24 April Wednesday

കാഴ്‌ച്ചയുടെ പൂരമായി കാറ്റാടിപ്പാറയും കരിമലമേടും

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

കാറ്റാടിപ്പാറ

രാജാക്കാട് 
 പച്ചപ്പ് വിരിച്ച പുൽത്തകിടിക്കിടയിലൂടെ മലമുകളിലേയ്‌ക്കുള്ള  യാത്രയിൽ  രാമച്ചത്തിന്റെ  സുഗന്ധ കാറ്റേൽക്കാം , കൺനിറയെ കാണം.  സഞ്ചാരികളുടെ  പ്രിയകേന്ദ്രമായി  ഹൈറേഞ്ചിന്റെ  വ്യൂ പോയിന്റുകളായ  കാറ്റാടിപ്പാറയും കരിമലമേടും.  
കരിമല മേട്ടിൽനിന്നുള്ള ദൂരക്കാഴ്‌ച വിസ്‌മയവും ചേതോഹരവും.  ഓഫ് റോഡ് സവാരിക്കാർക്ക് മനോഹര അനുഭൂതിയും അനുഭവവും നൽകുന്നതാണ്‌ കൊന്നത്തടി പഞ്ചായത്തിലെ ഈ വിനോദ കേന്ദ്രങ്ങളിലേക്കുള്ള  യാത്ര.  രണ്ടര കിലോ മീറ്റർ വ്യത്യാസത്തിലാണ്‌ രണ്ട്‌ ടൂറിസം കേന്ദ്രങ്ങളുമുള്ളത്‌.  സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് കരിമലമേട്ടിലേയ്ക്കുള്ള ഏറെ ആസ്വാദ്യകരം. മലമുകളിൽ നിന്നാൽ എല്ലാ ദിക്കിലേയും പ്രകൃതി സൗന്ദര്യം  കണ്ടുമടങ്ങാം.  15 ൽപരം പഞ്ചായത്തുകളിലെ വിവിധ മേഖലകളെ പരിചയപ്പെടാം.  മൂന്നാർ മലനിരകളും പൊന്മുടി ഡാമും കുത്തുങ്കൽ വെള്ളച്ചാട്ടവും വാഗമൺ തേക്കടി ഇടുക്കി ഡാം ഉൾപ്പെടെയുള്ള  കാഴ്ചകളാണ് കരിമലയുടെ പ്രത്യേകത.  മൂന്നാർ–- തേക്കടി റൂട്ടിൽ മുനിയറയിൽ നിന്നും രണ്ടര കി. മീറ്റർ സഞ്ചരിച്ചാൽ  മലമുകളിലെത്താം.  ജില്ലയിൽ ക്ലൗഡ്‌ ബെഡ് ദൃശ്യമാകുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് കാറ്റാടിപ്പാറ. കാൽവരി മൗണ്ട്- –-മൂന്നാർ ടൂറിസം ഹൈവേയിൽ നിന്നും ഒന്നര കി. മീറ്റർ മാറി സ്ഥിതി ചെയ്യുന്ന കൊന്നത്തടി പഞ്ചായത്തിലെ ഉയർന്ന പ്രദേശമാണിത്‌.  ചിന്നാർ പുഴയും പെരിഞ്ചാംകുട്ടി മുളങ്കാടും ഇളംകാറ്റും  തീർക്കുന്ന ഹരിത  ദൃശ്യഭംഗിയും അനുഭൂതിയും  സഞ്ചാരികൾക്ക് ആനന്ദകരം. 
കരിമലകയറ്റം കഠിനം
ജീപ്പിൽ  സാഹസികമാകാം 
ചെണ്ടക്കപ്പയ്ക്കൊപ്പം നല്ല കാന്താരിമുളകിന്റെ  കൂട്ടും അധ്വാനികൾക്ക്‌ ഊർജം പകർന്ന ഒരു കാലമുണ്ട്‌ ഹൈറേഞ്ചിന്. മണ്ണിൽ പൊന്നുവിളയിക്കാൻ കർഷകൻ നെഞ്ചുവിരിച്ച് തലയുയർത്തി നിന്ന കാലത്ത്‌ ഹൈറേഞ്ചുകാരന്റെ ഉറ്റ ചങ്ങാതിയായ വാഹനമാണ്‌  ജീപ്പ്. മലനിരകളെയും ദുർഘട മാർഗത്തേയും മറികടന്ന്‌  ഒരു കല്ലിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി തലയെടുപ്പോടെയുള്ള   വരവ്‌  ഒരു കാഴ്ച തന്നെയാണ്. ഇതിനെ ഓർമിപ്പിക്കുന്നതാണ്‌  കാറ്റാടിപ്പാറ, -കരിമല കയറ്റ യാത്ര. നാട്ടുവഴികളുടെ സഹസികത അറിഞ്ഞ് ജീപ്പിലൊരു യാത്ര. കുത്തനെയുള്ള കയറ്റവും ഒരു വാഹനത്തിന് മാത്രം കടന്നു പോകാനുള്ള വീതിയും  കാർഷിക ഭംഗിയുമൊക്കെ ആസ്വദിച്ചൊരു സഞ്ചാരം.  ജീപ്പ് സവാരി സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് പല പുതുമകൾ നൽകുന്നു. മലമുകളിലെത്തിയാൽ കാറ്റിനെ കൂട്ടുപിടിച്ചൊരു നടത്തം  രസം പകരും. വെയിൽ നേരിട്ട് പതിക്കുന്ന തുറസ്സായ പ്രദേശമാണെങ്കിലും ശക്തമായ കാറ്റ്‌  കുളിർമയും ഊർജവും പകരും. ഇവിടങ്ങളിലെ ഉദയാസ്തമയങ്ങൾക്കും  പ്രത്യേക ഭംഗിയുണ്ട്.
ഉയരക്കാഴ്ചകൾക്ക് കോലാഹലമേട്‌, ബ്രൂസ്‌ലിമൗണ്ട്‌,   നാടുകാണി, ആൽപ്പാറ അമ്പലം എന്നിവയ്‌ക്ക്‌ ഒപ്പമൊ   അതിലേറെയോ പ്രാധാന്യമുള്ളതാണ്‌ കരിമലമേട്‌.  നൂറ്റാണ്ട്‌ പഴക്കമുള്ള പൊൻമുടി ആട്ടുപാലം, പൊന്മുടി, കല്ലാർകുട്ടി ഡാമുകളിലെ കുട്ടവഞ്ചി സവാരി, നാണ്യവിളകളാൽ സമ്പന്നമായ അമേരിക്കൻകുന്ന് ഇവയെല്ലാം കൊന്നത്തടിയിലെ ടൂറിസം വിസ്മയങ്ങളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top