29 March Friday

ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത്‌ 296 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

 

തൊടുപുഴ
കോവിഡ്‌ 19 രോഗത്തിനെതിരായ ദേശവ്യാപക പ്രതിരോധ കുത്തിവയ്‌പ്പിൽ ജില്ലയും ഭാഗമായി. ഒമ്പതു കേന്ദ്രങ്ങളിൽ ആദ്യഘട്ടമായി 296 ആരോഗ്യപ്രവർത്തകർ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. ഓരോരുത്തരിലും 0.5 എംഎൽ ഡോസ് വാക്‌സിനാണ് കുത്തിവച്ചത്. രണ്ടാമത്തെ ഡോസ് ആദ്യ വാക്‌സിൻ സ്വീകരിച്ച്‌ 28–-ാമത്തെ ദിവസം നൽകും. വാക്‌സിൻ നൽകാൻ വെയ്റ്റിങ്‌ ഏരിയ, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മുറികൾ ക്രമീകരിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച്‌ കുത്തിവയ്‌പ്‌‌‌ സ്വീകരിച്ച വ്യക്തിയെ മറ്റൊരു മുറിയിലേക്ക് മാറ്റി നിരീക്ഷണത്തിൽ ഇരുത്തിയശേഷമാണ് പറഞ്ഞയച്ചത്‌.
ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവരിൽ ആർക്കും അസ്വസ്ഥതകളുണ്ടായില്ലെന്ന്‌ ആരോഗ്യവകുപ്പ് അധികൃതർ‌ വ്യക്തമാക്കി. 
ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട് താലൂക്ക് ആശുപത്രികൾ, ചിത്തിരപുരം, രാജാക്കാട് സിഎച്ച്സികൾ, മുതലക്കോടം ഹോളിഫാമിലി ആശുപത്രി, കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി എന്നിവിടങ്ങളിലാണ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്‌തത്. 
    ജില്ലാതല ഉദ്ഘാടനം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി ബിജു ആദ്യ വാക്‌സിൻ സ്വീകരിച്ചു. പി ജെ ജോസഫ് എംഎൽഎ അധ്യക്ഷനായി. റോഷി അഗസ്റ്റിൻ എംഎൽഎ, കലക്ടർ എച്ച് ദിനേശൻ, ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം ജെ ജേക്കബ് എന്നിവരും ആരോഗ്യവകുപ്പ്‌ അധികൃതരും പങ്കെടുത്തു. 
     ഇടുക്കി മെഡിക്കൽ കോളേജിൽ വാക്‌സിൻ വിതരണോദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ അധ്യക്ഷനായി. മെഡിക്കൽ കോളേജ് ആർഎംഒ ഡോ. എസ്‌ അരുൺ ആദ്യ വാക്സിൻ സ്വീകരിച്ചു. നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ ഉദ്‌ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വിജയകുമാരി എസ് ബാബു അധ്യക്ഷയായി. ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന സിഎച്ച്സിയിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് വാക്സിൻ വിതരണചടങ്ങ് ഉദ്ഘാടനംചെയ്തു. പീരുമേട് താലൂക്ക്‌ ആശുപത്രിയിൽ ഇ എസ് ബിജിമോൾ എംഎൽഎ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്‌തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് അധ്യക്ഷനായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top