29 March Friday
ഇടുക്കി പാക്കേജ്‌ പ്രവർത്തനപഥത്തിലേക്ക്‌

ഹൃദയം തൊട്ടറിഞ്ഞ്‌...

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

 ഇടുക്കി

ജില്ലയുടെ ഹൃദയം തൊട്ടറിഞ്ഞ് സംസ്ഥാന സർക്കാരിന്റെ ജനപ്രിയ ബജറ്റ്‌. തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെയും ചക്ക പോലുള്ള പഴവർഗങ്ങളുടെയും മൃഗപരിപാലനത്തിന്റെയും ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും ഉയർത്തുക, ഇവയുടെ അടിസ്ഥാനത്തിലുള്ള കാർഷിക സംസ്‌കരണ വ്യവസായങ്ങൾ സ്ഥാപിക്കുക, പ്രകൃതി സന്തുലനാവസ്ഥ സംരക്ഷിക്കുക എന്നിവയാണ് ഇടുക്കിയുടെ സമഗ്രവികസനത്തിനുള്ള അടിസ്ഥാന സമീപനങ്ങളെന്ന്‌ ബജറ്റ്‌ പ്രസംഗത്തിൽ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. 
 ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഗതിവേഗം കൈവരിച്ചിട്ടില്ല. ഈ പ്രവർത്തനങ്ങൾ 2021–-22ൽ പ്രവർത്തനപഥത്തിലെത്തും. ഭൂവിനിയോഗം സംബന്ധിച്ച് ഒരു അഭിപ്രായ സമന്വയം താഴെത്തട്ടിൽനിന്ന്‌ ഉയർന്നുവരേണ്ടതുണ്ട്. നീർത്തടാടിസ്ഥാനത്തിലുള്ള സമഗ്ര ഭൂവിനിയോഗ ആസൂത്രണമാണ്‌ വേണ്ടത്. ഇത്തരമൊരു പാക്കേജിന് ആവശ്യമായ പണം റീബിൽഡ് കേരളയിൽനിന്ന്‌ കണ്ടെത്തും. ഇതുസംബന്ധിച്ചുള്ള ശിൽപ്പശാല മുഖ്യമന്ത്രികൂടി പങ്കെടുത്ത്‌ ജില്ലയിൽ ഈ മാസം സംഘടിപ്പിക്കും. 
വിനോദസഞ്ചാരത്തിന്‌ 
പുത്തനുണർവ്‌
കോവിഡിനെത്തുടർന്ന്‌ പ്രതിസന്ധിയിലായ ജില്ലയിലെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ കരുത്തേകുന്നതാണ്‌ ബജറ്റിലെ പ്രഖ്യാപനങ്ങൾ. ടൂറിസം സംരംഭകർക്ക് പലിശയിളവോടു കൂടിയ വായ്‌പയും വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കാനുമുള്ള തീരുമാനവും പുത്തനുണർവാണ്‌ മേഖലയ്‌ക്ക്‌ നൽകിയിരിക്കുന്നത്‌. 
1000 കോടിയുടെ നിർമാണ
പ്രവർത്തനങ്ങൾ
ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1000 കോടി രൂപയുടെ നിർമാണപ്രവൃത്തികളാണ് ഏറ്റെടുക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 245 കോടി രൂപയുടെ റോഡുകളും പാലങ്ങളുമാണ് നിർമിക്കുന്നത്‌. ബോഡിമെട്ട്– മൂന്നാർ ദേശീയപാതയുടെ നിർമാണം നടക്കുകയാണ്‌. മെഡിക്കൽ കോളേജ് കെട്ടിടങ്ങളുടെ നിർമാണം പൂർത്തീകരിക്കും. ആവശ്യമായ ജീവനക്കാരെയും ഇവിടെ നിയമിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top