19 April Friday

ഈ വായനശാല തൊടുപുഴയുടെ വെളിച്ചമാണ്

ടി കെ സന്തോഷ്Updated: Wednesday Feb 8, 2023
തൊടുപുഴ
പുതിയകാലത്തിലും നാടിനെ അക്ഷരലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തി വെളിച്ചം പകരുകയാണ് തൊടുപുഴ ചിറ്റൂരുള്ള ജവഹർ മെമ്മോറിയർ പബ്ലിക് ലൈബ്രറി. വായന ഫോണുകളിലേക്ക് ചുരുങ്ങിയ കാലത്തും ഇന്ദുലേഖ, വാഴക്കുല, ആടുജീവിതം തുടങ്ങിയ പുസ്‍തകങ്ങള്‍ വായനക്കാര്‍ക്ക് സമ്മാനിക്കുകയാണ് ആറു പതിറ്റാണ്ടോളം പ്രായമുള്ള വായനശാല. 1964ല്‍ പുതിയാപറമ്പിൽ ബേബിസാർ എന്നു വിളിക്കുന്ന അഡ്വ. പി എം സ്‌കറിയ പിതാവിന്റെ ഓര്‍മക്കായ്‌ സംഭാവന നൽകിയ മൂന്ന്‌ സെന്റിലാണ് വായനശാല പ്രവർത്തിക്കുന്നത്‌. 
ആരംഭത്തിൽതന്നെ വായനശാലയുടെ പ്രവർത്തനം നിലച്ചുപോകുമെന്ന സാഹചര്യത്തിൽ 1980 കാലഘട്ടത്തിൽ ചിറ്റൂരും പരിസരത്തുമുള്ള പുരോഗമന ചിന്താഗതിക്കാരായ ഒരുപറ്റം യുവാക്കൾ മുൻകൈ എടുത്ത് വായനയുടെ നല്ലകാലം തിരികെ കൊണ്ടുവന്നു. ഇന്നുകാണുന്ന തരത്തിൽ വായനശാലയുടെ പ്രവർത്തനം മെച്ചപ്പെട്ടത്‌ 1989 മുതലാണ്‌.
     വിശ്വവിഖ്യാതരായ സാഹിത്യകാരന്മാരുടേതടക്കം 6198  പുസ്‌തകങ്ങൾ ഇവിടെയുണ്ട്‌. നോവലുകളോടാണ് വായനക്കാര്‍ക്ക് പ്രിയമേറെ. വായനശീലം സ്‌ത്രീകളിലും എത്തിക്കുന്നതിന് വീട്ടുമുറ്റത്ത്‌ പുസ്‌തകങ്ങൾ എത്തിക്കുന്ന പദ്ധതിയും വിജയകരമായി നടത്തുന്നുണ്ട്. ബാലവേദി, വനിതാവേദി, സാഹിത്യവേദി എന്നിവയും സജീവമാണ്. കാലിക വിഷയങ്ങൾ ഉയർത്തിയുള്ള സംവാദങ്ങൾ, ഓർമദിനങ്ങൾ, പുസ്‌തകാസ്വാദന സദസ്‌ എന്നിവയ്‍ക്കും മുടക്കമില്ല. 2000ഓളം പുസ്‌തകങ്ങളോടെ കുട്ടികളുടെ ലൈബ്രറിയും പ്രവർത്തിക്കുന്നു. 
ഒ എൻ വി, സാംബശിവൻ, കലാഭവൻ മണി എന്നിവരുടെ അനുസ്‌മരണം എല്ലാവർഷവും ജനപങ്കാളിത്തത്തോടെ നടത്തും. ബാലവേദിയുടെ ചെണ്ടമേള സംഘംവും ലൈബ്രറിയുടെ നാടൻപാട്ട്‌ സംഘവുമുണ്ട്. അവധി ദിവസങ്ങളിലാണ്‌ ബാലവേദി കുട്ടികൾക്കായുള്ള നാടൻ പാട്ട്‌ പരിശീലനം. കേരളത്തിലെ മറ്റ്‌ ഗ്രന്ഥശാലകളെപ്പോലെ കോവിഡ് ഇവിടെയും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പടിപടിയായി ഉയര്‍ച്ചയുടെ ചവടുവയ്‍ക്കുകയാണ്. 
ചരിത്രം  ഉറങ്ങുന്ന അങ്കംവെട്ടിക്കവലയിൽ മണക്കാട്‌ പഞ്ചായത്തിലെ നൂറുകണക്കിനാളുകൾക്ക്‌ വിജ്ഞാനത്തിന്റെ വെളിച്ചവുമായി ജവഹർ മെമ്മൊറിയൽ വായനശാല തലയുർത്തി നിൽക്കുന്നു. എ എന്‍ മോഹന്‍ദാസ്(പ്രസിഡന്റ്), കെ എസ് തങ്കപ്പന്‍(സെക്രട്ടറി), സുജ സുകുമാരന്‍ (ലൈബ്രറേറിയന്‍) എന്നിവരാണ് നിലവിലെ ഭാരവാഹികള്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top