26 April Friday
മാസ്‌റ്റേഴ്‌സ്‌ മീറ്റിൽ 4 സ്വർണം

ഇടുക്കിയുടെ ഗോൾഡൻ സൂസി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

സൂസി മാത്യു

തൊടുപുഴ 
എഴുപതാം വയസിൽ കേരളത്തിനായി നാല്‌ സ്വർണമെഡലുകൾ നേടാനായതിന്റെ സംതൃപ്‌തിയിലാണ്‌. മഹാരാഷ്‌ട്ര നാസിക്കിൽ നടന്ന മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ മീറ്റിൽ 100മീറ്റർ, 200 മീറ്റർ, 400 മീറ്റർ, ഹൈജംബ്‌ എന്നീ ഇനങ്ങളിലാണ്‌ സൂസി മാത്യു സ്വർണ പതക്കമണിഞ്ഞത്‌. 
     കോളേജ്‌ പഠന കാലത്ത്‌ കായികമികവ്‌ കാണിച്ചിരുന്നെങ്കിലും അന്തർ ജില്ല മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന്‌ അച്ഛൻ വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട്‌ കായിക മോഹങ്ങൾക്ക്‌ വിടനൽകി വിവാഹ ജീവിതത്തിലേക്ക്‌ കടന്നു. നാലുവർഷം മുമ്പ്‌ എറണാകുളത്തേക്കുള്ള യാത്രയാണ്‌ ജീവിതത്തിന്റ വഴിത്തിരിവായത്‌. മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടിൽ മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ മീറ്റ്‌ നടക്കുന്നതായി ബോർഡ്‌ വായിക്കാനിടയായി. ഒരു പരിശീലനവുമില്ലാതെ തന്റെ ഇഷ്ട ഇനങ്ങളിൽ പങ്കെടുത്ത്‌ രണ്ട് സ്വർണവും ഒരുവെളളിയും നേടി. ഇതോടെ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചു. ഇതിനിടെ ന്യൂസിലാൻഡിലെ വെല്ലിങ്‌ടൺ സ്‌റ്റേഡിയത്തിൽ പരിശീലനം നേടാനുള്ള അവസരവും ലഭിച്ചു. 
    രണ്ടുവർഷം മുമ്പ്‌ ചണ്ഡീഗഡിൽ നടന്ന മത്സരത്തിൽ നാല്‌ സ്വർണം സ്വന്തമാക്കി. കഴിഞ്ഞ വർഷം വാരാണസിയിൽ നടന്ന മീറ്റിൽ പങ്കെടുത്ത്‌ മൂന്ന്‌ സ്വർണം നേടി. തിരുവനന്തപുരത്തും തേഞ്ഞിപ്പാലത്തും നടന്ന മത്സരങ്ങളിൽ പങ്കെടുത്ത്‌ വിജയക്കുതിപ്പ്‌ തുടർന്നു. ഇനി ജനുവരിയിൽ ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യൻ മീറ്റിനുള്ള തയ്യാറെടുപ്പിലാണ്‌ ഈ മുത്തശി. 
   കായിക വിനോദം പോലെ കൃഷിയിലും അവാർഡുകൾ നേടിയിട്ടുണ്ട്‌. രണ്ടുവട്ടം ആലക്കോട്‌ പഞ്ചായത്തിലെ കർഷകശ്രീ അവാർഡിന്‌ ഉടമയായി. നെൽകൃഷിയോടാണ്‌ ഏറെ ഇഷ്ടം. കോവിഡ്‌ കാലത്ത്‌ ആലഞ്ചേരി പിതാവ്‌ സംഘടിപ്പിച്ച ഓൺലൈൻ അടുക്കളത്തോട്ട മത്സരത്തിൽ സമ്മാനം ലഭിച്ചു. റിട്ട. കുടയത്തൂർ ഗവൺമെന്റ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ അഞ്ചിരി പഴയവീട്ടിൽ മാത്യുവിന്റെ ഭാര്യയാണ്‌ സൂസി മാത്യു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top