17 April Wednesday
അടിമാലി താലൂക്ക് ആശുപത്രിക്ക് ശാപമോക്ഷം

എക്സ്റേയും ലാബും ഇനി 24 മണിക്കൂർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
അടിമാലി 
താലൂക്കാശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിയ്ക്കുമെന്ന് അഡ്വ. എ രാജ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നടപടികൾ വേഗത്തിലാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തും, എച്ച്എംസിയും അടങ്ങുന്ന സംയുക്ത കമ്മിറ്റിയിൽ തീരുമാനമായി. ജൂലൈ ഒന്നുമുതൽ 24 മണിക്കൂറും പ്രവർത്തനം ഉറപ്പാക്കും. എക്സ്റെ, ഇസിജി അടക്കമുള്ള സൗകര്യങ്ങൾ ഏതുസമയത്തും പ്രവർത്തന സജ്ജമാക്കും. പുറത്തുനിന്ന് മരുന്നുവാങ്ങുമ്പോഴുള്ള സാമ്പത്തിക നഷ്ടം ലഘൂകരിയ്ക്കുന്നതിനായി കാരുണ്യ ഫാർമസി മൂന്നു മാസത്തിനുള്ളിൽ ആരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 
   ജില്ലയിൽ ഏറ്റവും കൂടുതൽ പോസ്റ്റ്മോർട്ടങ്ങൾ നടക്കുന്ന ആശുപത്രിയെന്ന നിലയ്ക്ക് ഫോറൻസിക് സർജന്റെ സേവനം ലഭ്യമാക്കും. രക്ത ബാങ്ക് പ്രവർത്തനത്തിന് കേന്ദ്ര പരിശോധന റിപ്പോർട്ട് ലഭ്യമാകാത്ത സാഹചര്യം നിലവിലുള്ളതായും, അതിന് വേണ്ടിയുള്ള നടപടികൾ ഊർജിതമാക്കാനും തീരുമാനമുണ്ട്. ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് എടുക്കുന്നതിനായി പൊതുമരാമത്ത്‌ വകുപ്പിനെ ഏല്പിച്ചിട്ടുള്ളതായി അഡ്വ. എ രാജ പറഞ്ഞു. നിലവിൽ പ്രവർത്തനത്തിലുള്ള ബ്ലോക്കിൽ ഫയർ ആൻഡ്‌ സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സോമൻ ചെല്ലപ്പൻ, എം കമറുദ്ദീൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top