20 April Saturday

വാനനിരീക്ഷണ കേന്ദ്രവും ഹരിതമെട്ട് പാർക്കും പുനരുജ്ജീവിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
നെടുങ്കണ്ടം
നെടുങ്കണ്ടം പപ്പിനിമെട്ടിലെ വാനനിരീക്ഷണ കേന്ദ്രവും ഹരിതമെട്ട് പാർക്കും ടൂറിസത്തിനും ശാസ്ത്രപഠനത്തിനും ഉപയോഗപ്പെടുത്താനുള്ള പദ്ധതികളായി. വാനനിരീക്ഷണത്തിനായി തയ്യാറാക്കിയ കെട്ടിടത്തിൽനിന്നുള്ള മലകളുടെയും കാറ്റാടിപ്പാടത്തിന്റെയും വിദൂരകാഴ്ചകൾ ഹൃദ്യമാണ്. 
     പപ്പിനിമെട്ടിനെ ഇടത്താവളമാക്കി പത്തിനിപ്പാറയിൽനിന്നു കൈലാസപ്പാറയിലേക്ക് റോപ് വേ നിർമിക്കുന്നതും പരിഗണനയിലുണ്ട്. ഇതിനായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. വെള്ളിയാഴ്‌ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, കലക്ടർ ഷീബ ജോർജ്‌ എന്നിവർ നിരീക്ഷണകേന്ദ്രം സന്ദർശിച്ചു. വാനനിരീക്ഷണ കേന്ദ്രം അനാഥമായി കിടക്കുന്നുവെന്ന വാർത്തകളെത്തുടർന്നാണ് സ്ഥലത്ത് സന്ദർശനം നടത്താൻ തീരുമാനിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധേയ പദ്ധതിയായി വാനനിരീക്ഷണ കേന്ദ്രത്തെ മാറ്റാനും നടപടിയായി. വിദ്യാർഥികൾക്കും വാനനിരീക്ഷണത്തോട് താൽപ്പര്യമുള്ളവർക്കും പഠനയാത്രകൾ നടത്താനാവുന്ന സംവിധാനവുമുണ്ട്‌. പദ്ധതിയുടെ ഭാഗമായി മുക്കാൽ ഏക്കറോളം ലഭ്യമാണ്. നിലവിലെ കെട്ടിടം നവീകരിക്കുകയും പദ്ധതി സംരക്ഷണത്തിനായി വിദഗ്‌ധ ജീവനക്കാരെ നിയമിക്കാൻ നടപടിയെടുക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അറിയിച്ചു. 
      പാർക്കിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപയുടെ പ്രോജക്ട്‌ നിലവിലുണ്ട്‌. ഇതിന് ജില്ലാ ആസൂത്രണ  സമിതിയുടെ അംഗീകാരവുമായി.  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വാനനിരീക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്ന പപ്പിനിമെട്ട് ടൂറിസത്തിനും പ്രയോജനപ്പെടുത്താവുന്ന പ്രദേശമാണ്. 
    കുട്ടികൾക്കും ശാസ്ത്രപഠിതാക്കൾക്കും വേണ്ടി സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം പ്രദേശത്തെ ടൂറിസം സാധ്യതകൂടി പ്രയോജനപ്പെടുത്തണമെന്ന്‌ കലക്ടർ പറഞ്ഞു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, വൈസ് പ്രസിഡന്റ് സിജോ നടയ്‌ക്കൽ, ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, പഞ്ചായത്ത് സെക്രട്ടറി എ വി അജികുമാർ എന്നിവരും സന്ദർശനത സംഘത്തിൽ ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top