20 April Saturday

തോരാതെ മഴ, വിറങ്ങലിച്ച് ഹൈറേഞ്ച്

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
കട്ടപ്പന
തോരാതെ പെയ്യുന്ന പെരുമഴയിലും കോടമഞ്ഞിലും വിറങ്ങലിച്ച് ഹൈറേഞ്ച് മേഖല. ഒരാഴ്ചയായി ഇടവിട്ട് മഴയും മഞ്ഞും അനുഭവപ്പെടുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ കാലാവസ്ഥ പാടേ മാറുകയായിരുന്നു. തുള്ളിതോരാതെ ചാറി നിൽക്കുന്ന മഴയിൽ പലയിടത്തും ജനജീവിതം ദുസ്സഹമാക്കി. മൂന്നു ദിവസമായി ഹൈറേഞ്ച് മേഖലയിൽ പലയിടത്തും സൂര്യനെ കാണാൻപോലും സാധിച്ചിട്ടില്ല.     മഴയ്‌ക്കും കോടമഞ്ഞിനുമൊപ്പം അതിശൈത്യം കൂടിയെത്തിയതോടെ വീടിന്‌ പുറത്തിറങ്ങാൻതന്നെ ആളുകൾ മടിക്കുകയാണ്. കട്ടപ്പന, നെടുങ്കണ്ടം, ഉടുമ്പൻചോല, കുമളി, കുട്ടിക്കാനം, പീരുമേട്, ഏലപ്പാറ, വണ്ടൻമേട് തുടങ്ങി ഹൈറേഞ്ചിലെ എല്ലാ മേഖലയിലും മഴയും കോടമഞ്ഞും പെയ്‌തിറങ്ങുന്നുണ്ട്. 
ഹൈറേഞ്ച് മേഖലയിൽ നട്ടുച്ചയ്‌ക്കുപോലും കോട പെയ്തിറങ്ങുന്നതാണ് കാഴ്ച. ഉയരംകൂടിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഭീതി വിതയ്‌ക്കുന്നുണ്ട്. കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകളും വീടുകളും തകരാറിലായി. ചിലയിടങ്ങൾ വൈദ്യുതി മുടങ്ങിയതോടെ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. പുഴകളും ചെറുതോടുകളും ജലസമൃദ്ധമായിട്ടുണ്ട്. പെരിയാറിലെ നീരൊഴുക്കും വർധിച്ചു.    അതേസമയം, മഴയും മഞ്ഞും ആസ്വദിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ട്. മകരവിളക്ക് പ്രമാണിച്ച് 14ന് പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും സഞ്ചാരികൾക്ക് വിലക്കുണ്ട്. ഇടമുറിയാതെ മഴ തുടരുന്നതോടെ കല്ലാർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ആവശ്യഘട്ടത്തിൽ കല്ലാർ ഡൈവേർഷൻ ഡാം തുറക്കുന്നതിനുള്ള നടപടികൾ കെഎസ്ഇബി തുടങ്ങിക്കഴിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top