25 April Thursday

കട്ടപ്പന താലൂക്ക് ആശുപത്രി ജീവനക്കാരന് 
മർദനം; ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ജീവനക്കാർ നടത്തിയ പ്രതിഷേധം

കട്ടപ്പന > കട്ടപ്പന താലൂക്ക് ആശുപത്രി അറ്റൻഡറെ മർദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാറ സ്വദേശി ശരത് രാജീവ്‌(19) ആണ്‌ അറസ്റ്റിലായത്. വീണ്‌ പരിക്കേറ്റ സുഹൃത്തിന് ആവശ്യപ്പെട്ടപ്രകാരം ചികിത്സ നൽകിയില്ലെന്ന്‌ ആരോപിച്ചാണ് താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റൻഡറെ യുവാവ് ആക്രമിച്ചത്.
 
ഗ്രേഡ് രണ്ട്‌ അറ്റൻഡറായ തൊടുപുഴ സ്വദേശി വി പി രജീഷിനാണ് പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. പരിക്കുപറ്റിയ യുവാവിനെയുമായി വെള്ളി വൈകിട്ട് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിയിരുന്നു. ആവശ്യമായ ചികിത്സ നൽകിയശേഷം മുറിവ് വൃത്തിയാക്കിയാണ്‌ അധികൃതർ പറഞ്ഞയച്ചത്. എന്നാൽ,  ബാൻഡേജ് ശരിയായില്ലെന്ന വാദവുമായി പ്രതി ശരതും പരിക്കേറ്റ സുഹൃത്തും ശനി ഉച്ചയോടെ ആശുപത്രിയിൽ എത്തി. തുടർന്ന് അറ്റൻഡർ രജീഷിന്റെ അടുത്തെത്തി മുറിവിൽ വേറെ ബാൻഡേജ് ഒട്ടിക്കണമെന്ന് ആവശ്യപ്പെട്ടു.
 
 ഒപി ചീട്ട് എടുക്കാതെ കഴിയില്ലെന്ന് അറിയിച്ചതോടെ ശരത് അറ്റൻഡറെ ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട്‌ എത്തിയ മറ്റ് സഹപ്രവർത്തകരാണ് രജീഷിനെ രക്ഷിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് എസ്ഐ കെ ദിലീപ്‌കുമാറും സിപിഒ പ്രശാന്ത് മാത്യുവുമെത്തി പ്രതിയെ പിടികൂടി. ആശുപത്രിയിൽ അതിക്രമിച്ചു കയറി സംഘർഷമുണ്ടാക്കിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ജീവനക്കാരനെ മർദിച്ചതിനുമാണ് കേസ്. 

എൻജിഒ യൂണിയൻ 
പ്രതിഷേധിച്ചു
 
താലൂക്ക്‌ ആശുപത്രിയിലെ ജീവനക്കാരനും എൻജിഒ യൂണിയൻ പ്രവർത്തകനുമായ പി വി രജീഷിനെ മർദിച്ചതിൽ എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിക്ക്‌ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്റ്‌ മഞ്‌ജുഷേൻകുമാർ, സെക്രട്ടറി മുജീബ് റഹ്മാൻ, ഏരിയ വൈസ് പ്രസിഡന്റ്‌  എൻ ആർ അംബിക, ഏരിയ കമ്മിറ്റിയംഗം കെ എ വിനോദ്കുമാർ, ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവർ സംസാരിച്ചു. 

സ്റ്റാഫ്‌ കൗൺസിൽ 
പ്രതിഷേധം 
 
ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ആളും സഹായിയും ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ മർദിച്ചതിൽ ആശുപത്രി സ്റ്റാഫ്‌ കൗൺസിൽ പ്രതിഷേധിച്ചു. കുറ്റക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആശുപതി സൂപ്രണ്ട് ഡോ. കെ ബി ശ്രീകാന്ത് ആവശ്യപ്പെട്ടു. യോഗത്തിൽ ഡോക്ടർമാരായ അഭിലാഷ് പുരുഷോത്തമൻ, എം എസ് നിധിൻ, വിനിത കമോൺസ്, ഹെഡ് നഴ്സ് എം ആർ ഷീജ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top