19 April Friday
വേനല്‍ കടുക്കുന്നു

മൃഗങ്ങൾക്കും വേണം കരുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
തൊടുപുഴ
വേനൽചൂടും അന്തരീക്ഷ ആർദ്രതയും മൂലം കന്നുകാലികൾക്കും മറ്റ്‌ മൃഗങ്ങൾക്കും രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്‌ മൃഗസംരക്ഷണ വകുപ്പ്‌. കുടിക്കാൻ ശുദ്ധജലം നൽകണം. പശുവിന് പ്രതിദിനം 40–-80 ലിറ്റർ കുടിവെള്ളം നൽകണം. രണ്ടുവട്ടമെങ്കിലും ദിവസേന കുളിപ്പിക്കണം. പശുക്കളെ എപ്പോഴും തൊഴുത്തിനകത്തോ വ‍ൃക്ഷത്തണലിലോ നിർത്തുക. കൂടുകളിൽ വായുസഞ്ചാരം സുഗമമാക്കണം. ഗ്രീൻ നെറ്റുകളും പടുത/പ്ലാസ്റ്റിക് ഷീറ്റുകളും ഒഴിവാക്കണം. മേൽക്കൂരയിൽ ഓല, വയ്ക്കോൽ, ചാക്ക് മുതലായവയിട്ട് നനച്ചുകൊടുക്കാം തുള്ളിനനയുമാകാം. അകിടുവീക്കം പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കൂടിന്റെ തറ ഉണങ്ങിക്കിടക്കാൻ ശ്രദ്ധിക്കണം. പച്ചപ്പുല്ലും ഏനർജി അടങ്ങിയ ആഹാരങ്ങളും(കാലിത്തീറ്റ, പിണ്ണാക്ക് മുതലായവ) നൽകണം. തീറ്റ പലതവണകളായി രാവിലെയും വൈകിട്ടും നൽകാം. പച്ചപ്പുല്ലിന്റെ ലഭ്യത കുറവായതിനാൽ വാഴത്തട, വാഴയില, പാള, കമുകിന്റെ പാള, കപ്പത്തണ്ട് മുതലായവ പുതുതായി നൽകുമ്പോൾ പടിപടിയായി അളവ് കൂട്ടിക്കൊണ്ട് വരികയുമാണ് വേണ്ടത്. അയവെട്ടുന്ന മൃഗങ്ങളുടെ ദഹനം കൂടുതലും സൂക്ഷ്മാണുക്കൾ വഴിയാണ് നടക്കുന്നത്. 
പതിവില്ലാത്ത തീറ്റകൾ ദഹിപ്പിക്കാൻ കഴിവുള്ള സൂക്ഷ്മാണുക്കളുടെ എണ്ണം ഉയർത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പ്രതിരോധശേഷി നിലനിർത്തി കുളമ്പുരോഗം, ചർമമുഴ രോഗം, ആടുവസന്ത മുതലായ  രോഗങ്ങളെ ചെറുക്കുന്നതിന്‌ പ്രതിരോധ കുത്തിവയ്പുകൾ നൽകുകയും ധാതുലവണ മിശ്രിതം, വിറ്റാമിൻ, ലിവർ ടോണിക്കുകൾ എന്നിവ തീറ്റയിൽ ചേർക്കുകയും വേണം.  ബാഹ്യപരാദങ്ങളായ പട്ടുണ്ണി, ചെള്ള് മുതലായവയെ നിയന്ത്രിക്കണം. ചൂടുസമയത്ത് അരുമപക്ഷി മൃഗങ്ങളെ വാഹനത്തിലും കാൽനടയായും കൊണ്ടുപോകരുത്. ചപ്പുചവറുകളും മറ്റും തീയിടുന്നത് ഒഴിവാക്കുകയും മൃഗങ്ങൾ പുക ശ്വസിക്കാതെ ശ്രദ്ധിക്കുകയും വേണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top