25 April Thursday

തുറക്കുന്നത്‌ മുൻകരുതലായി; അടിയന്തര സാഹചര്യമില്ല: :മന്ത്രി റോഷി അഗസ്‌റ്റിൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

റെഡ് അലർട്ടിലെത്തി ഷട്ടർ ഉയർത്താനൊരുങ്ങുന്ന ചെറുതോണി അണക്കെട്ടിന്റെ വിദൂര ദൃശ്യം ചിത്രം /വി കെ അഭിജിത്

ഇടുക്കി> ഇടുക്കി അണക്കെട്ട്‌ തുറക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നും മുൻകരുതൽ എന്ന നിലയ്ക്കാണ് തുറക്കുന്നതെന്നും  മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അണക്കെട്ട്‌ തുറക്കുന്നത് സംബന്ധിച്ച ഓൺലൈനായി ചേർന്ന അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എല്ലാ സരക്ഷാ സംവിധാനങ്ങളും സർക്കാരും ജില്ലാ ഭരണവും ഒരുക്കിയിട്ടുണ്ട്‌.

പൊതുജനങ്ങളുടെയും സന്ദർശകരുടെയും അപകടകരമായ കടന്നുകയറൽ ഒഴിവാക്കാൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ജലം ഒഴുകിപോകുന്ന പാതകളിലെ തടസങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ക്യാമ്പുകളിലേക്ക് മറ്റേണ്ടവരെ നേരിട്ടുകണ്ടു നോട്ടീസ് കൊടുക്കാനും യോഗം നിർദേശിച്ചു. 

വീടുകളിൽ വെള്ളം കയറില്ല

നിലവിൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമില്ല. മുൻ കരുതലെന്ന നിലയിൽ 79 വീടുകളിൽ നോട്ടീസ് കൊടുത്തിട്ടുണ്ട്.   ശനി അഞ്ചു മുതൽ അനൗൺസ്‌മെന്റ് നൽകി തുടങ്ങി. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി വാത്തിക്കുടി, എന്നീ  വില്ലേജുകളിലും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലൂടെയുമാണ് വെള്ളമൊഴുകുന്നത്. 
 
  പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ട്‌ തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും മീൻപിടുത്തവും നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക്ക്‌ ലൈവ് എന്നിവ കർശനമായി നിരോധിച്ചു. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങൾ പൊലീസ്‌ നിർദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമ പ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ചിത്രീകരണം നടത്തണമെന്നും കലക്ടർ ഷീബ ജോർജ് അറിയിച്ചു.  യോഗത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ഡാമിന്റെ സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, തഹസീൽദാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top