20 April Saturday
കൂടുതൽ ചുവപ്പണിഞ്ഞ്‌ ജില്ല

‘പടവലം’ പോലെ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
ചെറുതോണി
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ജില്ലയിൽ കോൺഗ്രസിന്റെ തകർച്ച പൂർണ്ണമായി. സിപിഐ എമ്മിന്റെ ഉജ്ജ്വലമുന്നേറ്റത്തിനാണ്‌ ജില്ല സാക്ഷ്യംവഹിച്ചത്‌. മലനാടാകെ സംസ്ഥാനത്തെ ജനപക്ഷഭരണത്തോട്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ്‌. ഇതിന്റെ നേർക്കാഴ്‌ചയാണ്‌ തദ്ദേശഭരണതെരഞ്ഞെടുപ്പുഫലം. 
ജില്ലയിലെ ജനങ്ങൾ നേരു തിരിച്ചറിഞ്ഞ്‌ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ഇടം സമ്മാനിക്കുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയത്തെ തുറന്നുകാണിച്ചുമാണ്  ഇടതുമുന്നേറ്റം.  തദ്ദേശസ്വയംഭരണ  ഉപതെരഞ്ഞെടുപ്പിൽ  രണ്ടുസീറ്റുകളാണ്‌ സ്വന്തമാക്കിയത്‌.  ഉടുമ്പന്നൂരിലേത്‌ മിന്നുന്ന വിജയമായി. വാർഡ് രൂപീകരിച്ചശേഷം 32 വർഷം കോൺഗ്രസ്‌ കൈപ്പിടിയിലൊതുക്കിയ വാർഡാണ് സിപിഐ എം പിടിച്ചെടുത്തത്.  കഴിഞ്ഞതവണ 79 വോട്ടിന് യുഡിഎഫ്‌ വിജയിച്ച വാർഡ്‌ 231 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ നേടിയത്‌. തോൽവി കോൺഗ്രസിന്‌ മുഖത്തേറ്റ അടിയായി.  കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ പൗലോസും അച്ഛനും വിജയിച്ചിട്ടുള്ള വാർഡിലാണ് സിപിഐഎമ്മിന്റെ തേരോട്ടം. അയ്യപ്പൻകോവിലിലും എൽഡിഎഫ്‌ മികച്ച ഭൂരിപക്ഷം  നേടി. ഇടമലക്കുടിയിൽ  കോൺഗ്രസ്‌  മൂന്നാംസ്ഥാനത്തുമായി. 
‘കൈ’ കാണാനില്ല
കാലങ്ങളായി യുഡിഎഫ്‌ ഭരിക്കുന്ന  ഇടുക്കി ബ്ലോക്ക് പഞ്ചായത്തും ഇപ്പോൾ എൽഡിഎഫാണ്‌ ഭരിക്കുന്നത്‌. പ്രസിഡന്റ് രാജി ചന്ദ്രൻ കോൺഗ്രസിൽ നിന്നും   രാജി വച്ച് സിപിഐഎമ്മിനൊപ്പം ചേർന്നത്‌ യുഡിഎഫിന്‌ തിരിച്ചടിയായി.  കുടയത്തൂരിലും വാത്തിക്കുടിയിലും  ഭരണം  തിരിച്ചുപിടിച്ച്  എൽഡിഎഫ്‌ ശക്തി വർധിപ്പിച്ചു.  
ത്രിതലപഞ്ചായത്തുകിൽ സിപിഐ എം ശക്തമായ ഇടപെടുകയാണ്‌. എൽഡിഎഫ്‌ ഭരിക്കുന്ന ജില്ല, ബ്ലോക്ക്,  ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി നിർവഹണത്തിലും പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിലും കാര്യക്ഷമമായ ഇടപെടലുണ്ട്‌.  
ജില്ലയിലെ  കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ  എസ്എഫ്ഐ എതിരില്ലാത്ത ശക്തിയായി.  35 കോളേജുകളിൽ 32 എണ്ണത്തിലും വിജയകിരീടം ചൂടി. എൻജിനിയറിങ്‌ കോളേജുകളിലും ഐടിഐകളിലും വിജയം ആവർത്തിച്ചു.
തോൽക്കാതിരിക്കാൻ
ക്രമക്കേടും
 ക്രമക്കേടിലൂടെയെങ്കിലും വിജയം നുണയാനാവുമോ എന്നായിരുന്നു കോൺഗ്രസിന്റെ അന്വേഷണം. തെരഞ്ഞെടുപ്പിൽ ക്രമക്കേടിനു ശ്രമിച്ച നേതാവ്‌ ഇപ്പോൾ അഴിയെണ്ണുകയാണ്‌. തൊടുപുഴ കാർഷിക വികസനബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റ്‌ സി പി മാത്യുവിന്റേയും  റോയി കെ പൗലോസിന്റേയും നേതൃത്വത്തിലായിരുന്നു ക്രമക്കേടിന്‌ കളമൊരുക്കിയത്‌.  വ്യാജതിരിച്ചറിയൽ കാർഡുകളിലൂടെ വോട്ട്‌ തട്ടുകയായിരുന്നു ലക്ഷ്യം. എന്നാൽ, കോൺഗ്രസ്‌ നേതാക്കളെ പൊക്കി. നഗരസഭാ മുൻ ചെയർപേഴ്സൺ ഷീജ ജയന്റെ വീട്ടിലെ വ്യാജകാർഡ്‌ നിർമാണകേന്ദ്രത്തിൽ നിന്നും ഭർത്താവ് ജയൻ ഉൾപ്പെടെയുള്ളവരാണ്‌ അറസ്റ്റിലായത്‌. ഇതോടെ കോൺഗ്രസ്‌നേതാക്കൾ തലയിൽ മുണ്ടിട്ട്‌ നടക്കേണ്ട ഗതികേടിലുമായി.
പിണറായി വിജയൻ സർക്കാരിന്റെ കീഴിൽ ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്റെയും മൂന്ന് എംഎൽഎ മാരുടെയും നേതൃത്വത്തിൽ  സമാനതകളില്ലാത്ത വികസനമാണ് ജില്ലയിൽ നടക്കുന്നത്.  ഇതെല്ലാം ഉൾക്കൊണ്ടാണ്‌ കാൽലക്ഷത്തിലേറെ പേർ വിവിധ പാർട്ടികളിൽ നിന്നും രാജിവച്ച് ചെങ്കൊടിതണലിലേക്ക്‌ എത്തിയത്‌. 
സി പി വന്നു സീൻ 
കോൺട്രയായി
‘സി പി വന്നു സീൻ മാറും’ എന്നായിരുന്നു ഡിസിസി പ്രസിഡന്റായി സി പി മാത്യു ചുമതലയേറ്റപ്പോൾ ചിലർ പ്രചരിപ്പിച്ചത്.  എന്നാൽ പ്രസിഡന്റ് പദവി ഒരു വർഷമാകും മുൻപെ ‘സീൻ കോൺട്ര’യായി. കൈയിലുണ്ടായിരുന്ന പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫിന്‌ നഷ്ടപ്പെട്ടു.  കോളേജ്‌ യൂണിയനുകളിൽ നിന്നും കെഎസ് യു പുറത്തായി.  ധീരജിന്റെ കൊലപാതകത്തെ ന്യായീകരിച്ചതും സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയതുമെല്ലാം സി പി മാത്യുവിന്‌ തിരിച്ചടിയായി. ഗ്രൂപ്പ്  നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും തളളിപ്പറഞ്ഞും ഡിസിസി നേതൃത്വത്തെ ഒറ്റപ്പെടുത്തി.  കെ സുധാകരന്റേയും സി പി മാത്യുവിന്റേയും ശൈലി ഇടുക്കിക്ക് ഇണങ്ങുന്നതല്ലെന്ന്  മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ മുൻപേ ചൂണ്ടിക്കാണിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top