നെടുങ്കണ്ടം
ഭൂമിയുടെ അവകാശം ചില വ്യക്തികളിൽ കേന്ദ്രീകരിക്കുന്നത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് എം എം മണി എംഎല്‍എ. നെടുങ്കണ്ടം ബ്ലോക്ക് തല കിസാൻ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണിൽ പണിയെടുക്കുന്ന കർഷകരിലേക്ക് ഭൂമിയുടെ വികേന്ദ്രീകരണം ഉണ്ടാക്കാൻ കേരളത്തിലെ ഭൂപരിഷ്‌കരണ നിയമത്തിലൂടെ ഒരുപരിധി വരെ സാധിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ആധുനിക കൃഷിരീതിയിലൂന്നിയുള്ള പദ്ധതികൾ രാജ്യത്തെ കാർഷിക മേഖലയിൽ മുന്നേറ്റം സൃഷ്ടിക്കുന്നുണ്ണെടന്നും അദ്ദേഹം പറഞ്ഞു.
രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി അധ്യക്ഷയായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ഏലം കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച കൃഷി ശാസ്ത്രജ്ഞൻ ഡോ. സുധാകറിനെ ആദരിച്ചു. രാജാക്കാട് കൃഷി ഓഫീസർ റജബ് ജെ കലാം പദ്ധതി വിശദീകരിച്ചു.
സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായാണ് കിസാൻ മേള സംഘടിപ്പിച്ചത്. ബ്ലോക്കിൽ 500 ഹെക്ടറില്‍ പച്ചക്കറി, പഴവർഗങ്ങൾ, ഏലം തുടങ്ങിയവ സമ്പൂർണ ജൈവരീതിയിൽ കൃഷിചെയ്യും. ഓരോ പഞ്ചായത്തിലെയും 50 ഹെക്ടർ പ്രദേശത്തായിരിക്കും പദ്ധതി. മേളയിൽ കാർഷിക ഉൽപ്പന്ന പ്രദർശന വിപണന മേള, സൗജന്യ മണ്ണ് പരിശോധന, വിളകൾ ഇൻഷ്വര്‍ ചെയ്യാനും പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷനുമുള്ള സൗകര്യം എന്നിവ ഒരുക്കിയിരുന്നു. ഏലം കൃഷിയിലെ വെല്ലുവിളി, കീടരോഗങ്ങൾ എന്ന വിഷയത്തിൽ കൃഷി ശാസ്ത്രജ്ഞൻ ഡോ. സുധാകർ, കൃഷിക്ക് ഫലഭൂയിഷ്ടമായ മണ്ണ് എന്ന വിഷയത്തിൽ കൃഷി ശാസ്ത്രജ്ഞൻ പാമ്പാടുംപാറ സിആർഎസ് ഡോ. മുരുകൻ എന്നിവർ സെമിനാർ നയിച്ചു.
പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് സരിത രാജേഷ്, ജില്ലാ പഞ്ചായത്തംഗം ഉഷകുമാരി മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ, വീണ അനൂപ്, ബെന്നി പാലക്കാട്ട്, നിഷ രതീഷ്, രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി എ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..