28 March Thursday

വാതിൽപ്പടി സേവനം മുഴുവൻ പഞ്ചായത്തിലും എത്തിക്കും: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

പഞ്ചായത്തുകളിലെ ജില്ലാതല റിസോഴ്സ് കേന്ദ്രം തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുന്നു

ഇടുക്കി
വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി വേഗത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച വാതിൽപ്പടി സേവനം ഒക്ടോബറോടെ എല്ലാ പഞ്ചായത്തുകളിലും ഏർപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. പൈനാവിൽ ജില്ലാതല റിസോഴ്‌സ് സെന്ററും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
       ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും സൗകര്യാർഥമാണ് വാതിൽപ്പടി സേവനം ആവിഷ്‌കരിച്ചത്. വിവിധ സേവനങ്ങളെ ഒരു കുടക്കീഴിൽ ഏകീകരിക്കുകയാണ് ലക്ഷ്യം. ഇപ്പോൾ 213 സേവനങ്ങൾ 303 പഞ്ചായത്തുകളിൽ എത്തിച്ചുകഴിഞ്ഞു. വികസനത്തിനായുള്ള ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം അധിക വിഭവസ്രോതസ്സുകളും കണ്ടെത്തണം. അടിസ്ഥാനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണ്.
       രണ്ടാം പിണറായി സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിലൊന്ന് സംസ്ഥാനത്തെ അതിദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. ഇതിനായി സർവേ ആരംഭിച്ചു. ഇതിലൂടെ അവരെ മുഖ്യധാരയിലേക്ക്‌ ചേർക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ തൊഴിലില്ലായ്‌മയ്‌ക്ക്‌ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഒരു പഞ്ചായത്തിലെ ആയിരത്തിൽ അഞ്ച് പേർക്ക് എന്ന തരത്തിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സംരംഭകത്വ പദ്ധതി ആസൂത്രണം ചെയ്തുവരുകയാണെന്ന് മന്ത്രി അറിയിച്ചു. 
      ജില്ലാ ഓഫീസുകൾ കലക്ടറേറ്റിനോടനുബന്ധിച്ച് പ്രവർത്തിക്കുമ്പോൾ ഭരണസംവിധാനം മെച്ചപ്പെടുകയും കേന്ദ്രീകൃതമായ ഭരണരീതി ഉണ്ടാകുമെന്നും യോഗത്തിൽ അധ്യക്ഷനായിരുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ്‌ ജില്ലാ ആസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുമ്പോൾ വികസനത്തിനും പദ്ധതി ആസൂത്രണത്തിലും വലിയ മുന്നേറ്റം കൊണ്ടുവരാനാവും. കഴിഞ്ഞ ഭരണക്കാലത്ത് പൂർത്തിയാക്കാൻ സാധിക്കാത്ത പദ്ധതികളാണ്  സമയബന്ധിതമായി  നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
     ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്ഥാപനത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ എം എം മണി, പി ജെ ജോസഫ്, വാഴൂർ സോമൻ, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, പഞ്ചായത്ത് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കലക്ടർ ഷീബ ജോർജ്, ഉഷാകുമാരി മോഹൻകുമാർ, പി അജിത്കുമാർ, എസ് ജോസ്‌നമോൾ, കെ ജി സത്യൻ, സി വി വർഗീസ്, കെ വി കുര്യാക്കോസ്, ജോർജ്‌ പോൾ, ഡിറ്റാജ് ജോസഫ്, രാജു ജോസഫ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ പി ജെ തങ്കച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top