26 April Friday
അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കംചെയ്യാൻ നടപടി

കാലവർഷ മുന്നൊരുക്ക 
മാർഗനിർദേശങ്ങളായി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ശക്തമായ മഴയെത്തുടർന്ന് തൊടുപുഴയിൽ റോഡിലേക്ക് വീണ മരക്കമ്പുകൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നീക്കം ചെയ്യുന്നു (ഫയൽ ചിത്രം)

ഇടുക്കി
കാലവർഷ മുന്നൊരുക്ക പ്രവർത്തന മാർഗ നിർദേശം  പുറപ്പെടുവിച്ച്‌ ജില്ലാ ഭരണകൂടം.  റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ നീക്കം ചെയ്യാൻ പൊതുമരാമത്ത് റോഡ്‌സ്, എൻഎച്ച്എൽഎസ്ജിഡി എന്നിവർ അടിയന്തര നടപടികൾ സ്വീകരിക്കണം. 
   റോഡിന്റെ വശങ്ങളിൽ, വനഭൂമിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ശിഖരങ്ങൾ മുറിച്ചു നിക്കുന്നതിന്  സോഷ്യൽ ഫോറസ്ട്രി വിഭാഗത്തെയും ചുമതലപ്പെടുത്തി.  ഓഫീസ് പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ  നീക്കം ചെയ്യാൻ  ഓഫീസ് മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ അടിയന്തിരഘട്ട കാര്യനിർവഹണ സമിതി (ഡിഇഒസി) അധ്യക്ഷ കൂടിയായ ജില്ലാ കലക്ടർ ഷീബ ജോർജ് ഉത്തരവിട്ടു. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ശിഖരങ്ങൾ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാൽ നഷ്ടപരിഹാരം ഭൂഉടമ വഹിക്കണം. ഇവ മുറിച്ചു നീക്കുന്നതിന്  വില്ലേജ് തല ട്രീ കമ്മിറ്റി നടപടികൾ സ്വീകരിക്കുന്നതിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. 
ആരോഗ്യവകുപ്പ് സജ്ജമാകണം
അടിയന്തരമായി ആശാവർക്കർമാരുടെയും പിഎച്ച്സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തണം. മഴക്കാലത്തുണ്ടാകുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ശേഖരിച്ച് സൂക്ഷിക്കേണ്ടതും ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുമാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ താലൂക്കുകൾ കേന്ദ്രീകരിച്ച് ആംബുലൻസുകൾ (എഎൽഎസ് സൗകര്യത്തോടുകൂടിയതും) സജ്ജമാക്കണം.
മുന്നറിയിപ്പ്‌ ബോർഡുകൾ 
വൃത്തിയാക്കണം
റോഡിന്റെ വശങ്ങളിൽ കാഴ്ച മറയുന്ന രീതിയിൽ വളർന്നു നിൽക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേർന്നു നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനും നിലവിലുള്ള മുന്നറിയിപ്പ് ബോർഡുകൾ വൃത്തിയാക്കുന്നതിനും ആവശ്യമെങ്കിൽ പുതിയവ സ്ഥാപിക്കുന്നതിനും പിഡബ്ല്യുഡി റോഡ്‌സ്, എൻഎച്ച് വകുപ്പുകളെ ചുമതലപ്പെടുത്തി. റോഡുകളുടെ വശങ്ങളിലുള്ള ഓടകൾ വൃത്തിയാക്കുന്നതിനും  അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പൊതുമരാമത്ത് റോഡ്സ് ദേശീയ പാത, തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.  റോഡുകളുടെ വശങ്ങളിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബുകൾ പരിശോധിച്ച് സുരക്ഷിതമെന്നും ഇവർ ഉറപ്പുവരുത്തണം. പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യു വകുപ്പുകളുടെ കൈവശമുള്ള എല്ലാ അസ്‌കാ ലൈറ്റുകളും പ്രവർത്തനസജ്ജം ആണെന്ന് ഉറപ്പുവരുത്തണം.
സ്‌കൂൾ കെട്ടിടങ്ങളുടെ 
സുരക്ഷിതത്വം നോക്കണം
ജില്ലയിലെ എല്ലാ സ്‌കൂൾ കെട്ടിടങ്ങളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തണം. പരിസരങ്ങൾ പൂർണമായും വൃത്തിയാക്കി ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന്  വിദ്യാഭ്യാസ ഉപഡയറക്ടർ ഉറപ്പാക്കണം.  സ്വകാര്യ സ്‌കൂളുകളിലുൾപ്പെടെ അപകടകരമായുള്ള മരങ്ങൾ ശിഖരങ്ങൾ  എത്രയും വേഗം  മുറിച്ച് നീക്കണം. ജില്ലയിലുളള അങ്കണവാടികളുടെയും സ്‌കൂൾ ബസുകളുടെയും ഫിറ്റ്‌നസ് വനിതാ, ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, മോട്ടോർ വാഹനം എന്നീ വകുപ്പുകൾ ഉറപ്പാക്കണം.
പടുതാ കുളങ്ങൾക്ക്‌ 
സുരക്ഷാവേലി വേണം
പാറമടകളിലെ കുളങ്ങൾക്ക് ചുറ്റും ഉറപ്പുള്ള വേലി മതിൽ കെട്ടി സംരക്ഷിക്കണം.  പടുതാ കുളങ്ങൾ  പരിശോധിച്ച് അപകടാവസ്ഥയില്ലെന്ന്‌  ഉറപ്പുവരുത്തുന്നതിന്‌  ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. പടുതാ കളങ്ങൾക്ക് സുരക്ഷാ വേലികൾ നിർമിക്കുന്നതിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ചെറുകിട ജലസേചന വകുപ്പ് നടപടി സ്വീകരിക്കണം.
വളന്റിയർമാർക്കുള്ള പരിശീലനം 
പൂർത്തീകരിക്കണം  
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും  രൂപീകരിച്ചിട്ടുള്ള സന്നദ്ധസേന വളന്റിയർമാർക്കുള്ള പരിശീലനം  ജില്ലാ ഫയർ ഓഫീസറുമായി ചേർന്ന് പൂർത്തീകരിക്കുവാൻ  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നടപടി സ്വീകരിക്കണം.
എക്കൽ നീക്കം ചെയ്യൽ
പുഴകളിൽ അടിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ സ്വീകരിക്കണം.നദി തീരങ്ങൾ, കുളിക്കടവുകൾ മണ്ണിടിച്ചിൽ ഉണ്ടായേക്കാവുന്ന മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേകം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി കൈക്കൊള്ളണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ് എന്നിവരെ ചുമതലപ്പെടുത്തി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top