23 April Tuesday

കഞ്ഞിയെന്ന് പറഞ്ഞാല്‍ ദേ ഇതാണ്

ടി കെ സന്തോഷ്Updated: Tuesday Feb 7, 2023

കാസിം കടയില്‍ കഞ്ഞികുടിക്കാനെത്തിയവര്‍ക്കൊപ്പം

തൊടുപുഴ
ചൂട് കഞ്ഞി, തേങ്ങാ ചമ്മന്തി, അച്ചാർ, തോരൻ, പപ്പടം. കഞ്ഞിയൊഴിച്ച് കഴിയുമ്പോഴേ ചോദിക്കും ‘ പച്ചമോര് വേണോ?’. സ്‍പൂൺ ഉണ്ടെങ്കിലും കഞ്ഞി കൈകൊണ്ട് വാരിക്കുടിക്കുന്നതാണ് അതിന്റെ ഒരിത്. പപ്പടം പൊടിച്ചിട്ട് ചമ്മന്തിയും അച്ചാറുമിട്ട് ഞെരടി അൽപം തോരനും ഇട്ടൊരു പിടി പിടിച്ചാൽ... കൂടെ ഒന്നുകടിക്കാൻ മുളക് വറുത്ത് ഉപ്പിട്ടത്, ആഹാ. തീർന്നില്ല, ചെമ്പല്ലി, പൊടിമീൻ, അയല, ബീഫ്, കപ്പ തുടങ്ങിയവയും സ്വാദൊരുക്കാൻ ഉണ്ടാകും. ഇതൊക്കെ എവിടെയാ കിട്ടുന്നത് എന്നല്ലേ, തൊടുപുഴയിലെ കാസീംസ് കഞ്ഞിക്കടയിൽ. കാച്ചിയണ്ണന്റെ കഞ്ഞിക്കട എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. 40 വർഷത്തിലധികമായി കാസീമിക്കയും കുടുംബവും തൊടുപുഴക്കാർക്ക് കഞ്ഞിവിളമ്പുന്നു. തന്റെ കുഴിമണ്ഡപത്തിൽ വീടിനോട് ചേർന്ന് പ്രത്യേകമായി ഒരുക്കിയൊരു കട. 
ഈ പുതിയകാലത്തും വിറകടുപ്പിലാണ് ഭക്ഷണം പാകംചെയ്യുന്നത്. രാവിലെ എട്ടോടെ ഇക്കാന്റെ ഭാര്യയും മുഖ്യ പാചകക്കാരിയുമായ ആമിനയുടെ നേതൃത്വത്തിൽ ഭക്ഷണ ഒരുക്കങ്ങൾ തുടങ്ങും. സഹായിക്കാൻ മകൻ നജീബും തൊഴിലാളികളായ സജീന, ഷാഹിന, ചന്ദ്രിക എന്നിവരും. നേരം പത്താകുമ്പോഴേക്കും കപ്പയും ബീഫും പ്രഭാത ഭക്ഷണങ്ങളും റെഡി. 12 ആകുമ്പോഴേക്കും കഞ്ഞിയും കറികളും തയ്യാറാകും.  
ആദ്യ കാലത്ത് അമ്മാവൻ എന്ന് വിളിച്ചിരുന്ന പറവൂർ സ്വദേശി ​ഗോവിന്ദൻ നായരാണ് അച്ചാറുകളുടെ രസക്കൂട്ട് പരിചയപ്പെടുത്തിയത്. രുചി വൈവിധ്യത്തിന്റെ ഭാ​ഗമായി ആറുമാസം മുമ്പ് ചട്ടിച്ചോറും നൽകുന്നുണ്ട്. തൊടുപുഴ മൂലമറ്റം റൂട്ടിൽ മുസ്ലീംപള്ളിക്ക് എതിർവശത്താണ് കട. ദിവസവും നൂറ് കണക്കിന് ഭക്ഷണപ്രേമികളാണ് കടയിലെത്തുന്നത്. കുഴിമന്തിയും അൽഫാമും കളം വാഴുമ്പോൾ അൽപം കഞ്ഞികുടിക്കാൻ തൊടുപുഴയിൽ കാസിമിക്കാന്റെ കടയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top