19 April Friday

തീരംനിറഞ്ഞ് ജലപ്രവാഹം

സജി തടത്തിൽUpdated: Tuesday Aug 9, 2022

മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ വഴി പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് വർധിച്ചതോടെ ജലനിരപ്പുയർന്ന പെരിയാറിന്റെ ചപ്പാത്തിൽനിന്നുള്ള ദൃശ്യം

ചെറുതോണി
വൃഷ്‌ടി പ്രദേശത്ത്‌ മഴ കനത്ത്‌ ഇടുക്കി അണക്കെട്ടിന്റെ അഞ്ചുഷട്ടറുകളും തുറന്നതോടെ തീരപ്രദേശങ്ങളിലേക്ക് ജലപ്രവാഹമെത്തി. സെക്കൻഡിൽ മൂന്നുലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. മുല്ലപ്പെരിയാറിലെ 10 ഷട്ടറും 90 സെന്റീമീറ്റർ വീതം ഉയർത്തി വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കിവിടാൻ തുടങ്ങിയതോടെ ജലനിരപ്പ് ഉയർന്നുതന്നെ നിൽക്കുകയാണ്. 
തിങ്കൾ വെെകിട്ട് അഞ്ചിനാണ് ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളമൊഴുക്കാൻ തുടങ്ങിയത്. ഉച്ചകഴിഞ്ഞപ്പോൾ തന്നെ സമീപത്തുള്ള സ്കൂളുകൾക്ക് അവധി നൽകി കുട്ടികളെ വീടുകളിലേക്ക് വിട്ടിരുന്നു. നാലിന് രണ്ടുലക്ഷത്തി അറുപതിനായിരം ലിറ്ററാണ് തുടർന്നു വിട്ടത്. അഞ്ചിനാണ് മൂന്നു ലക്ഷമാക്കിയത്. ഇതോടെ തടിയമ്പാട് ചപ്പാത്തിലും പെരിയാർവാലി ചപ്പാത്തിലും വെള്ളം കയറി. തിങ്കൾ പകൽ മൂന്നു മുതൽ തടിയമ്പാട് ചപ്പാത്തിൽ ഗതാഗതം നിരോധിച്ചു. ചെറുതോണി, തടിയമ്പാട്, കരിമ്പൻ, പെരിയാർവാലി, പനംകുട്ടി, പാംബ്ല, നേര്യമംഗലം, ഭൂതത്താൻകെട്ടിന് സമീപത്തുകൂടി കാലടി, ആലുവയിലെത്തിയശേഷമാണ് വെള്ളം കടലിലെത്തുന്നത്. വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്. 
42 കുടുംബങ്ങളെ 
മാറ്റിപ്പാർപ്പിച്ചു
ഇടുക്കി
പെരിയാറിനു സമീപം താമസിക്കുന്ന 42 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 39 വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി.  മൂന്നുവീട്ടുകാരെ സമീപത്തുള്ള അങ്കണവാടി ക്രമീകരിച്ച ദുരിതാശ്വാസ ക്യമ്പിലേയ്ക്കും  മാറ്റിപ്പാർപ്പിച്ചു. പടിപടിയായി മുല്ലപ്പെരിയാറും ഇടുക്കിയും തുറന്നുവിട്ടിട്ടും അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത് ജനങ്ങളിൽ ഭീതിയുയർത്തിയിട്ടുണ്ട്. നിലവിൽ ആളുകൾക്ക് കുഴപ്പമൊന്നുമില്ലെങ്കിലും ഇനിയും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടേണ്ടിവന്നാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത. 
   ചെറുതോണിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന് ഇതുവരെ കുഴപ്പമില്ല. കൂടുതൽ വെള്ളം തുറന്നുവിട്ടാൽ നിർമാണ വസ്തുക്കൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 13 വീടുകൾ പൂർണമായും, 147 വീടുകൾ ഭാഗീകമായും തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top