29 March Friday
സിഎച്ച്ആർ വനമാണെന്ന റിപ്പോർട്ട് സർക്കാർ റദ്ദാക്കി

ഏലമലക്കാടുകൾ റവന്യൂ ഭൂമി തന്നെ കർഷകർക്ക് ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
ഇടുക്കി
ഇടുക്കിയിലെ ലക്ഷക്കണക്കിന് കുടിയേറ്റ കർഷകരെ ആശങ്കയിലാക്കിയ ഏലമലക്കാടുകൾ വനഭൂമിയാണെന്ന അഡീഷ്ണൽ  ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എൽഡിഎഫ് സർക്കാർ റദ്ദുചെയ്തു. 2018 ലെ സുപ്രീംകോടതി വിധിയനുസരിച്ച് കാർഡം ഹിൽസ് റിസർവ് ഭൂമി റവന്യൂവകുപ്പിന്റെ അധികാരത്തിൽപ്പെട്ട ഭൂമിയാണ്.വനം വകുപ്പിന് ഏലത്തോട്ടങ്ങളിലെ മരങ്ങളുടെ സംരക്ഷണ ചുമതലമാത്രമാണുള്ളത്. ഇക്കാര്യങ്ങൾ പഠിക്കാതെ സിഎച്ച്ആർ വനം ആണെന്ന് പ്രഖ്യാപിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് മെയ് ഏഴിന് പുറത്തിറക്കിയ  ഉത്തരവ് വ്യാപക പ്രതിഷേധത്തിനിടയാക്കി. 
 ജില്ലയിൽ വിവിധ പദ്ധതിപ്രദേശങ്ങളിലെ ഉൾപ്പെടെയുള്ള പട്ടയവിതരണം പുരോഗമിക്കുന്നതിനിടെ, അഡീഷ്ണൽ ചീഫ് സെക്രട്ടറി കപട പരിസ്ഥിതിവാദികളെ സഹായിക്കാനായി ഉത്തരവിറക്കിയതെന്നും ആക്ഷേപമുയരുന്നുണ്ട്. ഇതു മുതലാക്കി കോൺഗ്രസും  ഡീൻ കുര്യാക്കോസ് എംപിയുടെ അടുപ്പക്കാരായ ആളുകളും ചേർന്ന് രൂപീകരിച്ച അതിജീവന പോരാട്ട വേദിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്താനുള്ള നീക്കത്തിലായിരുന്നു. 
      ജയതിലകിന്റെ കർഷകവിരുദ്ധ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കർഷകരുടെ ആശങ്ക പങ്കുവച്ച് ഉത്തരവിലെ വിവാദമായ ആറാം ഖണ്ഡിക നീക്കി പുതിയ ഉത്തരവ് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റ്യൻ  റവന്യൂ മന്ത്രി  കെ രാജനെ നേരിൽകണ്ടു.  റിപ്പോർട്ടിലെ പിശകുകൾ വിശദമായി ധരിപ്പിക്കുകയും ചെയ്തു.
ഇതോടെ റവന്യൂ മന്ത്രി കെ രാജൻ കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന ഉത്തരവിലെ ആറാം ഖണ്ഡികയും ഏഴാം ഖണ്ഡികയിലെ ഏതാനും ഭാഗങ്ങളും ഒഴിവാക്കാനും പുതിയ സർക്കാർ ഉത്തരവ്  പുറത്തിറക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു. ഇടുക്കിയിലെ ജനങ്ങളുടെയും കർഷകരുടെയും പ്രശ്‌നങ്ങളിൽ അനുഭാവ പൂർവം ഇടപെടുന്ന സർക്കാരാണിതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.  പുതിയ ഉത്തരവനുസരിച്ച് കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) റവന്യൂ ഭൂമിയാണെന്ന മുൻ നിലപാടിൽ മാറ്റമില്ല. സുപ്രീം കോടതി ഉത്തരവും ഇക്കാര്യമാണ് ശരിവെക്കുന്നത്. 
  ഗാഡ്ഗിൽ – കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഇടുക്കിയിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പുറന്തള്ളപ്പെട്ടവരാണ്  സാധാരണക്കാർക്കുള്ള പട്ടയ വിതരണത്തെ തടസ്സപ്പെടുത്താൻ കോടതികളെ സമീപിക്കുന്നത്. കാലാകാലങ്ങളിൽ കപടപരിസ്ഥിതി വാദികൾ നൽകുന്ന കേസുകളിലുള്ള റവന്യൂവകുപ്പിന്റെ ഉത്തരവുകളുമാണ് ജില്ലയിലെ ഭൂപ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. 
  ഉമ്മൻചാണ്ടി സർക്കാർ 16 ഉപാധികളോടെയാണ് പട്ടയം നൽകിയത്. ബാങ്കുകളിൽ കർഷകർക്ക് വായ്പപോലും കിട്ടാത്ത ദയനീയ സാഹചര്യമായിരുന്നു.ജില്ലയിലെ കർഷകർക്ക്  ഉപാധിരഹിത പട്ടയം നൽകാനും ഇരട്ടയാറ്റിലെ ഉൾപ്പെടെയുള്ള പദ്ധതി പ്രദേശ മേഖലകളിൽ പട്ടയവിതരണത്തിനും ചുക്കാൻപിടിച്ചത് മുൻ വെെദ്യുതിമന്ത്രി എം എം മണി എംഎൽഎയുടെ നേതൃത്വത്തിലാണ്. കല്ലാർകുട്ടിയുടെ പദ്ധതിപ്രദേശങ്ങളിൽ പട്ടയം നൽകുന്നതിന് കെഎസ്ഇബിക്ക് തടസമില്ലെന്നും മന്ത്രിയായിരുന്ന എം എം മണി റിപ്പോർട്ടും നൽകിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ വിധിയനുസരിച്ച് 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യാനുള്ള നടപടിക്രമങ്ങളും സർക്കാർ സ്വീകരിച്ചുവരുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top