ഇടുക്കി
ഭൂപതിവ്നിയമഭേദഗതി ബിൽ പ്രാബല്യത്തിലായതോടെ ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ചുള്ള കുരുക്കുകൾക്കും സങ്കീർണതകൾക്കും അറുതി. ചില കോൺഗ്രസ് പ്രതിനിധികളുടെ വിയോജിപ്പിലും എതിർപ്പിലും ജനകീയ സർക്കാരിന്റെ ഇച്ഛാശക്തിയും കർഷകരോടുള്ള പ്രതിബദ്ധതയുമാണ് ബിൽ നിയമസഭയിൽ പാസായതോടെ പ്രകടമായത്. ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടാൻ പാടില്ലെന്ന് ആഗ്രഹിച്ചിരുന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തനിനിറവും കാപട്യവും ഇതോടെ അനാവൃതമായി. അരനൂറ്റാണ്ടിലധികമായി ജില്ലയിലെ കർഷക ജനതക്കെതിരായി നിലനിന്നിരുന്ന നിയമത്തെ മാറ്റിയെടുക്കാൻ കഠിനശ്രമമാണ് സർക്കാർ നടത്തിയത്. കഴിഞ്ഞമാസം ബിൽ നിയമസഭയിലെത്തിയപ്പോൾ ബഹിഷ്‌കരിച്ച കോൺഗ്രസ് കാട്ടിയത് ജനവഞ്ചനയും കാപട്യവുമാണെന്ന് ജനം തിരിച്ചറിയുന്നു. ജില്ല രൂപംകൊണ്ട കാലം മുതൽ കർഷകർ നേരിടുന്ന ആശങ്കകൾക്കാണ് എൽഡിഎഫ് സർക്കാർ പരിഹാരം കാണുന്നത്. യുപിഎ, യുഡിഎഫ് സർക്കാരുകളും കപട–-പരിസ്ഥിതി സംഘടനകളുടെ കോടതി വ്യവഹാരങ്ങളിലൂടെയും സങ്കീർണമാക്കിയ ഭൂവിഷയങ്ങളിലെ കുരുക്കകളാണ് അഴിയുന്നത്.
കൃഷി, വീട് നിർമാണം എന്നിവയ്‍ക്ക് അനുവദിച്ച ഭൂമിയിൽ നടത്തിയ മറ്റ് വിനിയോഗം ക്രമപ്പെടുത്താൻ അധികാരം നൽകുന്ന വ്യവസ്ഥകളുള്ളതാണ് ബിൽ. ജീവിതോപാധിക്കായി നടത്തിയ ചെറുനിർമാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ബിൽ നിയമമായതോടെ ക്രമീകരിക്കപ്പെടും. പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കുകയും ചെയ്യും. 1993 ഭൂനിയമ ചട്ടങ്ങളിൽ കുടുങ്ങികിടന്ന ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലെ ഷോപ്പ് സൈറ്റുകൾക്കും പട്ടയം ലഭിക്കും.
വഷളാക്കിയത്
കോൺഗ്രസ്
1964ൽ കോൺഗ്രസ് നേതാവ് ആർ ശങ്കർ മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ കേരളാ ഭൂപതിവ് ചട്ടത്തിലെ നാലാംചട്ടമാണ് ജില്ലയിലെ നിർമാണ മേഖലയിലെ സ്തംഭനാവസ്ഥയ്‍ക്ക് കാരണമായത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന 1993ലെ വനഭൂമിയിലെ കുടിയേറ്റം ക്രമീകരിക്കൽ പ്രത്യേക ചട്ടങ്ങളും ഭൂപ്രശ്‌നങ്ങൾ സങ്കീർണമാക്കി. 1964 ലെയും 1993 ലെയും ഭൂമിപതിവ് ചട്ടപ്രകാരം പതിച്ചുകിട്ടുന്ന ഭൂമി കൃഷിക്കും വീട് നിർമാണത്തിനും മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. 1964ലെ ഭൂപതിവ് ചട്ടത്തിലെ എട്ടാം വ്യവസ്ഥ പ്രകാരം ഭൂമി മറ്റ് ആവശ്യങ്ങൾക്ക് പട്ടയം റദ്ദാക്കാനുള്ള അധികാരം കൂട്ടിച്ചേർത്തതാണ് ഇടുക്കിയിലെ കർഷകർക്ക് തിരിച്ചടിയായത്. 2012ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നിയമം നടപ്പാക്കണമെന്ന് ഹൈക്കോടതിയിൽ ആദ്യമായി ആവശ്യപ്പെട്ടത്.
1964ലെ ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ചിന്നക്കനാലിൽ നിർമിച്ച സ്വകാര്യ കെട്ടിടം ഏറ്റെടുക്കണമെന്ന് യുഡിഎഫ് സർക്കാർ ആവശ്യപ്പെട്ടതോടെ നിബന്ധനകൾ ആദ്യമായി ജില്ലയിൽ നടപ്പായി. പള്ളിവാസൽ പഞ്ചായത്തിൽ കെട്ടിടം നിർമിച്ചയാളുടെ പട്ടയം റദ്ദാക്കിയതും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഇടപെടലിലാണ്. 2014 ഏപ്രിൽ 24ന് മൂന്നാറിനൊപ്പം മറ്റ് എട്ട് വില്ലേജുകളിൽ നിർമാണ നിരോധനം ഏർപ്പെടുത്തിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..