24 April Wednesday
ഒന്നാംഘട്ട നിർമാണം ആരംഭിച്ചു

മലയോര, തീരദേശ ഹൈവേക്ക്‌ 10,000 കോടി ചെലവഴിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

 കുട്ടിക്കാനം

സംസ്ഥാനത്ത് മലയോര, തീരദേശ ഹൈവേകളുടെ നിർമാണത്തിനായി 10,000 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീരുമേട്-–- ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ഭാഗത്തിന്റെ നിർമാണോദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പീരുമേട് മുതൽ ദേവികുളം വരെ രണ്ടു ഘട്ടമായാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുക. കുട്ടിക്കാനം, ഏലപ്പാറ, കട്ടപ്പന, നെടുങ്കണ്ടം, ഉടുമ്പൻചോല, -ദേവികുളം എന്നീ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഹൈവേ കടന്നുപോവുക. 
കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 19 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. 80.53 കോടി രൂപ ചെലവിലാണ്‌ നിർമാണം. റോഡിനിരുവശവും നടപ്പാതയോടെ 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമിക്കുക. പാതയോരത്ത് വിവിധയിടങ്ങളിൽ ശുചിമുറി സൗകര്യത്തോടെ വിശ്രമകേന്ദ്രങ്ങൾ, പ്രധാന സ്ഥലങ്ങളിൽ ഇരിപ്പിടങ്ങൾ, വശങ്ങളിലെ കാഴ്‌ചകൾ കാണുന്നതിനുള്ള സൗകര്യം എന്നിവ റോഡിന്റെ ഭാഗമായി നിർമിക്കും. 18 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കുകയാണ്‌ ലക്ഷ്യം. രണ്ടാംഘട്ടത്തിൽ ചപ്പാത്ത് മുതൽ കട്ടപ്പന വരെ 21 കിലോമീറ്റർ നിർമാണത്തിനുള്ള 84.53 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി. ടെൻഡർ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 
 പണി പൂർത്തിയാകുന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടി, വാഗമൺ, രാമക്കൽമേട്, മൂന്നാർ എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്താനാകും. ശബരിമല തീർഥാടകർക്കും ഹൈവേ പ്രയോജനപ്പെടും.കൂടാതെ, കിഫ്ബിയിൽ ഉൾപ്പെടുത്തി 73.20 കോടി രൂപയുടെ വണ്ണപ്പുറം–-- രാമക്കൽമേട് റോഡ്, 153 കോടി രൂപയുടെ ഉടുമ്പൻചോല–-- രണ്ടാംമൈൽ റോഡ് എന്നിവ പൂർത്തിയാകുന്നതോടെ നാടിന്റെ വികസനഗതിതന്നെ മാറും. പ്രളയത്തിൽ തകർന്ന 9,530 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കി. 1,783 കോടി രൂപയാണ് തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ചെലവഴിച്ചത്. കൂടാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള 961 കോടി രൂപയും റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 392 കോടി രൂപ ഉപയോഗിച്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും ഇതോടൊപ്പം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top