24 April Wednesday

രക്തസാക്ഷികളെ അപമാനിക്കാൻ 
അനുവദിക്കില്ല: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

 

ചെറുതോണി
രക്തസാക്ഷികളെ അപമാനിക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ആത്മസംയമനം ദൗർബല്യമായി കാണരുത്. എങ്ങിനെയും അക്രമവും സംഘർഷവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഒഴിഞ്ഞുമാറിയിട്ടും കോൺഗ്രസ്‌ പ്രകോപനം തുടരുകയാണെന്ന്‌ ജില്ലാ കമ്മിറ്റി വിലയിരുത്തി.
രക്തസാക്ഷികളെ അപമാനിക്കുന്ന കോൺഗ്രസ്‌ നിലപാടിൽ സിപിഐ എം പ്രവർത്തകർ കടുത്ത ആത്മസംഘർഷത്തിലാണ്. മതരാഷ്ട്രത്തിനായി നിലകൊളളുന്ന തീവ്രഫാസിസ്‌റ്റുകളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിനെയും കുടുംബത്തേയും അധിക്ഷേപിച്ചാൽ പ്രവർത്തകർ കൈയ്യും കെട്ടി നോക്കിനിൽക്കില്ല. പ്രണയബന്ധം സംബന്ധിച്ച കലാപത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടതെന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ മണിയുടെ പ്രസംഗം നീചവും ക്രൂരവുമാണ്. ഒറ്റമുറിവീട്ടിലെ കൊടിയ ദാരിദ്ര്യമകറ്റാൻ കലാലയത്തിലെത്തിയ വിദ്യാർഥിയാണ്‌ അഭിമന്യു. പുസ്തകങ്ങളെ മാത്രമാണ്‌ പ്രണയിച്ചത്‌. എസ്എഫ്ഐ യിൽ അംഗമായതിന്റെ പേരിൽ മാത്രമാണ്‌ അഭിമന്യു കൊല്ലപ്പെട്ടത്‌.  അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ച എ കെ മണിയെ മനുഷ്യമൃഗമെന്നേ വിശേഷിപ്പിക്കാനാവൂ. അഭിമന്യുവിന്റെ മരണസമയത്ത് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും കൊലപാതകത്തെ അപലപിക്കുകയും ചെയ്ത എ കെ മണി കാന്തല്ലൂരിൽ നടത്തിയ പ്രസംഗം എസ്ഡിപിഐ തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ്. ധീരജിനെതിരെ സി പി മാത്യുവും ഡീൻ കുര്യാക്കോസും നടത്തുന്ന അതിരുവിട്ട പ്രസ്താവനകളും സിപിഐ എം തിരിച്ചറിയുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള വൈകാരിക പ്രതികരണം ഉണ്ടായാൽ കോൺഗ്രസ് മാത്രമായിരിക്കും അതിനുത്തരവാദി. അഭിമന്യുവിന്റെയും ധീരജിന്റെയും മാതാപിതാക്കളുടെ വറ്റാത്ത കണ്ണീരിന് കോൺഗ്രസ് കണക്ക് പറയേണ്ടിവരും. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കോൺഗ്രസുകാരുണ്ടെങ്കിൽ ജില്ലാ നേതൃത്വത്തെ ഉപദേശിക്കണം. രാഷ്ട്രീയം നഷ്ടപ്പെട്ട അക്രമികളുടെ കൂടാരമായി ജില്ലയിൽ കോൺഗ്രസ് മാറി. അരലക്ഷത്തിലേറെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമാണ് അടുത്തിടെ കോൺഗ്രസ് വിട്ട് സിപിഐ എമ്മിൽ എത്തിയത്‌. കൊലയാളി  പാർടിയുടെ കാൽച്ചുവട്ടിലെ മണ്ണ് ചോരുന്നത് മനുഷ്യത്വമില്ലാത്ത നിലപാടുകൾ കൊണ്ടാണ്. കൊലയാളികൾക്ക് സ്വീകരണം ഒരുക്കുന്ന കോൺഗ്രസിനെ ജനങ്ങൾ തിരിച്ചറിയുന്നു. കൊലയാളിയെ മാലയിട്ട് സ്വീകരിച്ച പാർലമെന്റിലെ മികച്ച പാഴ്‌ വസ്‌തുവായ ഡീൻ കുര്യാക്കോസിന്‌ ബാലറ്റിലൂടെയുള്ള തിരിച്ചടിക്ക്‌ കാലതാമസമുണ്ടാകില്ലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top