25 April Thursday
ആശുപത്രികളിലെ സുരക്ഷ

പരിശോധന 12നകം പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

ജില്ലയിലെ പ്രധാന ആശുപത്രികളിലെ സുരക്ഷാ ഓഡിറ്റുമായി ബന്ധപ്പെട്ട് കലക്ടർ ഷീബാ ജോർജ് അധ്യക്ഷയായി 
ചേർന്ന യോഗം

ഇടുക്കി
ഇടുക്കി മെഡിക്കൽ കോളേജ് അടക്കം ജില്ലയിലെ പ്രധാന ആറ് ആശുപത്രികളിൽ 12നകം സുരക്ഷാ പരിശോധന പൂർത്തിയാക്കും. ജില്ലാ ഭരണം, പൊലീസ്, അഗ്നിരക്ഷാസേന  എന്നിവയുടെ നേതൃത്വത്തിൽ പ്രധാന ആരോഗ്യ സ്ഥാപനങ്ങളിലെ സുരക്ഷാ ഓഡിറ്റുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഷീബാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 
ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ടുമാർ, ഡിവൈഎസ് പിമാർ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽപങ്കെടുത്തു.  
ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി, നെടുങ്കണ്ടം, അടിമാലി, പീരുമേട്, കട്ടപ്പന താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളാണ് വിലയിരുത്തിയത്. ആശുപത്രികളിലെ സിസിടിവി സംവിധാനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം, ചുറ്റുമതിൽ, പ്രവേശന കവാടങ്ങൾ, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവയുടെ നിലവിലെ സ്ഥിതി യോഗത്തിൽ ചർച്ച ചെയ്തു. സർക്കാർ നിശ്ചയിച്ചത് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ ആശുപത്രി അധികൃതർക്ക്  കലക്ടർ നിർദേശം നൽകി. 
15ന്‌ റിപ്പോർട്ട്‌ നൽകും
സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയാറാക്കുന്നതിന്‌ തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12നും അടിമാലി, നെടുങ്കണ്ടം, പീരുമേട്, കട്ടപ്പന താലൂക്ക് ആശുപത്രികളിൽ 8, 9 തീയതികളിലും പൊലീസ്, അഗ്നിരക്ഷാസേന വിഭാഗം എന്നിവയുടെ സംയുക്ത പരിശോധന നടക്കും. തുടർന്ന് 15ന് സർക്കാരിന് റിപ്പോർട്ട് നൽകും. സിസിടിവികളുടെ എണ്ണം വർധിപ്പിക്കുക, അവയുടെ ബാക്ക് അപ്പ് കാലാധി നീട്ടുക, പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, ചുറ്റുമതിൽ ഇല്ലാത്തയിടങ്ങളിൽ ചുറ്റുമതിൽ കെട്ടി ആശുപത്രികളിലേക്കുള്ള പ്രവേശന കവാടങ്ങൾ പരിമിതപ്പെടുത്തുക, പരമാവധി വിമുക്ത ഭടന്മാരെ തന്നെ സുരക്ഷാചുമതലയ്ക്ക് ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ കലക്ടർ ആശുപത്രി അധികൃതർക്ക് നൽകി. യോഗത്തിൽ ഡിഎംഒ ഡോ.എൽ മനോജ്, ഡിപിഎം ഡോ. അനൂപ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, ഡിവൈഎസ്‌പിമാരായ ബിനു ശ്രീധർ, ജെ കുര്യാക്കോസ്, എം ആർ മധു ബാബു, തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top