29 March Friday
അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചു

കണ്ണീരുണങ്ങാതെ കൈതപ്പതാല്‍

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
കട്ടപ്പന
ദുഃഖസാന്ദ്രമായ ഉപ്പുതറ കൈതപ്പതാലിലെ കിണറ്റുകര വീട്ടുമുറ്റത്ത് ലിജയുടെയും മകൻ ബെന്നിന്റെയും ചേതനയറ്റ ശരീരം, കണ്ണീരണിഞ്ഞാണ് ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്. നവജാത ശിശുവിന്റെ മരണത്തിനുപിന്നാലെ അമ്മയുടെയും മകന്റെയും വിയോഗവും. നാടിനെ കണ്ണീരുണങ്ങാത്ത നാലാം ദിനം.
വ്യാഴം രാവിലെ ആറോടെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ ലിജ മകൻ ബെന്നിനൊപ്പം ചാടി ജീവനൊടുക്കിയത്. ലിജ- ടോം ദമ്പതികളുടെ 29 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് ചൊവ്വാഴ്ചയാണ് മരിച്ചത്. മുലപ്പാൽ കൊടുക്കുന്നതിനിടെ ശ്വാസതടസത്തെ തുടർന്നായിരുന്നു മരണം. ഇതോടെ ലിജ മാനസികമായി തളർന്നിരുന്നു. സംസ്‌കാരച്ചടങ്ങിന് ശേഷം ബുധനാഴ്ച രാത്രി അമ്മ ലൗലിക്കൊപ്പമാണ് ലിജയും ബെന്നും ഉറങ്ങിയത്. പള്ളിയിൽ പോകാനായി അമ്മ ലൗലിയും അച്ഛൻ ജോസഫും തയാറെടുക്കുന്നതിനിടെ ലിജ ബെന്നിനൊപ്പം കിണറ്റിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. പീരുമേട്ടിൽ നിന്ന് അഗ്‌നിരക്ഷാസേനയും ഉപ്പുതറ പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വെള്ളി വൈകിട്ട് നാലോടെ മൃതദേഹങ്ങൾ കൈതപ്പതാലിനെ വീട്ടിലെത്തിച്ചു. നാട്ടുകാരും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകളാണ് ലിജയേയും ബെന്നിനെയും കാണാൻ എത്തിയത്. ഒരുമണിക്കൂർ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ ഭർത്താവ് ടോമിന്റെ പാലാ തിടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. ശനി രാവിലെ പത്തോടെ തടിനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top