29 March Friday

മുല്ലപ്പെരിയാറിലും ഇടുക്കിയിലും സർക്കാരിന്റെ കരുതൽ

സജി തടത്തിൽUpdated: Monday Aug 8, 2022
ചെറുതോണി
ഇടുക്കിയെ ഉള്ളംകൈയിൽ സംരക്ഷിച്ച് സംസ്ഥാന സർക്കാർ. മലയോരജനതയ്‌ക്ക് പ്രത്യേക സംരക്ഷണവലയം തീർത്താണ് ഇത്തവണ എൽഡിഎഫ് സർക്കാർ കർഷകജനതയെ ചേർത്തുപിടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിന് നൽകിയ കത്തിന് ലഭിച്ച അംഗീകാരമാണ് നിർണായകമായത്. മുല്ലപ്പെരിയാർ അണക്കെട്ട് വളരെ നേരത്തെ തുറന്ന് ജലം ഒഴുക്കിവിട്ട് ജനങ്ങളുടെ ആശങ്കയകറ്റാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ രാഷ്ട്രീയവിജയമാണ്.
   142 അടിവരെ വെള്ളം ഉയർത്താമെന്ന സുപ്രീംകോടതി വിധി നിലനിൽക്കേ 136 അടി ആയപ്പോൾ തന്നെ ഷട്ടർ തുറക്കാനുള്ള സാഹചര്യം രൂപപ്പെടുത്തിയത് അഭിമാനാർഹമായ നേട്ടമാണ്. സാധാരണ ഒരു മുന്നറിയിപ്പുമില്ലാതെ രാത്രിയിൽ ഷട്ടർ തുറന്ന്‌ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയാണ് തമിഴ്നാട് സർക്കാർ ചെയ്തുവന്നിരുന്നത്. ഇതുമൂലം പെരിയാർ തീരവാസികൾ കടുത്ത ദുരിതമാണ് നേരിടേണ്ടി വന്നത്. തന്മൂലം ജീവനോപാധികളും കൃഷിയും ഉൾപ്പെടെ വലിയ നഷ്ടവും ജനങ്ങൾക്ക് നേരിടേണ്ടി വന്നിരുന്നു. മാത്രമല്ല സാധാരണ വടക്കുകിഴക്കൻ മൺസൂൺ  തിമിർത്തുപെയ്യുന്ന ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഷട്ടർ ഉയർത്തിയിരുന്നത്. എന്നാൽ ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷം വന്നപ്പോൾ തന്നെ വെള്ളം തുറന്നുവിടാനുള്ള സാഹചര്യം രൂപപ്പെടുത്തിയ സർക്കാർ നടപടി അങ്ങേയറ്റം അഭിമാനകരവും മാതൃകാപരവുമാണ്. അയൽ സംസ്ഥാനമായി സൂക്ഷിച്ച സുദൃഡവും ഊഷ്മളവുമായ ബന്ധത്തിന്റെയും നിലപാടുകളുടെയും കൃത്യമായ ഏകോപനത്തിന്റെയും വിജയം കൂടിയാണിത്. 
   ഇടുക്കി അണക്കെട്ടിലും സർക്കാർ സ്വീകരിച്ച അപ്രതീക്ഷിത നടപടി ശ്രദ്ധേയമാണ്. റൂൾകർവ് കൃത്യമായി പാലിച്ച്‌ ജലവിതാനത്തെ നിയന്ത്രിച്ച് നിർത്താനുള്ള സർക്കാർ തീരുമാനം ജനങ്ങൾക്ക്‌ വലിയ ആശ്വാസമായി. കൃത്യമായ നിർദേശം നൽകി പൂർണ ജാഗ്രത പുലർത്തിയാണ് ജില്ലാഭരണം ആവശ്യ നടപടികൾ സ്വീകരിച്ചത്. എറണാകുളം ജില്ലയുടെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയാണ് നീക്കങ്ങളെന്നതും ശ്രദ്ധേയം. ഇടമലയാർ തുറന്ന്‌ കൂടുതൽ ജലം എറണാകുളത്തേക്ക് എത്തുന്നതിന്‌ മുമ്പുതന്നെ ഇടുക്കി തുറന്ന്‌ ജലനിരപ്പ് നിയന്ത്രിച്ചതും മികച്ച തീരുമാനമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top