25 April Thursday
മഴ, 
കാറ്റ്‌

മരം വീണ്‌ 3 പേർ മരിച്ചു; വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ഇടുക്കി മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിൽ മരം വീണ നിലയിൽ. അപകടത്തിൽ മരിച്ച മുത്തുലക്ഷ്മിയുടെ 
ചെരിപ്പും തോർത്തും കാണാം

 ഇടുക്കി 

ഉടുമ്പൻചോല താലൂക്കിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് മൂന്ന് മരണം. നാലു പേർക്ക് പരിക്ക്.  നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി പച്ചക്കാനം, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്. 
മെെലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിൽ  ജോലിക്കിടെ മുത്തുലക്ഷ്മി- (56) ആണ് മരിച്ചത്. 
ഇടുക്കി തോണ്ടിമലയിൽ മരം ഒടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ചുണ്ടൽ സ്വദേശിനി ലക്ഷ്മി (65) യാണ് മരിച്ചത് സെൽവി,ദർശിനി,മീന എന്നിവർക്കും പരിക്കേറ്റു. പൊന്നാങ്കാണി പച്ചക്കാനം എസ്റ്റേറ്റിൽ ഏലത്തോട്ടത്തിൽ  മരം വീണ് അതിഥിത്തൊഴിലാളി മരിച്ചു.  ജാർഖണ്ഡ്‌  സ്വദേശി സോമുലാക്ര (30)യാണ്  മരിച്ചത്.  ഒപ്പമുണ്ടായിരുന്ന അതിഥിത്തൊഴിലാളി ബജ്ജു കിൻഡോയ്‌ക്ക്‌ ഗുരുതര പരിക്കേറ്റു. ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ചൊവ്വാഴ്‌ച ശരാശരി 40.64 മില്ലിമീറ്റർ മഴ ലഭിച്ചു. ദേവികുളത്താണ്‌ ഏറ്റവും കൂടുതൽ മഴലഭിച്ചത്‌ 70.08 മില്ലിമീറ്റർ മഴ.  ഇടുക്കി–- 60.08 മില്ലിമീറ്റർ, തൊടുപുഴ–- 26.02 മില്ലിമീറ്റർ, പീരുമേട്‌ –-23 മില്ലിമീറ്റർ, ഉടുമ്പൻചോല–-  18 മില്ലിമീറ്റർ എന്നിങ്ങനെയായിരുന്നു മഴ ലഭിച്ചത്‌. ദേവികുളം താലൂക്കിൽ രണ്ടുവീടുകളും തകർന്നു. മാങ്കുളം സ്വദേശി വിജയമ്മ ശശിധരൻ, കുഞ്ചിത്തണ്ണി സ്വദേശി മണിക്ണഠൻ എന്നിവരുടെ വീടുകളാണ്‌ തകർന്നത്‌. ഉടുമ്പൻചോല സ്വദേശി കവിതാ മുത്തുകുമാറിന്റെ വീടും മരം വീണ്‌ തകർന്നു.
രാജകുമാരിയിൽ കാറ്റിലും മഴയിലും മുരിക്കുംതോട്ടി മട്ടക്കൽ ജോസിന്റെ വീടിനു മുകളിലേക്കാണ് രാവിലെ വലിയ മരം കടപുഴകി വീണു. തലനാരിഴക്കാണ് കുടുംബാംഗങ്ങൾ രക്ഷപെട്ടത്.
സമീപവാസിയുടെ കൃഷിയിടത്തിൽ നിന്നിരുന്ന കാട്ട് റബർ ഇനത്തിൽ പെട്ട മരമാണ് ചൊവ്വ രാവിലെ എട്ടോടെ കടപുഴകി വീണത്.ജോസും ഭാര്യ മോളിയേയും കൂടാതെ രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജയാമോൾ ഷാജിയും കുടുംബവും ഇവിടെ വാടകക്ക് താമസിച്ചു വരികയാണ്. ഇവർ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്കായിട്ടാണ് മരം കടപുഴകിയത്. ശബ്‍ദംകേട്ട ഉടനെ വീട്ടിലുള്ളവർ ഓടി പുറത്തിറങ്ങിയതുകൊണ്ട് വലിയ അപകടം ഒഴിവായി. അടുക്കള ഭാഗത്തേക്ക്‌ മരംവീണ്‌ വീട് ഭാഗികമായി തകർന്നു. പഞ്ചായത്ത്–- വില്ലേജ്  അധികൃതർ  സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു പ്രദേശവാസികളുടെ സഹായത്തോടെ മരം മുറിച്ചു മാറ്റി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top