29 March Friday

ഇടുക്കിയിലേത് പ്രകൃതി സംരക്ഷിച്ചുള്ള വികസനം: മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
ചെറുതോണി
പ്രകൃതിസംരക്ഷണത്തോടു കൂടിയ വികസനമുന്നേറ്റമാണ് ജില്ലയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ. ചെറുതോണി ടൗണിൽ പൈനാവ്-–-താന്നിക്കണ്ടം– അശോകക്കവല റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പൂർണമായ വികസനത്തിനും പുരോഗതിക്കും ഉതകുന്നതാണ് ഗ്രാമീണ റോഡുകളുടെ നിർമാണം. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങളിലും വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. പിന്നോക്ക ജില്ലയായ ഇടുക്കിയിൽ പൊതുമരാമത്ത് വകുപ്പ് പ്രത്യേക പരിഗണന നൽകുന്നു.
യോഗത്തിൽ അധ്യക്ഷനായ റോഷി അഗസ്റ്റിൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നിർമാണം നടത്തുന്നത്. പൈനാവിൽ ആരംഭിച്ച് താന്നിക്കണ്ടം, മണിയാറൻകുടി, മുളകുവള്ളി എന്നിവിടങ്ങളിലൂടെ അശോകക്കവലയിൽ എത്തുന്ന 21 കിലോമീറ്റർ പാതയാണിത്. കെഎസ്ടിപി മുഖേന അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന റോഡിന് 86.82 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ലോകബാങ്കിന്റെ ധനസഹായത്തോടെ ഇപിസി മാതൃകയിലാണ് നിർമാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി എം സെലിൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സി വി വർഗീസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top