25 April Thursday
അവലോകന യോഗം ചേർന്നു

വീട്‌ നഷ്ടമായവരെ പുനരധിവസിപ്പിക്കും: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

സഹകരണമന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ മുണ്ടക്കയം ടിബിയിൽ ചേർന്ന യോഗം

മുണ്ടക്കയം
പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തടക്കം എല്ലാ ദുരിതബാധിത മേഖലകളിലും ദൈനംദിന ജീവിതം യാഥാർഥ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത ജനപ്രതിനിധി-,ഉദ്യോഗസ്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് റേഷൻ ലഭ്യത ഉറപ്പു വരുത്തും. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ് എന്നിവ നഷ്ടപ്പെട്ടവർക്ക് അവ എത്രയും വേഗത്തിൽ ലഭ്യമാക്കും.  രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയത് നൽകാൻ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. റവന്യു അധികൃതർ സ്ഥലത്ത് പ്രകൃതിക്ഷോഭ നഷ്ടങ്ങൾ നേരിട്ട്‌ വിലയിരുത്തി രണ്ടുദിവസത്തിനുളളിൽ അധികൃതർക്ക് റിപ്പോർട്ട്‌ കൈമാറും. 
ഗ്യാസ്, പാത്രങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടവർക്ക് വാങ്ങി നൽകും. സന്നദ്ധ സേവനത്തിനായി പ്ലംബർമാർ, മേസ്തിരിമാർ, ഇലക്ട്രീഷ്യന്മാർ എന്നിങ്ങനെയുള്ള 50 വിദഗ്ധ തൊഴിലാളികളുടെ സംഘത്തെ കൂട്ടിക്കലിൽ വിന്യസിച്ചിട്ടുണ്ട്. വീടുകൾ ശുചീകരിക്കാൻ  സന്നദ്ധപ്രവർത്തകരുടെ സേവനവും ശുചീകരണ സാമഗ്രികളും ലഭ്യമാക്കും. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കാനും മന്ത്രി നിർദേശം നൽകി. 
വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവർ, വീടു മാത്രം നഷ്ടപ്പെട്ടവർ, ഭാഗികമായുള്ള നഷ്ടങ്ങൾ,  ജീവനോപാധികൾ നഷ്ടപ്പെട്ടവർ, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ എന്നിങ്ങനെ തരംതിരിച്ചുള്ള കണക്കെടുപ്പുകളാണ് നടത്തുക. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യാഗസ്ഥരെ കണക്കെടുപ്പുകൾക്കായി നിയോഗിക്കും. ക്യാമ്പുകളുടെ സുരക്ഷയ്ക്കായി പൊലിസിനെ നിയോഗിക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ ഡോക്ടർമാരുടെ സേവനമടക്കം ലഭ്യമാക്കാൻ നിർദേശിച്ചു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, വീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കളക്ടർ ഡോ.പി കെ ജയശ്രീ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, അംഗം പി കെ പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ഗിരിജ കെ കുമാരി, ജില്ലാ ആസൂത്രണ സമിതിയംഗം കെ രാജേഷ്, മുണ്ടക്കയം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ, സിപിഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി റജീനാ റഫീഖ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top