ചെറുതോണി
ഭൂപതിവ് നിയമ ഭേദഗതിബിൽ ഐക്യകണ്‌ഠ്യേന പാസാക്കിയതോടെ എൽഡിഎഫ് സ്വീകാര്യത വർധിച്ചു. അതേസമയം നിശ്‌ചയവും നിലയുമില്ലാതെ കോൺഗ്രസ്–-യുഡിഎഫ് നേതാക്കൾ തെറ്റിദ്ധാരണ പരത്തി അപഹാസ്യമാവുകയും ചെയ്‌തു. ബിൽ വലിച്ചെറിഞ്ഞ ജോസഫ് വിഭാഗവും കത്തിച്ച കോൺഗ്രസും ഹർത്താൽ നടത്തിയ യുഡിഎഫും ജനങ്ങളിൽനിന്നും ഒറ്റപ്പെട്ടു. ബില്ലിന് മുൻകാല പ്രാബല്യം വേണമെന്നാണ് എംപിയുടെ ഇപ്പോഴത്തെ വാദം. 1960ൽ ഭൂ നിയമം വന്നപ്പോൾ മുതൽ ഇതുവരെയുള്ള എല്ലാ നിർമാണങ്ങൾക്കും നിയമസാധുത അംഗീകരിക്കുന്നതാണ് ബിൽ. മുൻകാല പ്രാബല്യം എന്നുതന്നെയാണിതിന്റെ അർഥം. ചെറുതോണിയിൽ വളഞ്ഞ പാലം നിർമിച്ച് കുപ്രസിദ്ധി നേടിയ എംപിയുടെ ഈ വാദവും വിവരക്കേടായാണ് പൊതുസമൂഹം കാണുന്നത്. നിലവിലുള്ള വാണിജ്യ നിർമാണങ്ങൾ ക്രമവൽക്കരിക്കുമ്പോൾ തന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ റിസോർട്ടിന് ഫീസ് അടയ്ക്കേണ്ടി വരുമോയെന്ന ആശങ്കയാണ് വിവാദ റിസോർട്ട് എംഎൽഎ കുഴൽനാടനെ അലട്ടുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ബില്ലിനെ അനുകൂലിച്ചതോടെ കത്തിക്കാൻ ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസും കുഴൽനാടനും വെട്ടിലായി.
1978 ലെ സ്റ്റോക്ക്ഹോം സമ്മേളനത്തിൽ ഇന്ദിരാഗാന്ധി തുടങ്ങിവച്ച അന്താരാഷ്ട്ര പരിസ്ഥിതി ഫണ്ടിൽ കണ്ണുവച്ചുള്ള നീക്കങ്ങളാണ് കോൺഗ്രസിപ്പോഴും തുടരുന്നത്. ജയറാം രമേശിന്റെ കാലത്തെ ഗൂഢനീക്കങ്ങൾ ഇത് കൂടുതൽ തീവ്രമാക്കി. ഗാഡ്ഗിൽ–-കസ്തൂരി രംഗൻ കമീഷനുകൾ, വന്യജീവി ഇടനാഴി, വനങ്ങൾക്കു ചുറ്റും ബഫർസോൺ, എച്ച്ആർഎംഎൽ തുടങ്ങി അടിച്ചേൽപ്പിച്ചതൊന്നും സാധാരണക്കാർ മറന്നിട്ടില്ല. ഒമ്പത് കുടിയിറക്കുകളാണ് കോൺഗ്രസ് നടത്തിയത്. 1960 ലെ ഭൂ നിയമം, 1964 ലും 1993 ലും കൊണ്ടുവന്ന ചട്ടങ്ങൾ, പട്ടയത്തിൽ 16 വ്യവസ്ഥകൾ, വരുമാന പരിധി, പട്ടയ കൈമാറ്റ നിബന്ധന തുടങ്ങി ജനജീവിതം ദുസഹമാക്കിയ കിരാത നയങ്ങളെ ചെറുത്താണ് എൽഡിഎഫ് സ്വതന്ത്രമായ ജീവിതത്തിന് വഴിതുറന്നത്. ഭൂ നിയമ ഭേദഗതിയിലൂടെ ഒരിക്കൽ കൂടി ഹൃദയപക്ഷമായി മാറുകയും ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..