മൂന്നാർ
കൃഷിയിടത്തിൽ തീറ്റ തേടിയെത്തിയ പടയപ്പ സമീപത്തെ റേഷൻകടയിൽനിന്നും രണ്ടുചാക്ക് അരി ഭക്ഷിച്ച് മടങ്ങി. ദേവികുളത്തിന് സമീപം ലാക്കാട് എസ്റ്റേറ്റിൽ പ്രവത്തിക്കുന്ന ജീമോന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയിൽ സൂക്ഷിച്ചിരുന്ന അരിയാണ് ഭക്ഷിച്ചത്. വെള്ളി രാവിലെ 6.30 ഓടെ എത്തിയ കാട്ടാന റേഷൻ കടയുടെ മേൽക്കൂര പൊളിച്ചുനീക്കി. തുമ്പികൈ അകത്തിട്ട് രണ്ട് ചാക്ക് അരി പൊക്കിയെടുത്തു. മുറ്റത്ത്നിന്ന് ഭക്ഷിച്ചതിനുശേഷം ഒരു മണിക്കൂറോളം കടയ്ക്ക് സമീപം നിലയുറപ്പിച്ചുനിന്നു. പടയപ്പ എത്തിയതറിഞ്ഞ് ലയങ്ങളിൽനിന്നും കുട്ടികളടക്കം നിരവധിപേർ ആനയെ കാണാനെത്തി. നാട്ടുകാർ തിരക്കുകൂട്ടിയതോടെ പടയപ്പ കാട്ടിലേക്ക് മടങ്ങി. പൊതുവെ നയമക്കാട്, കന്നിമല എസ്റ്റേറ്റ് മേഖലകളിലാണ് പടയപ്പ സഞ്ചരിച്ചിരുന്നത്. എന്നാൽ, രണ്ട് മാസം ഇവിടെനിന്നും അപ്രത്യക്ഷനായ പടയപ്പയെ മറയൂർ റോഡിൽ പാമ്പൻമല, ചട്ട മൂന്നാർ പ്രദേശത്ത് എത്തി. രണ്ടാഴ്ച മുമ്പാണ് വീണ്ടും കന്നിമലയിലെത്തിയത്. ഇപ്പോൾ സ്ഥിരമായി ഒരു സ്ഥലത്ത്തന്നെ തമ്പടിച്ചുനിൽക്കുന്ന പ്രകൃതക്കാരനല്ല നാട്ടുകാർ ഓമന പേരിട്ടു വിളിക്കുന്ന പടയപ്പ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..