അടിമാലി
2007 സെപ്തംബർ 17, സമയം വൈകിട്ട് 4.30. വെള്ളത്തൂവൽ ഗ്രാമം ഞെട്ടലോടെ മാത്രം ഓർക്കുന്ന ദിവസം. അന്നാണ് ഒരു ഗ്രാമത്തെയാകെ ദുഖത്തിലാഴ്ത്തി എട്ട് ജീവൻ വെള്ളപ്പാച്ചിലില്‍ നഷ്‍ടമായത്. കുത്തിയൊഴുകിയ ദുരന്തത്തിന്റെ 16–ാം വര്‍ഷം പ്രിയപ്പെട്ടവരെ അനുസ്‍മരിക്കുകയാണ് വെള്ളത്തൂവൽ.
വൈദ്യുതിബോർഡിൽ എട്ട് ജീവനക്കാരുടെ ജീവൻ അപഹരിച്ച പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം. പന്നിയാർ വാൽവ് ഹൗസിൽനിന്നും പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്ന പെൻസ്റ്റോക് പൈപ്പുകളിൽ ഒരെണ്ണം പൊട്ടുകയായിരുന്നു ദുരന്തത്തിലേക്ക്. പന്നിയാർ, ചെങ്കുളം, നേര്യമംഗലം പവർഹൗസുകളിൽ ജോലി നോക്കിയിരുന്ന എട്ടുപേരാണ് മരിച്ചത്. ഏക്കറുകളിലെ കൃഷിയും ഒരു ഡസനിലേറെപേരുടെ വീടുകളും കുത്തൊഴുക്കിൽ നാമാവശേഷമായി. നേര്യമംഗലം പവർഹൗസിലെ അസി. എൻജിനയർ കൊരട്ടി കരയാംപറമ്പിൽ എ എൽ ജോസ്, വെള്ളത്തൂവൽ പുത്തൻപുരയ്‍ക്കൽ റെജി, തോക്കുപാറ മാക്കൽ ജോബി, ശല്യാംപാറ തൊണ്ടിനേത്ത് ഷിബു, പന്നിയാർകുട്ടി കാനത്തിൽ സണ്ണി, നെടിയശാല വാഴപ്പിള്ളി സ്വദേശി ജോമറ്റ് ജോൺ, കുറുപ്പുംതറ സ്വദേശി ജിയോ സേവ്യർ, നാരകക്കാനം കൂട്ടുങ്കൽ ജയ്സൺ എന്നിവരാണ് മരിച്ചത്. ഇതിൽ ജെയ്സനെ ഇനിയും കണ്ടെത്താനായിട്ടില്ല. പെൻസ്റ്റോക്ക് പൊട്ടിയതിനെ തുടർന്ന് ഇവിടേക്ക് വെള്ളം എത്തിക്കുന്ന പൊന്മുടി അണക്കെട്ടിൽനിന്നുള്ള ഇൻഡക്ക് ഷട്ടർ അടക്കാനുള്ള ശ്രമം പാളി. ഇതോടെയാണ് ഇൻഡക്കിനും ജലവൈദ്യുത നിലയത്തിനും ഇടയിലായുള്ള വാൽവ് ഹൗസിലെ ബട്ടർഫ്ലൈ വാൽവ് അടയ്‍ക്കാൻ വാൽവ് ഹൗസിൽ എത്തിയ ജീവനക്കാര്‍ കുത്തൊഴുക്കില്‍പ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..