29 March Friday

കൂടുതൽ അന്വേഷണത്തിന്‌ ഉത്തരവ്‌ അടിമാലി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്: കുരുക്ക്‌ മുറുകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 

സ്വന്തം ലേഖകന്‍
ഇടുക്കി
അടിമാലി സഹകരണബാങ്കിലെ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെയുള്ള കുരുക്ക്‌ മുറുകുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ നിർദേശത്തിൽ അന്വേഷണസംഘം ബാങ്കിലെത്തി വിശദ പരിശോധന നടത്തും. വായ്‌പാ തട്ടിപ്പിനെ തുടർന്ന്‌ സിപിഐ എം നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുകയും വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമുയർന്നതോടെ പുതിയ അന്വേഷണം ആരംഭിച്ചു. ജീവനക്കാരിക്കെതിരെ നടപടിയെടുത്ത് തടിതപ്പാനാണ് കോൺഗ്രസ്‌ ഭരണസമിതി ശ്രമിക്കുന്നത്. അക്കൗണ്ടന്റ്‌ സോഫിയെയാണ് സസ്‌പെൻഡ്‌ ചെയ്തത്. ഇവർ വിദേശത്തുള്ള മകന്റെ പേരിൽ രണ്ടുലക്ഷം രൂപയുടെ വായ്‌പ തരപ്പെടുത്തിയിരുന്നു. ഇതിനായി സമർപ്പിച്ച മകന്റെ പേരിലുള്ള അപേക്ഷയും സത്യവാങ്മൂലവും വ്യാജമാണ്. വായ്‌പയെടുത്ത മകൻ വർഷങ്ങളായി വിദേശത്താണ്. ഒരുവർഷംമുമ്പാണ്‌ നാട്ടിലെത്തിയത്‌. ഇയാളുടെ പേരിലും മറ്റൊരു മകന്റെ പേരിലും രണ്ടുലക്ഷം വീതമാണ്‌ വായ്‌പയെടുത്തത്‌. 
ബ്രാഞ്ച്‌ മാനേജർ എല്ലക്കൽ സഹകരണ ബാങ്കിലെ ജീവനക്കാരന്റെ പേരിലും വായ്‌പയെടുത്തു. അപേക്ഷകൻ ബാങ്കിലെത്തുകയോ ഒപ്പിട്ടു നൽകുകയോ ചെയ്‌തിട്ടില്ല. ഇയാൾ അറിയാതെയാണ് മാനേജർ വായ്‌പ തരപ്പെടുത്തിയത്. മുൻ സെക്രട്ടറിയും കുടുംബാംഗങ്ങളും ലക്ഷങ്ങൾ വായ്‌പയെടുത്ത് ബാങ്കിൽതന്നെ നിക്ഷേപവും നടത്തി.
പണയംവച്ചിട്ടുള്ള സ്വർണം വ്യാജമാണെന്ന ആക്ഷേപമുള്ളതിനാൽ വിശദപരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന ആവശ്യവും ശക്തമായി. ജീവനക്കാരിൽ ചിലർതന്നെയാണ് സംശയം ഉന്നയിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന്‌ ഇവർ അറിയിച്ചിട്ടുണ്ട്‌. കേരള ബാങ്ക് വഴി അഞ്ചുകോടി രൂപയാണ് അടിമാലി സഹകരണ ബാങ്കിന് അനുവദിച്ചത്. കോവിഡ് ദുരിതം അനുഭവിച്ച കർഷകരെ സഹായിക്കാൻ ആറുശതമാനം പലിശയ്‌ക്ക് വായ്‌പ നൽകാനായിരുന്നു നിർദേശം. എന്നാൽ, തുക സംബന്ധിച്ച് ബാങ്ക് കർഷകരിൽ പ്രചാരണം നടത്തിയില്ല. പണം ലഭിച്ച വിവരം രഹസ്യമായി സൂക്ഷിച്ചു. ബോർഡ് അംഗങ്ങളും ജീവനക്കാരുടെ കുടുംബക്കാർക്കും രഹസ്യമായി വായ്‌പ നൽകുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top