കാലഘത്തിൽ പുറത്തിറങ്ങിയ കൃതികൾ മുതൽ ആധുനിക എഴുത്തുകാരുടെ കൃതികൾ വരെ പുസ്തക ശേഖരത്തിലുണ്ട്. ഗവേഷണവും പഠനവും നടത്തുന്ന വിദ്യാർഥികളുടെ ആശാകേന്ദ്രമാണ് ഇവിടം. കാലടി, എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥികളുടെ സംശയനിവാരണത്തിനുള്ള ഇടം കൂടിയായി ഈ ഗ്രന്ഥശാല. അധ്യാപകനായ അച്ഛൻ കൈയിൽ ചേർത്ത പുസ്തകങ്ങളാണ് വിജയന്റെ ശേഖരത്തിലേക്ക് ആദ്യമെത്തിയത്. ആറാം വയസ്സിൽ ആരംഭിച്ചതാണ്‌ പുസ്‌തകശേഖരണം. 1952ലെ ഒന്നാം ക്ലാസിലെ മലയാള പുസ്തകവും കടുക്ക മഷി ഉപയോഗിച്ച് എഴുതിയ ഗ്രന്ഥവും മലയാള ലിപി ആദ്യമായി അച്ചടിച്ച്‌ ഇറങ്ങിയ ശ്ലോകങ്ങളാൽ സമ്പന്നമായ കൃതികളും ഇദ്ദേഹത്തിന്റെ ശേഖരങ്ങളിലെ കൗതുകക്കാഴ്ചകളാണ്. വായനയിലൂടെ തുറന്നുകിട്ടുന്ന ലോകത്തിന്റെ കാഴ്ചകളെ അടുത്തറിയാൻ 25 വിദേശയാത്രകളും ഏഴ്‌ ഹിമാലയൻ യാത്രയും വിജയൻ നടത്തിയിട്ടുണ്ട്. ഭാര്യ ഇ എസ് ഓമനയും എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്. അധ്യാപികയായ ആൾഫയും ഡോക്ടറായ വോൾഗയുമാണ് മക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top