05 October Thursday

തൈവയ്‍ക്കാം, തണലേകാം, തണുപ്പൊരുക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

മൂന്നാർ സർക്കാർ കോളേജിൽ അഡ്വ. എ രാജ എംഎൽഎ മരത്തെെ നടുന്നു

 ഇടുക്കി

പരിസ്ഥിതി പ്രശ്നങ്ങൾ വിശദീകരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ഹരിതമനോഹര പ്രകൃതിക്കായി പ്രതിജ്ഞയെടുത്തും മറ്റൊരു പരിസ്ഥിതിദിനം കൂടി കടന്നുപോകുന്നു. കൈക്കുമ്പിളിൽ മരത്തൈകളുമായി പ്രായഭേദമന്യേ ജനം ഭൂമിയോടടുത്തു. വേരുകൾക്ക് ആഴമുറപ്പിക്കാൻ കുഴികളെടുത്തു. തണലേകാനും തണുപ്പൊരുക്കാനും താപമകറ്റാനും പുതു തൈകൾനട്ട് സമൂഹം പരിസ്ഥിതി ദിനമാഘോഷിച്ചു. പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളെ തടഞ്ഞ്‌ ജൈവവൈവിധ്യം സംരക്ഷിക്കാമെന്ന സന്ദേശമാണ്‌ ഇത്തവണ പരിസ്ഥിതിദിനം നൽകുന്നത്‌. ജില്ലയുടെ വിവിധയിടങ്ങളിൽ രാഷ്‍ട്രീയ, സാമുദായിക, സാംസ്‍കാരിക സംഘടനകളും വിദ്യാലയങ്ങളും തുടങ്ങി പലതുറകൾ പരിസ്ഥിതി ദിന പരിപാടികൾ നടത്തി.
നെടുങ്കണ്ടം
എംഇഎസ് കോളേജ് എൻഎസ്എസ് യൂണിറ്റ് പാറത്തോട് ഗവ. ഹൈസ്‌കൂളിൽ ഫലവൃക്ഷതൈകൾ നട്ടു. സ്‌കൂൾ പ്രഥമാധ്യാപക കർപ്പകവല്ലി പ്രകൃതിദിന സന്ദേശം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പി സി നന്ദനൻ, ഡോ. മുംന നാസർ എന്നിവർ നേതൃത്വം നൽകി.
 വനം വകുപ്പിന്റെ കല്ലാർ സെക്ഷൻ ഓഫീസിൽ ഫല വൃക്ഷത്തൈകള്‍ വിതരണംചെയ്‍തു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ എസ് കിഷോർ നെടുങ്കണ്ടം പ്രസ് ക്ലബ്‌ സെകട്ടറി ജി കെ രാജശേഖരന് വൃക്ഷത്തൈ നൽകി ഉദ്ഘാടനംചെയ്തു. വിവിധയിനത്തില്‍പ്പെട്ട 500 തൈകളാണ് വിതരണംചെയ്‍തത്. പ്രസ് ക്ലബ്‌ പ്രസിഡന്റ് ബെന്നി മുക്കുങ്കൽ, അംഗങ്ങളായ ടി ആർ മനോജ്, ജോബിൻ കോശി, ജോൺസൺ കൊച്ചുപറമ്പിൽ, ഫോറസ്റ്റ് ഓഫീസറൻമാരായ പി എസ് നിഷാദ്, ടി ആര്‍ സാജു തുടങ്ങിയവര്‍ പങ്കെടുത്തു.
വണ്ടൻമേട്
ചെല്ലാര്‍കോവില്‍ എൻഎസ്എസ് എല്‍പി സ്‍കൂളില്‍ ഡിവൈഎഫ്ഐ ചെല്ലാര്‍കോവില്‍ യൂണിറ്റ് വൃക്ഷത്തൈ വിതരണവും നടീലും നടത്തി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് തൈനട്ട് ഉദ്ഘാടനംചെയ്‍തു. പ്രഥമാധ്യാപിക ഗംഗ, സിന്ധു, ഡിവൈഎഫ്ഐ പ്രവർത്തകരായ ജോബിൻ, വിഷ്ണു, ജിതിൻ, ബിബിൻ എന്നിവർ പങ്കെടുത്തു.
മൂന്നാർ 
സർക്കാർ കോളേജിൽ ഫലവൃക്ഷ തൈകൾ(മധുരക്കനി) നട്ടു. അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പല്‍ ഡോ. എൻ എ മനേഷ്, പ്രോഗ്രാം ഓഫീസർ കെ ടി വന്ദന, സീനിയർ സൂപ്രണ്ട് ബിനു സി ബാബു എന്നിവർ സംസാരിച്ചു. മാലിന്യ സംസ്ക്കരണ ബോധവൽക്കരണവും മാലിന്യമുക്ത കാമ്പസ് പ്രഖ്യാപനവും നടത്തി.
 ശാന്തൻപാറ
കാര്‍ഷിക വിജ്ഞാനകേന്ദ്രം കാമ്പസില്‍ പരിസ്ഥിതി ദിനാചരണവും വൃ-ക്ഷത്തൈ വിതരണവും ഫാ. ജേക്കബ് മാത്യു ചന്ദ്രത്തില്‍ ഉദ്ഘാടനംചെയ്‍തു. ബാപൂജി സേവക് സമാജം ചെയർപേഴ്സൺ റീന ചാക്കോ അധ്യക്ഷനായി. പരിസ്ഥിതിദിന പ്രതിജ്ഞ ഏറ്റുചൊല്ലിയ കര്‍ഷകര്‍ക്ക് വിവിധയിനം തൈകളും നല്‍കി. കെവികെ ബെസ്റ്റ് സയന്റിസ്റ്റ് അവാര്‍ഡ് നേടിയ സുധാകര്‍ സൗന്ദരാജനെ ആദരിച്ചു. ഇദ്ദേഹത്തിനൊപ്പം സോയില്‍ സയൻസ് സബ്‍ജക്ട്‌ മാറ്റര്‍ സ്‍പെഷ്യലിസ്റ്റ് മഞ്ജു ജിന്‍സി വര്‍​ഗീസും ഏലകൃഷിയിലെ സംയോജിത വളം, കീടം, രോ​ഗം, നിയന്ത്രണ മാര്‍​ഗങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഇഫ്കോ ഇടുക്കി, ഇസ്രായേൽ കെമിക്കൽസ് ലിമിറ്റഡ് ഇടുക്കി, അഗ്രിസെർച്ച് ഇടുക്കി എന്നീ സംഘടനകള്‍ ഉല്‍പ്പന്നങ്ങൾ പ്രദർശിപ്പിച്ചു. 300ലേറെ കര്‍ഷകര്‍ പങ്കെടുത്തു. കൃഷി വകുപ്പ് റിട്ട. ഡയറക്‍ടര്‍മാരായ സിബി, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
 തൊടുപുഴ
കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂൾ ബേർഡ്സ് ക്ലബ് ഇന്റർനാഷ്‍ണലുമായി സഹകരിച്ച്‌ പക്ഷികൾക്കും മൃഗങ്ങൾക്കുമായി ഫല വൃക്ഷത്തോട്ടം ഒരുക്കുന്നു. നൂറോളം ഫലവൃക്ഷ തൈകളാണ് സ്കൂൾ വളപ്പില്‍ നട്ടത്. ‘ഓർബൂട്ട് എർത്ത്’ ആപ്ലിക്കേഷൻ കുട്ടികൾക്കായി സ്കൂൾ ലൈബ്രറിയിൽ ഒരുക്കി. മാനേജിങ് ഡയറക്ടർ ആർ കെ ദാസ് ഉദ്‌ഘാടനംചെയ്‌തു. ഓർബൂട്ട് എർത്ത് ആപ്ലിക്കേഷൻ ജോസ് കൊച്ചുകുടിയും ഉദ്‌ഘാടനംചെയ്‌തു. പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ് പരിസ്ഥിതി ദിന സന്ദേശം നൽകി.
 "പ്ലാസ്റ്റിക്  മലിനീകരണം തടയുക’ എന്ന സന്ദേശമുയർത്തി നാഗാർജുന റിക്രിയേഷൻ ക്ലബ്‌ കമ്പനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഫാക്ടറി മാനേജർ എം അജിത് കുമാർ അസിസ്റ്റന്റ് എച്ച്ആർ മാനേജർ പി ബി സതീഷ്‍കുമാറിന് മണ്ണിൽ അലിഞ്ഞുചേരുന്ന പേപ്പർ കവറിൽ പൊതിഞ്ഞ വൃക്ഷതൈ നൽകിയും തൈ നട്ടും ഉദ്ഘാടനംചെയ്‌തു. ക്ലബ്‌ പ്രസിഡന്റ്‌ സി രാധാകൃഷ്ണൻ അധ്യക്ഷനായി.
 ജില്ലാ ആശുപത്രി വളപ്പിൽ സൂപ്രണ്ട് ഡോ. അജി വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനംചെയ്‍തു. പ്രതി‍ജ്ഞയും ചൊല്ലിക്കൊടുത്തു. ആർഎംഒ പ്രീതി, ലേ സെക്രട്ടറി ദിനേശൻ പാവൂർ വീട്ടിൽ, സ്റ്റാഫ്‌ സെക്രട്ടറി ഷീമോൾ, മറ്റ്  ജീവനക്കാരും പങ്കെടുത്തു.
 കല്ലാനിക്കൽ സെന്റ്‌ ജോർജ് യുപി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് എൻഎസ്എസ്‌ യൂണിറ്റ്‌  വൃക്ഷത്തൈകൾ നട്ടു. സ്കൂൾ മാനേജർ ഫാ.സോട്ടർ പെരിങ്ങാരപ്പിള്ളിൽ, കല്ലാനിക്കൽ പള്ളി അസിസ്‌റ്റന്റ്‌ വികാരി ഫാ.ജോസഫ് മoത്തിൽ, പ്രഥമാധ്യാപകൻ ലിന്റോ ജോർജ് എന്നിവർ ചേർന്നാണ് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടത്.
 കരിമണ്ണൂർ  
സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ സംഘടനകള്‍ പരിസ്ഥിദിനം ആചരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാൻസൺ ആക്കക്കാട്ട് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ബിസോയ് ജോർജ് അധ്യക്ഷനായി. പ്രഥമാധ്യാപകൻ സജി മാത്യു, മുതിര്‍ന്ന അധ്യാപിക മേരി പോൾ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top