29 March Friday
ആട്‌ ഒരു ഭീകരജീവിയല്ല


300 കുടുംബങ്ങളുടെ ഉപജീവനം

കെ ടി രാജീവ്‌Updated: Tuesday May 17, 2022

മുരുകേശ്വരി ആട് പരിപാലനത്തിൽ

ഇടുക്കി
മറയൂർ മൂന്നാംവാർഡ്‌  ആലാംപെട്ടിക്കുടിയിലെ വീട്ടമ്മയായ മുരുകേശ്വരിക്കിപ്പോൾ തിരക്കോട്‌ തിരക്കാണ്‌. തൊഴിൽ സന്തോഷവും സംതൃപ്‌തയും വിവരണാതീതം. 15 ആടുകളെ പരിപാലിച്ചാണ്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്‌. നാലംഗകുടുംബത്തിന്റെ പ്രധാന ഉപജീവനമാർഗമായി മാറിയത്‌ 2021 മുതൽ.  മാത്രമല്ല കുടിയിലെ ജി പൊന്നമ്മ, ടി ചന്ദനമാരി, എം രാജമ്മ അടക്കം 300ൽപരം വനിതകളുടെ പ്രധാന ജീവിതമാർഗം ഇപ്പോൾ ആടുവളർത്തൽ തന്നെ.  
അഞ്ചുനാട്ടിലെ കാടിന്റെ മക്കൾക്കും പാവപ്പെട്ടവർക്കും ജീവിതപാത തെളിക്കുന്നത്‌ കുടുംബശ്രീ. കുടുംബശ്രീ പട്ടികവർഗ സുസ്ഥിര വികസന പദ്ധതി പ്രകാരം വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും പൂർണമായി സബ്‌സിഡിനിരക്കിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.  ആടുവളർത്തുന്നതിന്‌ ഒരു വനിതക്ക്‌ 30,000 രൂപയാണ്‌ നൽകുന്നത്‌. അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിൽ ഓരോ അംഗത്തിനും 30000 രൂപ നൽകുന്നുണ്ട്‌. അഞ്ചുനാട്ടിലാകെ  220 കുടുംബശ്രീ സംരംഭങ്ങളാണുള്ളത്‌. ആടുവളർത്താനാവശ്യമായ കൂടിന്‌ തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെടുത്തി പ്രത്യേക സംവിധാനമുണ്ട്‌. ആട്ടിറച്ചി വിറ്റ്‌  വരുമാനം  ലഭ്യമാക്കാൻ മീറ്റ്‌ സ്‌റ്റാൾ തുടങ്ങുന്നതിന്റെ ആലോചനയിലാണ്‌ അധികൃതർ.  ആനിമേറ്റർ എസ് സന്ധ്യ കുടിനിവാസികൾക്ക്‌ ഒപ്പമുണ്ട്‌. ഇതിനുപുറമെ നെൽകൃഷി , പുൽത്തൈല നിർമാണം, പച്ചക്കറി കൃഷി, കാട്ടുപുല്ലു ഉപയോഗിച്ചുള്ള ചൂല്‌ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട കുടുംബശ്രീ യൂണിറ്റുകളും പട്ടിക വർഗ വിഭാഗങ്ങൾക്കായി അഞ്ചുനാട്ടിൽ  ആവിഷ്‌കരിച്ചിട്ടുണ്ട്‌. 
കാന്തല്ലൂർ ദണ്ഡുക്കൊമ്പിൽ ചെറുപ്പക്കാരായ വനിതകളും പുരുഷന്മാരും  ‘യുവശ്രീ ഗ്രൂപ്പ്‌’ രൂപീകരിച്ചാണ്‌ നെൽകൃഷി. കൃഷിക്കും കൊയ്‌ത്ത്‌ യന്ത്രത്തിനുമായി 2,60,000 രൂപയാണ്‌ നൽകുന്നത്‌. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന അഞ്ചുനാട്‌ മേഖലയിൽ കുടുംബശ്രീ വിപ്ലവമാണ്‌ നടക്കുന്നതെന്ന്‌ ഗുണഭോക്താക്കൾ പറയുന്നു. ട്രൈബൽ പദ്ധതികൾ നിരീക്ഷിച്ച്‌ നടപ്പാക്കാൻ  ജില്ലാ പ്രോഗ്രാം മാനേജർ ബിജു ജോസഫും കുടികളിലെത്തുന്നുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top