24 April Wednesday

സബ് രജിസ്ട്രാർ മന്ദിരങ്ങൾ നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
ഇടുക്കി
തോപ്രാംകുടി, ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു.  തോപ്രാംകുടിയിൽ കിഫ്ബിയുടെ 1.28 കോടി രൂപ ചെലവഴിച്ചാണ് ഇരുനിലകളിലായി മന്ദിരം നിർമിച്ചിട്ടുള്ളത്. താഴെ ഓഫീസും മുകൾനിലയിൽ റെക്കോർഡ് റൂമും ആണ്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുതോട്, തങ്കമണി, കൊന്നത്തടി, വാത്തിക്കുടി വില്ലേജുകളിലെ രജിസ്‌ട്രേഷൻ നടപടികൾ തോപ്രാംകുടി സബ്‌ രജിസ്ട്രാർ ഓഫീസിന് കീഴിലാണ്. മുരിക്കാശ്ശേരി സഹകരണബാങ്ക് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പ്രദേശിക ചടങ്ങ്‌ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു ഉപാധ്യക്ഷനായി. ഓഫീസിന് സൗജന്യമായി സ്ഥലം കൈമാറിയ ബൈജു തോമസ് കല്ലറയ്ക്കലിനെയും വാടകരഹിതമായി കെട്ടിടം അനുവദിച്ച റോയ് മാത്യു നരമംഗലത്തെയും കെട്ടിടം നിർമിച്ച കരാറുകാരൻ അനീഷ് സെബാസ്റ്റ്യനെയും ആദരിച്ചു.    
ത്രിതല പഞ്ചായത്തംഗങ്ങളായ കെ ബി സെൽവം, പ്രദീപ് ജോർജ്, ഉൻമേഷ്, എറണാകുളം ജില്ലാ രജിസ്ട്രാർ എബി ജോർജ്, സബ് രജിസ്ട്രാർ കെ ആർ രഘു, വിവിധ സംഘടനാ നേതാക്കളായ എം കെ പ്രിയൻ, മിനി സാബു, ഷിജോ കണിയാംപറമ്പിൽ എന്നിവർ സന്നിഹിതരായി.
മുണ്ടിയെരുമയിൽ ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫീസ് 4164 ചതുരശ്രഅടി വിസ്തീർണത്തിൽ 1.31 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഇരു നിലകളിലായി പണിതിരിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ താഴെ ഓഫീസും മുകൾനിലയിൽ റെക്കോർഡ് റൂമും ക്രമീകരിച്ചിട്ടുണ്ട്‌. ഉടുമ്പൻചോല, കരുണാപുരം, കാന്തിപ്പാറ, പാറത്തോട്, ചതുരംഗപ്പാറ, പാമ്പാടുംപാറ വില്ലേജുകളിലെ രജിസ്‌ട്രേഷൻ നടപടികൾ ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫീസിൽ നിർവഹിക്കാം.
ഉടുമ്പൻചോല സബ് രജിസ്ട്രാർ അങ്കണത്തിൽ ചേർന്ന പ്രാദേശികയോഗം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നിർമ്മല നന്ദകുമാർ ഉപാധ്യക്ഷയായി. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുധാകരൻ, വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗം പി എൻ വിജയൻ, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളായ ടി എം ജോൺ, പി കെ സദാശിവൻ, ജോസ് പാലത്തിനാൽ എന്നിവർ സന്നിഹിതരായി. ജില്ലാ രജിസ്ട്രാർ എം എൻ കൃഷ്ണപ്രസാദ് സ്വാഗതവും കൺസ്ട്രക്ഷൻ കോർപറേഷൻ പ്രൊജക്ട് എൻജിനിയർ വി എസ്‌ തമ്പി റിപ്പോർട്ടും അവതരിപ്പിച്ചു. ഉടുമ്പൻചോല സബ് രജിസ്ട്രാർ കെ ടി ബാബു നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top