02 October Monday

അരിക്കൊമ്പൻ: തമിഴ്‌നാട്‌ ദൗത്യം 
സൂക്ഷ്‌മതയോടെ

സ്വന്തം ലേഖകൻUpdated: Tuesday Jun 6, 2023

അരിക്കൊമ്പനുമായുള്ള തമിഴ്നാട് വനംവകുപ്പ് വാഹനം തേനിയിൽ എത്തിയപ്പോൾ

 
കുമളി
ദിവസങ്ങളായി തമിഴ്നാട് അധികൃതരെ വട്ടംചുറ്റിച്ച അരിക്കൊമ്പൻ അവസാനം വനം വകുപ്പിന്റെ പിടിയിലായി. തിങ്കൾ പുലർച്ചെ 12.30 ഓടെയാണ് തേനി ജില്ലയിലെ പൂശാലംപെട്ടി ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്ക് വെടിവെച്ച് പിടികൂടിയത്. ചിന്നക്കനാൽ, ശാന്തംപാറ മേഖലയെ ഭീതിയിലാഴ്ത്തിയ കൊമ്പനെ പിടികൂടി ഏപ്രിൽ മുപ്പതിന് പുലർച്ചെ അഞ്ചോടെയാണ് പെരിയാർ കടുവാ സങ്കേതത്തിലെ സീനിയർ ഓടക്ക് സമീപം തുറന്നുവിട്ടത്.  ഏതാനും ദിവസം ചുറ്റിതിരിഞ്ഞ ശേഷം തമിഴ്നാട് വനമേഖലയിലേക്ക് കടന്നു. ചിന്നക്കനാലിന് സമാനമായ തേയില തോട്ടവും വിശാലമായ വനമേഖലയും ആവശ്യത്തിന് തീറ്റയും വെള്ളവും സാധ്യമായതോടെ കാടുമായി വേഗത്തിൽ ഇണങ്ങിച്ചേരാനിടയായി. മേഘമലയിൽ ആന വ്യാപകമായ ആക്രമണം അഴിച്ചുവിട്ടതായി ചില മലയാളം മാധ്യമങ്ങൾ തെറ്റിദ്ധാരണാജനകമായ വാർത്തകളും നൽകി. തേനി ജില്ല ഭരണവും വനംവകുപ്പും  ഇത് നിഷേധിച്ചിരുന്നു. 
 കാട്ടാന എത്തിയാൽ തുരത്തുന്നതിന്‌  ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. മേഘമല വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം ദിവസങ്ങളോളം അടഞ്ഞുകിടന്നു. കമ്പത്ത് ജനവാസ മേഖലയിൽ ആന ഇറങ്ങിയതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചിരുന്നു. 
സ്ഥാനം കൃത്യമായി 
നിരീക്ഷിച്ചു 
അരിക്കൊമ്പന്റെ  കഴുത്തിലുള്ള റിസീവർ പെരിയാർ ടൈഗർ റിസർവ്(ഈസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടർ മുഖേന ഉപഗ്രഹ സിഗ്നലുകൾ സ്വീകരിക്കുകയും നിരീക്ഷിക്കുകയും ചെയ്‌തിരുന്നു.  നീക്കങ്ങൾ നിരീക്ഷിക്കാൻ ഒരു വിഎച്ച്എഫ് റിസീവർ തമിഴ്നാട് വനംവകുപ്പ് അധികൃതർക്ക് ലഭ്യമായിരുന്നു. സിഗ്നൽ പ്രകാരം ആനയുടെ സ്ഥാനം കൃത്യമായി നിരീക്ഷിക്കുവാൻ തമിഴ്നാടിനായി. ഗൂഡല്ലൂർ, കമ്പം(കിഴക്ക്), ചിന്നമന്നൂർ റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ  മൂന്ന് സബ് കമ്മിറ്റികൾ രൂപീകരിച്ച് ആനയുടെ നീക്കം രാവും പകലും നിരന്തര നിരീക്ഷിച്ചിരുന്നു. 
ഇതിനിടെ 26 നാണ്‌ കുമളി റോസാപ്പൂക്കണ്ടം ജനവാസ മേഖലയ്ക്ക് സമീപത്തും ആനയെത്തിയത്‌. പിന്നീട്‌ കൊട്ടാരക്കര ദേശീയപാത കടന്ന് ലോവർ ക്യാമ്പിലെത്തി. ഞായറാഴ്ച പുലർച്ചെ കമ്പം നഗരമധ്യത്തിൽ എത്തിയ ആന വലിയതോതിൽ ഭീതി സൃഷ്ടിക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ബാലരാജ് പിന്നീട് മരണപ്പെട്ടു. ജനങ്ങളുടെ ജീവന് ഭീഷണിയാകും എന്നതിനാൽ ആനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തെ നിയോഗിച്ചു. 
ഷണ്മുഖ നദീമേഖല ചുറ്റിത്തിരിഞ്ഞ്‌
കമ്പം നഗര മധ്യത്തിൽ എത്തിയ ആന കണ്ണൻ കോവിൽ, കുലത്തേവർ മുക്ക്, ടൗൺ തുടങ്ങിയ പ്രദേശങ്ങളിലൂടെ ഭീതി സൃഷ്ടിച്ചാണ്‌ പോയത്. ഓട്ടോറിക്ഷ തകർത്തത് ഉൾപ്പെടെ ഏതാനും വാഹനങ്ങൾക്കും കേടുവരുത്തി. പിന്നീട് കമ്പത്തിന് സമീപം ആനകജം വനമേഖലയിൽ ചുറ്റി തിരിഞ്ഞു. തേനി ജില്ലയിലെ ഷണ്മുഖ നദി അണക്കെട്ടിനു സമീപമുള്ള ശ്രീവില്ലിപുത്തൂർ മേഘമല കടുവസങ്കേതത്തിലെ ആനകജം പ്രദേശത്താണ്‌ ആന ചുറ്റിതിരിഞ്ഞന്നത്. 
ആന നിൽക്കുന്ന വനത്തിന് പുറത്ത് പൊലീസ്, വനം, റവന്യു ഉദ്യോഗസ്ഥരുടെ വലിയ സംഘം ക്യാമ്പ് ചെയ്‌തിരുന്നു. ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്തേക്കുള്ള കൂത്തനായി കോവിൽ റോഡ്, ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡും നാലുദിവസമായി പൂർണമായും അടച്ചിരുന്നു. ആന പുറത്തിറങ്ങിയാൽ ഏതുസമയത്തും മയക്കുവെടി വയ്ക്കുവാൻ പാകത്തിൽ ഡോ. പ്രകാശിന്റെ നേതൃത്വത്തിൽ സെൽവം, ചന്ദ്രശേഖരൻ, കലൈവണ്ണൻ എന്നീ ഡോക്ടർമാരുടെ സംഘവും സ്ഥലത്ത്  നിലയുറപ്പിച്ചു. ആന പുറത്തിറങ്ങുന്നതിന് ദിവസങ്ങൾ കാത്തിരുന്നു. ഇതിനൊടുവിലാണ് തിങ്കൾ പുലർച്ചെ പൂശാലംപെട്ടിയിൽ ജനവാസ മേഖലയിൽ എത്തിയ ആനയെ മയ്‌ക്ക്‌വെടിവച്ച് തളച്ചത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top