19 April Friday

നെറ്റ്‌വർക്ക്‌ തകരാർ: ഏലയ്‌ക്ക ഓൺലൈൻ ലേലം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
കട്ടപ്പന
നെറ്റ്‌വർക്ക്‌ തകരാർമൂലം തിങ്കളാഴ്‌ച ഏലയ്‌ക്ക ഓൺലൈൻ ലേലം മുടങ്ങി. സ്‌പൈസസ് ബോർഡിന്റെ കീഴിൽ പുറ്റടിയിലും ബോഡിനായ്ക്കന്നൂരിലും ഉച്ചകഴിഞ്ഞ്‌ നടക്കേണ്ട  ഓൺലൈൻ ലേലമാണ് തകരാറിലായത്‌. സുഗന്ധഗിരി സ്‌പൈസസ്‌ ആൻഡ് പ്രൊമോഷൻ ട്രേഡിങ് കമ്പനിയുടെ ലേലത്തിനായി ആകെ 172 ലോട്ടുകളാണ് കർഷകർ പതിച്ചിരുന്നത്. ആദ്യത്തെ 48 ലോട്ടുകൾ വിൽക്കുന്നതുവരെ സെർവർ പ്രശ്‌നമുണ്ടായില്ല. 
എന്നാൽ, തുടർന്ന് നെറ്റ്‌വർക്ക്‌ പ്രശ്‌നംമൂലം ലേലം തടസ്സപ്പെട്ടു. ബോഡിനായ്ക്കന്നൂരിലാണ് പ്രശ്‌നമുണ്ടായത്. ഒരേസമയത്ത് രണ്ടിടത്തും ലേലം നടക്കുന്നതിനാൽ ഒരിടത്ത്‌ തടസ്സമുണ്ടായാൽ ലേലം നിർത്തിവയ്ക്കേണ്ടിവരും. ഓഫ്റ്റിക്കൽ കേബിൾ മുറിഞ്ഞുപോയതാണ് നെറ്റ്‌വർക്ക്‌ തകരാറിന്‌ കാരണമായി ബിഎസ്എൻഎൽ അധികൃതർ പറയുന്നത്. 
  ലേലം തടസ്സപ്പെടുമ്പോൾ ശരാശരി വില 927 രൂപ നിലവാരത്തിലായിരുന്നു. മുടങ്ങിയ ലേലം ഇനി എന്നുനടക്കുമെന്ന് വ്യക്തമല്ല. ചൊവ്വാഴ്‌ചത്തെ ലേലം ആരംഭിക്കുന്നതിനുമുമ്പ്‌ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎല്ലും സ്‌പൈസസ് ബോർഡും. നെറ്റ്‌വർക്ക്‌ പ്രശ്‌നമുണ്ടാകുമ്പോൾ പകരം സംവിധാനമുണ്ടാക്കണമെന്ന്‌ കർഷകരും ലേല ഏജൻസികളും ആവശ്യപ്പെട്ടെങ്കിലും സ്‌പൈസസ്‌ ബോർഡ്‌ ഒരു നടപടിയും സ്വീകരിച്ചില്ല. തിങ്കൾ രാവിലെ നടന്ന ഇടുക്കി ഡിസ്ട്രിക്ട് ട്രെഡീഷണൽ കാർഡമം പ്രൊമോഷൻ കമ്പനിയുടെ ഓൺലൈൻ ലേലം തടസ്സംകൂടാതെ നടന്നു. ആകെ വിൽപ്പനയ്‌ക്ക്‌ വന്ന 57495.8 കിലോയിൽ 56471.3 കിലോഗ്രാം വിറ്റുപോയപ്പോൾ കൂടിയവില 1297 രൂപയും ശരാശരി വില 897.64 രൂപയും കർഷകർക്ക് ലഭിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top