26 April Friday
എംപിയുടെ മുല്ലപ്പെരിയാര്‍ ഉപവാസം

നേതാക്കള്‍ പങ്കെടുത്തതിൽ
മുസ്ലിംലീഗില്‍ ഭിന്നത

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
തൊടുപുഴ
മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്‌ട്രീയ മുതലെടുപ്പുമാത്രം ലക്ഷ്യമിട്ട്‌ ഡീൻ കുര്യാക്കോസ് എംപി നടത്തിയ ഉപവാസത്തിൽ മുസ്ലിംലീഗ്‌ നേതാക്കൾ പങ്കെടുത്തതിൽ ലീഗിൽ അഭിപ്രായഭിന്നത. ടി എം സലീം വിഭാഗവും കെ എം എ ഷുക്കൂർ വിഭാഗവും തമ്മിലാണ്‌ ഭിന്നത. തുടർച്ചയായ അവഗണന കണക്കിലെടുത്ത്‌ ജില്ലയിൽ യുഡിഎഫിന്റെ പ്രക്ഷോഭങ്ങളിൽ സഹകരിക്കേണ്ടെന്ന്‌ ലീഗ്‌ ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചിരുന്നു. ഇത്‌ ലംഘിച്ച്‌ ഒരുവിഭാഗം നേതാക്കൾ ഡീൻ കുര്യാക്കോസിന്റെ സമരപ്പന്തലിൽ എത്തിയതാണ്‌ ഭിന്നതയ്‌ക്ക്‌ കാരണം. മുസ്ലിംലീഗിന്റെ നവമാധ്യമ ഗ്രൂപ്പുകളിൽ പ്രധാന നേതാക്കളടക്കം പ്രതിഷേധം ഉയർത്തിയിട്ടുണ്ട്‌.
     സംസ്ഥാന സെക്രട്ടറി ടി എം സലീമിന്റെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, ജോയിന്റ്‌ സെക്രട്ടറി പി കെ നവാസ്, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് എം കെ നവാസ്, യൂത്ത്‌ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി സി എച്ച് സുബീർ എന്നിവരാണ് സമരപ്പന്തലിൽ എത്തിയത്. ഇവർ അണികളുടെ വീര്യം ചോർത്തിയെന്ന്‌ ഒരുവിഭാഗം നേതാക്കൾ നവമാധ്യമങ്ങളിൽ കുറിച്ചു. യുഡിഎഫ് സമരത്തിൽ പങ്കെടുക്കരുതെന്ന ജില്ലാ ഭാരവാഹിയോഗ തീരുമാനം പ്രാദേശിക നേതാക്കളെ അറിയിച്ച തങ്ങൾ വഞ്ചിക്കപ്പെട്ടു. അണികളോട് എന്തു മറുപടി പറയുമെന്നും ഇവർ ചോദിക്കുന്നു.
    തദ്ദേശ തെരഞ്ഞെടുപ്പിൽ പരിഗണന ലഭിക്കാത്തതിൽ ലീഗ്‌ അമർഷത്തിലായിരുന്നു. എന്നാൽ, ലീഗിലെ ചില നേതാക്കളെ യുഡിഎഫ്‌ നേതൃത്വം വിലയ്‌ക്കെടുത്തു. മനംമടുത്ത ചിലർ ലീഗിൽനിന്ന്‌ രാജിവച്ചിരുന്നു. മുസ്ലിംലീഗ്‌ ഭരിക്കുന്ന ഇടവെട്ടി പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണത്തിൽ സിപിഐ എമ്മിനെ പ്രതിരോധിക്കാൻ കോൺഗ്രസ്‌ കൂടെനിൽക്കുന്നില്ലെന്ന പരാതിയാണ്‌ ലീഗ്‌ പുതുതായി ഉയർത്തിയത്‌. ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റാണ്‌ ആരോപണവിധേയ. ഇവർക്ക്‌ കോൺഗ്രസ്‌ പിന്തുണ നൽകിയിട്ടില്ല. 
   ഇതുമായി ബന്ധപ്പെട്ട്‌ പഞ്ചായത്തിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ കാണാനോ പ്രസ്താവനയിറക്കാനോ കോൺഗ്രസ് തയ്യാറായില്ല. മുസ്ലിംലീഗ്‌ ഒറ്റയ്‌ക്കാണ്‌ പൊലീസ് സ്‌റ്റേഷൻ മാർച്ച്‌ നടത്തിയത്‌. ഡീൻ കുര്യാക്കോസും പി ജെ ജോസഫും തിരിഞ്ഞുനോക്കിയില്ല. വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിലും ഇവർ പക്ഷഭേദം കാട്ടുന്നുവെന്നതടക്കമുള്ള ആരോപണങ്ങളുണ്ട്‌. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് യുഡിഎഫ് പരിപാടികളിൽനിന്ന്‌ വിട്ടുനിൽക്കാൻ ലീഗിലെ ഇരുവിഭാഗവും തീരുമാനിച്ചത്‌. വണ്ടിപ്പെരിയാറിൽ കെ സുധാകരന്റെ നേതൃത്വത്തിലുള്ള മനുഷ്യച്ചങ്ങലയിലും ലീഗ് പങ്കെടുത്തിരുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top