27 April Saturday

പറന്നിറങ്ങി കാര്‍ഷിക ഡ്രോണുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022

അഞ്ചിരി പാടശേഖരത്തിൽ കാർഷിക ഡ്രോൺ ഇറങ്ങിയപ്പോൾ

തൊടുപുഴ
വിശാലമായ അഞ്ചിരി പാടശേഖരത്തിലെ കർഷകർക്കായി കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തി പരിചയവും നടത്തി.  ജില്ലയിൽ ആദ്യമായാണ് കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗത്തിന്റെ പ്രദർശനം സംഘടിപ്പിക്കുന്നത്. കാർഷികമേഖലയിൽ കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവേ എന്നീ മേഖലകളിൽ ഡ്രോണുകളുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് അഞ്ചിരി പാടശേഖരത്ത കർഷകർക്കായി ഡ്രോൺ പ്രദർശനവും ഉപയോഗവും പരിചയപ്പെടുത്തിയത്.
 കുറഞ്ഞ അളവിൽ കൂടുതൽ കൃഷിയിടങ്ങളിലേക്ക് ചുരുങ്ങിയ സമയത്തിൽ വിളസംരക്ഷണ ഉപാധികൾ പ്രയോഗിക്കുന്നതിന് ഡ്രോണുകൾ വഴി സാധ്യമാകും. കൃഷിയിടത്തിന്റെ എല്ലാഭാഗത്തും ഒരേപോലെ ഡ്രോൺ ഉപയോഗിച്ച് കളനാശിനിയും വളവും ഉൾപ്പെടെയുള്ളവ സ്‌പ്രേചെയ്യാം. ഇതിനുപുറമേ തൊഴിലാളികളുടെ ലഭ്യതക്കുറവിനും പരിഹാരമാണ്. പരമ്പരാഗത കൃഷിരീതികളിൽ നിന്നും മാറി കാർഷികരംഗം സ്മാർട്ടാക്കി മെച്ചപ്പെട്ട വിളവും അധികവരുമാനവും ലഭ്യമാക്കാൻ ഡ്രോണുകൾ വഴി സാധ്യമാകുമെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു.
     നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാം(എസ്എംഎഎം - സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ) പദ്ധതി പ്രകാരം പത്തു ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്ക് നാല് മുതൽ അഞ്ചു ലക്ഷം രൂപ വരെ സബ്സിഡി ഇനത്തിൽ ലഭ്യമാക്കും. പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി 100 ശതമാനം സബ്സിഡിയോടു കൂടി ഡെമോൺസ്‌ട്രേഷനുകൾ കർഷകരുടെ കൃഷിയിടങ്ങളിൽ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. കാർഷികഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തി പരിചയവും  ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ ഉദഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്ത്  പ്രസിഡന്റ് മിനി ജെറി അധ്യക്ഷയായി.  ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം ജെ ജേക്കബ്ബ്, ഇടുക്കി അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സി അമ്പിളി, ഇളംദേശം അഗ്രികൾച്ചർ അസിസ്റ്റന്റ്‌ ഡയറക്ടർ ഡീന എബ്രഹാം, ആലക്കോട് കൃഷി ഓഫീസർ ടി ജി ആര്യാംബ, ആത്മാ പ്രോജക്റ്റ് ഡയറക്ടർ ആൻസി തോമസ്,  ഇടുക്കി അഗ്രികൾച്ചർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ എൽ ശൈലജ, ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top