26 April Friday

കാലാവധി കഴിഞ്ഞ ഏലം 
കുത്തകപ്പാട്ടം പുതുക്കാനാവശ്യപ്പെട്ടു: എം എം മണി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ നടന്ന പട്ടയമേളയിൽ എം എം മണി എംഎൽഎ പട്ടയം വിതരണം ചെയ്യുന്നു

നെടുങ്കണ്ടം
ജില്ലയിലെ ഏലം കുത്തകപ്പാട്ട ഭൂമിയിൽ കാലാവധി കഴിഞ്ഞവയുടെ പാട്ടം പുതുക്കി നൽകണമെന്ന് റവന്യു മന്ത്രിയോടും സർക്കാരിനോടും ആവശ്യപ്പെട്ടതായി എം എം മണി എംഎൽഎ. നിലവിലെ ഭൂമി പതിവ് ചട്ടങ്ങൾ കാലഹരണപ്പെട്ടതാണെന്ന് സർക്കാരിനറിയാം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ 1964-ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യേണ്ടത് പൊതുവായ ആവശ്യമാണ്. നിയമം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. 
    അതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും എം എം മണി പറഞ്ഞു. ഉടുമ്പൻചോല താലൂക്ക്‌ ഓഫീസിൽ നടന്ന പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുത്തകപ്പാട്ട ഭൂമിയിൽനിന്ന്‌ ഏലം കൃഷി ഒഴിവാക്കാനാവില്ല. പാട്ടക്കാലാവധി തീർന്ന ആയിരക്കണക്കിന് ഏക്കർ ഭൂമിയിൽ ഇപ്പോഴും കൃഷി നടത്തുകയും ആദായമെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, സർക്കാരിന് വരുമാനമൊന്നും ലഭിക്കുന്നില്ല. പാട്ടം പുതുക്കി നൽകിയാൽ പാട്ടത്തുകയും കരവും സർക്കാരിന് വരുമാനമായി ലഭിക്കും. ഒപ്പം കർഷകന് കുത്തകപ്പാട്ട ഭൂമിയുടെ കൃത്യമായ രേഖയും നൽകാനാകുമെന്നും എം എം മണി പറഞ്ഞു. 
     ഉടുമ്പൻചോല താലൂക്കിൽ 240 പട്ടയമാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഇതിൽ 209 എൽഎ പട്ടയവും 31 എച്ച്‌ആർസി പട്ടയവുമാണ്‌. നെടുങ്കണ്ടം എൽഎ ഓഫീസിന് കീഴിൽ 65 പട്ടയവും രാജകുമാരിയിൽ 65 പട്ടയവും കട്ടപ്പന എൽഎ ഓഫീസിന് കീഴിലുള്ള ഇരട്ടയാർ വില്ലേജിലെ 84 പട്ടയവുമാണ് വിതരണം ചെയ്യുന്നത്. നാല് എച്ച്ആർസി പട്ടയവും ആറ് എൽഎ പട്ടയവും എം എം മണി എംഎൽഎ വിതരണം ചെയ്തു. ബാക്കിയുള്ളവ അതത് വില്ലേജ് ഓഫീസുകൾ വിതരണംചെയ്യും. 
ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ അധ്യക്ഷനായി.  നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി എസ് ബാബു, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, വൈസ് പ്രസിഡന്റ് സിജോ നടക്കൽ, പഞ്ചായത്തംഗങ്ങളായ ബിന്ദു സഹദേവൻ ജോജി, കെ എൻ തങ്കപ്പൻ, എൽഎ തഹസിൽദാർ ബാബു, വില്ലേജ് ഓഫീസർ ടി എ  പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top