25 April Thursday

പാലിയേറ്റീവ് രോഗികൾക്ക് ആശ്വാസമായി ആയുർവേദ ചികിത്സ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
തൊടുപുഴ
ജില്ലയ്‌ക്ക്‌ അഭിമാനമായി മികച്ച പ്രവർത്തനങ്ങളോടെ മുന്നേറുകയാണ് ജില്ലാ ആയുർവേദ ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ യൂണിറ്റ്. പക്ഷാഘാതം, നട്ടെല്ലിന് ക്ഷതങ്ങൾ, ദീർഘകാല വ്യാധികൾ എന്നിങ്ങനെ വിവിധ അവസ്ഥകളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്കും വയോജനങ്ങൾക്കും അവരുടെ ആശ്രിതർക്കും ഇവിടുത്തെ ആയുർവേദ ചികിത്സയും പരിചരണവും മികച്ച ആശ്വാസമാണ് നൽകുന്നത്. തൊടുപുഴ നഗരസഭയുടെ പാലിയേറ്റീവ് പരിചരണ പദ്ധതിയുമായി ചേർന്ന് ആഴ്ചയിൽ രണ്ടുദിവസം ഹോം കെയർ നടന്നുവരുന്നു. ഡോ. ശ്യാം കെ രാജ്, ഡോ. ടി മനീഷ്, പാലിയേറ്റ്‌ നഴ്സായ ആതിര മധു, ജി ചിത്ര, തെറാപ്പിസ്റ്റുമാരായ വി പി ഹാരിസ്, രേവതി വിജയൻ എന്നിവരാണ് ഹോം കെയർ ടീമിലുള്ളത്.
    എല്ലാ വ്യാഴാഴ്ചയും ആശുപത്രിയിൽ പ്രത്യേക ഒപിയും അർഹരായവർക്ക് കിടത്തിച്ചികിത്സയും നൽകുന്നുണ്ട്‌. ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന യൂണിറ്റിന് ആവശ്യമായ ഔഷധങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്‌ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട്‌ മുഖേനയാണ്. കിടത്തിച്ചികിത്സ ആവശ്യമായ രോഗികൾക്ക് ആശുപത്രിയിലെ വിദഗ്ധരായ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും ജീവനക്കാരുടെയും മേൽനോട്ടത്തിൽ ഐപി ചികിത്സയും നിലവിലുണ്ട്‌. 
    ഡോ. ശ്യാം കെ രാജ്, ഡോ. ടി മനീഷ്  എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സേവനം ഉപയോഗപ്പെടുത്തി നാളിതുവരെ മുന്നൂറോളം രോഗികളുടെ ജീവിതത്തിലേക്ക് വെളിച്ചം വിശാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ്. യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങളും കർശനമായ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നടക്കുന്നതെന്ന്‌   ആശുപത്രി സൂപ്രണ്ട് ഡോ. എൻ ശൈലജാദേവി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top