ചെറുതോണി
ആഴത്തിലുള്ള നിരാശയുടെയും കുറ്റബോധത്തിന്റെയും പ്രതികരണങ്ങളാണ് യുഡിഎഫ് നേതാക്കളിൽനിന്ന് ഭൂനിയമ ഭേദഗതിയെ സംബന്ധിച്ച് പുറത്തുവരുന്നതെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഒരിക്കലും ഇടുക്കിയിലെ ഭൂ പ്രശ്‌നം പരിഹരിക്കരുതെന്ന് രഹസ്യ അജൻഡ തയാറാക്കി കൂടുതൽ സങ്കീർണമാക്കാൻ ആകുന്നത്ര പരിശ്രമിച്ച ജനവിരുദ്ധ സംവിധാനമാണ് യുഡിഎഫ്. 1960ൽ പട്ടംതാണുപിളളയും 1964 ൽ ആർ ശങ്കറും 1993ൽ കെ കരുണാകരനും കൊണ്ടുവന്ന ഭൂ നിയമവും അനുബന്ധ ചട്ടങ്ങളും കുരുക്കിലാക്കിയ ഒരു ജനതയുടെ വിമോചനത്തിനും ഭൂ സ്വാതന്ത്ര്യത്തിനും വേണ്ടി അസാധാരണമായ നിലപാടെടുത്ത് ഭേദഗതി ചെയ്യാൻആർജവം കാണിച്ച എൽഡിഎഫ് സർക്കാരിന് സമ്പൂർണ പിന്തുണ നൽകുകയാണ് ജനങ്ങളൊന്നാകെ. രാഷ്ട്രീയ തിരിച്ചടിയിൽ മനംനൊന്ത് കോൺഗ്രസ് നേതാക്കൾ നടത്തുന്ന ദീനരോധനങ്ങളും ജൽപ്പനങ്ങളും അവരെ കൂടുതൽ പരിഹാസ്യരാക്കും. കൃഷിക്കും വീട് വയ്ക്കുന്നതിനും വേണ്ടി പട്ടയം ലഭിച്ച ഭൂമിയിൽ ചിന്നക്കനാലിൽ നിർമിച്ച വാണിജ്യ സ്ഥാപനം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയിൽ ആദ്യമായി ആവശ്യപ്പെട്ടത് യുഡിഎഫ് സർക്കാരാണ്. അടൂർ പ്രകാശ് റവന്യു മന്ത്രിയായിരിക്കെ വകുപ്പിന്റെ ഗവൺമെന്റ് പ്ലീഡർ സുശീലഭട്ടാണ് ഈ ആവശ്യം യുഡിഎഫ് സർക്കാരിന്റെ നിർദേശപ്രകാരം കോടതിയിൽ ഉന്നയിച്ചത്. പിന്നീട് പളളിവാസൽ പഞ്ചായത്തിലെ വാണിജ്യ നിർമാണത്തിനെതിരെ ഡീൻ കുര്യാക്കോസിന്റെ നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് നേതൃത്വം വിജിലൻസിന് പരാതി നൽകി. തുടർന്ന് കെട്ടിട ഉടമസ്ഥന് വേണ്ടി മാത്യു കുഴൽനാടൻ കേസ് ഹൈക്കോടതിയിൽ എത്തിക്കുകയും കർഷകർക്കെതിരായി കോടതിവിധി ഉണ്ടാവുകയും ചെയ്തു. ഇതിനിടെ യുഡിഎഫ് ഭരണകാലത്ത് തന്നെ ആനവിലാസത്തെ ദുരുദ്ദേശ്യത്തോടെ ഉൾപ്പെടുത്തി മൂന്നാറിലെ എട്ട് വില്ലേജുകളിൽ നിർമാണ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടറെകൊണ്ട് ഉത്തരവിടീപ്പിച്ചു. കൂടാതെ ബൈസൺവാലിയിലെ കോൺഗ്രസ് നേതാവ് ലാലി ജോസഫിനെക്കൊണ്ട് ഹൈക്കോടതിയിൽ കേസ് നൽകുകയും ഇടുക്കിയിൽ മാത്രം ബാധകമായിരുന്ന കോടതി വിധി സംസ്ഥാനത്താകെ വ്യാപിപ്പിക്കുകയും ചെയ്തു. കൃഷിക്കാർക്ക് അനുകൂലനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ കേസിൽ മുതിർന്ന അഭിഭാഷകനായ കോൺഗ്രസ് നേതാവ് ചിദംബരത്തെ രംഗത്തിറക്കിയാണ് ഇടുക്കിയിലെ കൃഷിക്കാർക്കെതിരായി സുപ്രീംകോടതിയിൽനിന്നും വിധി പുറപ്പെടുവിപ്പിച്ചത്. ജനങ്ങളെയാകെ ദ്രോഹിച്ച യുഡിഎഫിന്റെ നിന്ന്യവും നീചവുമായ നടപടികളെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
എംപിയുടെയും
കുഴൽനാടന്റേയും
നിലപാട് ദുരൂഹം
എംപിയുടെ നിലപാട് ദുരൂഹവും ഭൂ പ്രശ്‌നങ്ങൾ സങ്കീർണമാക്കിയ കോൺഗ്രസ് ഭരണാധികാരികളുടെ ചെയ്‌തികൾക്ക് മറയിടാനാനും വേണ്ടിയുള്ളതാണ്. ഐക്യകണ്‌ഠ്യേനയാണ് നിയമസഭയിൽ ബില്ല് പാസാക്കിയത്. എംപിയുടെ നിലപാട് കോൺഗ്രസ് നേതൃത്വത്തിന്റേതാണോ എന്ന് സംസ്ഥാന നേതാക്കൾ മറുപടി പറയണം. ഭൂ നിയമ ഭേദഗതിയിൽ അഴിമതിയുണ്ടാകുമന്ന എംപിയുടെ പ്രസ്ഥാവന വിവരക്കേടും കോൺഗ്രസ് സംസ്കാരത്തിന്റ പ്രതീകവുമാണ്. നിയമ ഭേദഗതി വേണ്ട വാണിജ്യ സ്ഥാപനങ്ങൾക്കുകൂടി നിർമാണത്തിന് അനുമതി കൊടുത്താൽ മതിയായിരുന്നു എന്ന കുഴൽനാടന്റെ പ്രസ്താവന കോടതി വ്യവഹാരങ്ങളിൽ കണ്ണുവച്ചുളളതാണ്. എന്നാൽ ഇത്തരം കർഷകദ്രോഹികളുടെ നീക്കങ്ങളും കോടതി വ്യവഹാരങ്ങളും മുന്നിൽ കണ്ടാണ് എൽഡിഎഫ് സർക്കാർ സമഗ്ര നിയമ നിർമാണത്തിന് തയാറായത്. 1960 ലെ ഭൂനിയമവും 64,68,93 വർഷങ്ങളിലെ 21 അനുബന്ധ ചട്ടങ്ങളും ഏറ്റവും സമഗ്രമായി ഭേദഗതിചെയ്തുകൊണ്ടുള്ള ബില്ലാണ് സർക്കാർ നിയമസഭയിൽ പാസാക്കിയത്. ഒരു കോടതിയിലും ഒരു പരിസ്ഥിതി സംഘടനക്കും ചോദ്യം ചെയ്യാനാവാത്ത വിധത്തിലുളള അത്യന്തം വ്യക്തതയാർന്ന നിയമനിർമാണം കൊണ്ടുവന്നതിൽ ജാള്യവും നൈരാശ്യവും കൊണ്ട് കോൺഗ്രസ് നടത്തുന്ന ജൽപ്പനങ്ങൾ പൊതു സമൂഹം ഒന്നാകെ പുഛിച്ചു തള്ളുമെന്നും എൽഡിഎഫ് വ്യക്തമാക്കി. ഇതുവരെയുളള എല്ലാ നിർമാണങ്ങൾക്കും നിയമ സാധ്യത കൈവരിക്കുകയും ഇനിയുള്ള നിർമാണങ്ങൾക്കും സമ്പൂർണ സ്വാതന്ത്ര്യം ജനങ്ങൾക്ക് ലഭിക്കുകയുമാണ് നിയമ ഭേദഗതിയിലൂടെ വന്നിട്ടുളളതെന്നും ജില്ലാ കൺവീനർ കെ കെ ശിവരാമൻ നേതാക്കളായ സി വി വർഗീസ്, കെ സലീംകുമാർ, ജോസ് പാലത്തിനാൽ, അഡ്വ.കെ ടി മൈക്കിൾ, കെ എൻ റോയി, എം എ ജോസഫ്, ആമ്പൽ ജോർജ്, സിബി മൂലേപ്പറമ്പിൽ, ജോണി ചെരുവുപറമ്പിൽ, എം എം സുലൈമാൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..