25 April Thursday

ജില്ലാ പഞ്ചായത്തിന്റേത് യുവാക്കളോടുള്ള വെല്ലുവിളി: സ്പോർട്സ് കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020
ചെറുതോണി
കായികതാരങ്ങളോടും ഭാവിയുടെ വാഗ്‌ദാനമായ യുവജന സമൂഹത്തോടുമുള്ള വെല്ലുവിളിയാണ് ജില്ലാ പഞ്ചായത്ത് നടത്തുന്നതെന്ന് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ റോമിയോ സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയാന്ധത ബാധിച്ച ജില്ലാ പഞ്ചായത്തിന്റെ നേതൃത്വം അസത്യപ്രചാരണം നടത്തി 7.5 കോടിയുടെ സിന്തറ്റിക് സ്റ്റേഡിയം നഷ്ടപ്പെടുത്താൻ ശ്രമിക്കുകയാണ്. 
     ഇടുക്കിയിൽ ഏഴ് ഏക്കർ സ്ഥലത്ത് 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതിലൂടെ കായിക മന്ത്രാലയത്തിനും സർക്കാരിനും സൽപ്പേര് ഉണ്ടാകുമെന്ന സങ്കുചിതരാഷ്ട്രീയ ചിന്തയാണ് ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തെ സ്റ്റേഡിയത്തിനെതിരെ തിരിച്ചത്. 22 വർഷമായി കൈവശംവയ്ക്കുകയും വാടകവാങ്ങുകയും ചെയ്ത ഐഡിഎ സ്റ്റേഡിയം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അല്ലെന്നാണ് പുതിയ കണ്ടെത്തൽ.
  സ്റ്റേഡിയം നിർമിക്കുന്നതിനായി ജില്ലാ പഞ്ചായത്തിനോട് മൈതാനം വിട്ടുനൽകണമെന്ന്‌ ആവശ്യപ്പെട്ട് 2020 മെയ് 27ന് ജില്ലാ സ്പോർട്സ് കൗൺസിൽ കത്തുനൽകിയതാണ്. പദ്ധതി നടപ്പാക്കാതിരിക്കാൻ പരമാവധി ശ്രമിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഭൂമിയുടെ ഉടമസ്ഥാവകാശമില്ല എന്ന് മനസ്സിലായതോടെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച് അവ്യക്തതയുണ്ടെങ്കിൽ മൂന്നരമാസം മുമ്പ് സ്പോർട്സ് കൗൺസിൽ അപേക്ഷ വച്ചപ്പോൾതന്നെ വ്യക്തമാക്കണമായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ജില്ലയിലാകെ പ്രതിഷേധമുയർന്നപ്പോഴാണ് ഇപ്പോൾ തെറ്റിദ്ധാരണ പരത്താൻ ആരോപണങ്ങളുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മുതിരുന്നത്.
 അപേക്ഷയിൽ പിശകുണ്ട്, പിന്നീട് ഓർമിപ്പിച്ച് കത്തുതന്നില്ല, മാസ്റ്റർപ്ലാൻ പോരാ, സ്പോർട്സ് കൗൺസിലിന്റെ  ചീഫ് എൻജിനിയർ ഗ്രൗണ്ട് പരിശോധനയ്ക്ക് വന്നപ്പോൾ വിളിച്ചില്ല എന്നീ കളവുകൾ പറയുന്നതുതന്നെ പദ്ധതിക്കെതിരെയുള്ള ജില്ലാ പഞ്ചായത്തിന്റെ രാഷ്ട്രീയ എതിർപ്പാണ് വ്യക്തമാക്കുന്നത്. രണ്ടുവട്ടം നേരിൽ കണ്ട് പദ്ധതി നഷ്ടപ്പെടുത്തരുതെന്ന് അഭ്യർഥിച്ചതാണെന്നും റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു.
ഷൈനി വിൽസണും കെ എം ബീനാമോളും പ്രീജാ ശ്രീധരനും എല്ലാം ലോകജനത ആദരിക്കുന്ന കായിക താരങ്ങളാണ്. അവർക്ക് ജന്മം നൽകിയ മലയോരമണ്ണിലെ ഭാവി പ്രതീക്ഷകളുടെ സ്വപ്നം തകർത്തെറിയാൻ ശ്രമിച്ച ജില്ലാ പഞ്ചായത്തിന്റെ ഭരണനേതൃത്വത്തിന് ചരിത്രം മാപ്പുനൽകില്ല. ജില്ലാ പഞ്ചായത്ത് പിന്നിൽനിന്ന് കുത്തിയെങ്കിലും പദ്ധതി യാഥാർഥ്യമാക്കുന്നതിന് മറ്റ് വഴികൾ തേടുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top