24 April Wednesday

ചുവടുപിഴയ്‌ക്കാതെ 
അക്രമികളെ നേരിടാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
നെടുങ്കണ്ടം
ചുവടുപിഴയ്‌ക്കാതെ ആയോധനകലകളുടെ പതിനെട്ടടവും പയറ്റുന്ന നെടുങ്കണ്ടത്തെ പെൺകുട്ടികളെ ശല്യപ്പെടുത്താൻ പൂവാലന്മാർ വരില്ല. അവർക്കറിയാം നല്ല അടികിട്ടുമെന്ന്. സമഗ്രശിക്ഷാ പദ്ധതിയിൽ ജില്ലയിലെ പെൺകുട്ടികൾക്കായി നടപ്പാക്കുന്ന സ്വയംപ്രതിരോധ പരിശീലനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ ഉദ്ഘാടനംചെയ്തു. 
പരിപാടിയുടെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളിലെ ഏഴുമുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് കളരിപ്പയറ്റ്, കരാട്ടെ, കുങ്ഭു, ജൂഡോ, ഏറോബിക്‌സ്‌, നീന്തൽ തുടങ്ങിയവയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. സ്ത്രീ സമത്വത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും സമൂഹത്തിൽ സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണവുമാണ് ലക്ഷ്യം. 
 നാല്‌ സ്കൂളുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകളായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ കോവിഡ് മാനദണ്ഡം പാലിച്ചാകും പരിശീലനം. ഇതിനായി കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന്‌ സമ്മതപത്രം വാങ്ങും. ജില്ലാ, ബ്ലോക്ക്തല മോണിട്ടറിങ്‌ സമിതി രൂപീകരിക്കുകയും പരിശീലനത്തിന്റെ പുരോഗതി കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തുകയും ചെയ്യും. മാർച്ച് 15ന് പൂർത്തിയാക്കുന്ന പദ്ധതിയുടെ മികവുകൾ ജനപ്രതിനിധികൾ, പിടിഎ, എസ്എംസി, നാട്ടുകാർ തുടങ്ങിയവർ ഉൾപ്പെടുന്ന പൊതുചടങ്ങിൽ പ്രദർശിപ്പിക്കുകയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. 
ഡിപിസി ഡി ബിന്ദുമോൾ, എസ്എസ്‌‌കെ പ്രോഗ്രാം ഓഫീസർമാരായ കെ എ ബിനുമോൻ, ബിപിസി പി കെ ഗംഗാധരൻ, ബിആർസി ട്രെയിനർമാരായ എ കെ ഗോകുൽരാജ്, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top