19 April Friday

നിധിയാണീ പട്ടയം...

സ്വന്തം ലേഖകന്‍Updated: Saturday Sep 12, 2020
പെരിങ്ങാശ്ശേരി
‘‘ഈ പട്ടയത്തെ നിധിപോലെയാണ്‌ ഞങ്ങൾ കാണുന്നത്‌. നൂറ്റാണ്ടിനുമുമ്പ് വനഭൂമിയിൽ അഭയാർഥികളായെത്തി വിയർപ്പൊഴുക്കിയ ഞങ്ങളുടെ പൂർവികരെ ഈ സർക്കാർ മറന്നില്ല. കഴിഞ്ഞ രണ്ടു തലമുറയ്‌ക്ക്‌ ഒരു പട്ടയത്തിന്റെ പത്രംപോലും കാണാൻ ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോൾ ഞങ്ങൾക്ക് നിറഞ്ഞ‌ ആത്മസംതൃപ്‌തിയാണ്‌..‌.’’ എൽഡിഎഫ്‌ സർക്കാരിൽനിന്ന്‌ പട്ടയം ഏറ്റുവാങ്ങാൻ ഒരുങ്ങുന്ന ഉപ്പുകുന്ന് പൊന്തൻപ്ലാക്കൽ ഉണ്ണികൃഷ്ണൻ വികാരാധീനനായി പറഞ്ഞു.
 മൂന്നുനാലു തലമുറ മുമ്പ് ഉപ്പുകുന്ന് മേഖലയിൽ വന്നു താമസമാക്കിയവരാണ് ഉണ്ണികൃഷ്ണനെപ്പോലുള്ളവരുടെ കുടുംബങ്ങൾ. ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട ഇവർ കാലങ്ങളായി പട്ടയത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായിരുന്നു. ഇപ്പോഴത്തെ തീരുമാനം ഒരു സ്വപ്‌ന സാക്ഷാൽക്കാരമാണ്‌‌. എല്ലാവരും ആദ്യകാലത്ത് സെന്റുകളിൽ മാത്രം കഴിഞ്ഞിരുന്നവരാണ്. പട്ടയം ലഭിക്കാത്തതിനാൽ സ്വന്തം ഭൂമിയിൽ കൃഷി ഒഴികെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. ബാങ്ക് വായ്‌പ പോലും ലഭിച്ചില്ല. വീട് നിർമാണം തടസ്സപ്പെട്ടു. മക്കളെ ഉന്നത വിദ്യാഭ്യാസത്തിന്‌ അയ്‌ക്കാനും കഴിഞ്ഞില്ലെന്ന്‌ ഉണ്ണികൃഷ്ണൻ പറഞ്ഞു. 
 അച്ഛന്റെ കാലം മുതൽ പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങുകയാണെന്ന് കളപ്പുരയ്ക്കൽ സുരേന്ദ്രനും ഭാര്യ ബിന്ദുവും പറഞ്ഞു. മന്ത്രി എം എം മണി മുൻകൈയെടുത്താണ് ഇപ്പോൾ പട്ടയം കിട്ടാൻ നടപടി സ്വീകരിച്ചത്. കലക്ടർ എച്ച് ദിനേശനും ആത്മാർഥമായി നടപടി നീക്കി. കലക്ടറെ ബിന്ദു നേരിട്ട് നന്ദി അറിയിച്ചു. ഇവർക്ക്‌ 35 സെന്റിനാണ് പട്ടയം ലഭിക്കുന്നത്. അനുജൻ ഗോപിക്കും ഭാര്യ ഷീബയ്‌ക്കും 85 സെന്റിനാണ് പട്ടയം. ഇവരെക്കൂടാതെ ചൊക്കല്ലിൽ സജീവ്–- രാജമ്മ, വെങ്ങോലയിൽ ഗോപകുമാർ–- രാജിമോൾ, പൊന്തൻപ്ലാക്കൽ അനന്തൻ–-- ടിജി, രാജൻ–-- സുനിത ദമ്പതിമാരും പട്ടയം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ്. 
ഉപ്പുകുന്നിൽ പട്ടയം 
30 കുടുംബങ്ങൾക്ക്
പെരിങ്ങാശ്ശേരി
ഉപ്പുകുന്ന് മേഖലയിലെ മുപ്പതോളം കുടുംബങ്ങൾക്കാണ് പുതുതായി പട്ടയം ലഭിക്കുന്നത്. നൂറോളം കുടുംബങ്ങൾ ഊരിലുണ്ട്. മറ്റുള്ളവർക്ക്‌ പട്ടയം കൊടുക്കുന്ന നടപടികളുടെ ഭാഗമായി സർവേ ആരംഭിച്ചതായി കരിമണ്ണൂർ ഭൂപതിവ്‌ സ്‌പെഷ്യൽ തഹസിൽദാർ ജോസ് കെ ജോസ് പറഞ്ഞു. പുതുതായി പട്ടയം കൊടുക്കുന്നതിനായി കരിമണ്ണൂരിലെ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിൽ ഒഴിവുദിനങ്ങൾപോലും മാറ്റിവച്ച് തഹസിൽദാരുടെ നേതൃത്വത്തിൽ ജീവനക്കാർ ജോലി ചെയ്തുവരികയാണ്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top