24 April Wednesday

ആരോഗ്യ കേരളത്തില്‍ അനധികൃത നിയമനം: 
ഉദ്യോഗാർഥികൾ പ്രതിഷേധത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022
ചെറുതോണി
 ആരോഗ്യ കേരളം ജില്ലാ ഓഫീസിൽ അനധികൃത നിയമനം നടത്തിയതിനെതിരെ ഉദ്യോഗാർഥികൾ രംഗത്ത്. ജില്ലാ പ്രോഗ്രാം മാനേജറുടെ താൽക്കാലിക ചുമതലയുള്ള  ഉദ്യോഗസ്ഥയാണ്  ചട്ടവിരുദ്ധമായ നിയമനങ്ങൾ നടത്തിയത്.
   ആരോഗ്യകേരളത്തിനു കീഴിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ ഒഴിവിലേക്ക്  നൂറിലേറെ ഉദ്യോഗാർഥികളുടെ എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയിരുന്നു. അതിനുശേഷം  ആറ്‌ പേരുടെ അന്തിമ റാങ്ക്‌പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട്, ഒരു കാരണവുമില്ലാതെ ഉദ്യോഗസ്ഥയുടെ തന്നിഷ്ടപ്രകാരം ഈ ലിസ്റ്റ് റദ്ദാക്കി. ജില്ലാ പ്രോഗ്രാം മാനേജറുടെ ഇഷ്ടക്കാരെ തിരികി കയറ്റി റാങ്ക് ലിസ്റ്റിൽ കൊണ്ടുവരുന്നതിനാണ് ആദ്യ പട്ടിക റദ്ദാക്കിയത് ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.  
   ആരോഗ്യ കേരളത്തിന്റെ  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  ഡിഎംഒ ആണെന്നിരിക്കെ താൽക്കാലിക ചുമതലയുള്ള  ഉദ്യോഗസ്ഥ ഇല്ലാത്ത അധികാരം പ്രയോഗിച്ചാണ് ക്രമവിരുദ്ധമായ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും തന്നെ  കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം ഒഴിവാക്കിയിരുന്നു.  എന്നാൽ,  ഉദ്യോഗസ്ഥക്ക് താൽപര്യമുളള ഒരാളെ നിലനിർത്തുകയും ആ വ്യക്തിയെ  പുതിയ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ വർക്ക് ഫ്രം ഹോം എന്ന ആനുകൂല്യം സർക്കാർ എടുത്തു കളഞ്ഞിരുന്നു. എന്നാൽ, സർക്കാരിന്റെ ഈ ഉത്തരവിനു ഘടകവിരുദ്ധമായി  തൽപ്പരകക്ഷിക്ക് ജോലിക്ക് വരാൻ കഴിയാതിരുന്ന ദിവസങ്ങൾ വർക്ക് ഫ്രം ഹോം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ പണം അനധികൃതമായി  നൽകുന്നതിന് അവസരവും നൽകി.  അർഹരായ നിരവധി വിദ്യാർഥികൾ ജോലിക്കായി കാത്തുനിൽക്കെയാണ് സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി ഇല്ലാത്ത അധികാരം ഉണ്ടെന്നു വരുത്തി വ്യക്തിതാൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നത്. 
ആരോഗ്യവകുപ്പ് ജില്ലാ മേധാവിയുടെ തൽക്കാലിക ചുമതല വഹിച്ചിരുന്ന ഘട്ടത്തിലും ഇതേ ഉദ്യോഗസ്ഥക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. അനധികൃത നിയമനങ്ങൾ റദ്ദുചെയ്യണമെന്നും ആദ്യം നടത്തിയ പരീക്ഷയിൽ യോഗ്യത നേടിയവരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top