29 March Friday

ആധാരം എവിടെയും രജിസ്റ്റർ ചെയ്യാനുള്ള നിയമം പരിഗണനയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
തൊടുപുഴ
കേരളത്തിലെ പൗരന്മാർക്ക്‌ സംസ്ഥാനത്തെ ഏതൊരു സബ് രജിസ്ട്രാർ ഓഫീസിലും ആധാരം രജിസ്റ്റർചെയ്യാമെന്ന നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. ഇതേക്കുറിച്ചുള്ള പഠനം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസിനുവേണ്ടി കിഫ്ബിയുടെ ധനസഹായത്താൽ നിർമിച്ച പുതിയ മന്ദിരം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സേവനങ്ങൾ ഓൺലൈനാക്കിയതോടെ രജിസ്‌ട്രേഷൻ വകുപ്പിൽ അഴിമതി കുറഞ്ഞു. വരുമാന വർധനയുമുണ്ടായി. ഇ- സ്റ്റാമ്പിങ്, ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ ആധാരം എഴുത്തുകാരും വെണ്ടർമാരും ഉൾക്കൊണ്ടു. സ്‌പെഷ്യൽ മാര്യേജ് ആക്ട്‌ പ്രകാരമുള്ള വിവാഹങ്ങൾക്ക് മുമ്പായി അപേക്ഷകരുടെ വിവരങ്ങൾ രജിസ്ട്രാർ ഓഫീസിന്റെ ഭിത്തിയിൽ പതിക്കണമെന്നത് കേന്ദ്രനിയമമാണ്. ഇത് ഓൺലൈനാക്കിയപ്പോൾ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതോടെ അത് വേണ്ടെന്നുവയ്‌ക്കാൻ സർക്കാർ തയ്യാറായി. ക്ഷേമനിധിയിൽ ഉൾപ്പെട്ട 7,200 ആധാരം എഴുത്തുകാർക്ക് 2016 മുതൽ 2,000 രൂപ വീതം ഉത്സവബത്ത നൽകിയിട്ടുണ്ട്. കോവിഡ് 19 നെ തുടർന്ന് തൊഴിൽ ലഭിക്കാതെ സാമ്പത്തികമായി തകർന്ന ആറായിരത്തിലേറെ ആധാരം എഴുത്തുകാർക്ക് 3,000 രൂപ വീതം നൽകാനും സർക്കാരിന് കഴിഞ്ഞു.
 ചടങ്ങിൽ തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ സിസിലി ജോസ് അധ്യക്ഷയായി. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ എസ്‌ ദീപു റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ കെ ഗോപാലകൃഷ്ണൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ മുഹമ്മദ് ഫൈസൽ, പി പി ജോയി, കെ എസ് അജി, ആധാരമെഴുത്ത്‌ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൻ പി ഗോപിനാഥൻനായർ, ടി എസ് ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ആർ മധു സ്വാഗതവും ജില്ലാ രജിസ്ടാർ എം എൻ കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top